
നടൻ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള അവസാന ചിത്രം ‘ജനനായകൻ’ ഇന്റർനെറ്റിൽ ചോർന്നു. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള സിനിമയുടെ നിർണ്ണായക ഭാഗങ്ങളാണ് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിക്കുന്നത്. ചിത്രത്തിന്റെ ഇൻട്രോ സീനുകളും ക്ലൈമാക്‌സും ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ പുറത്തായത് തമിഴ് സിനിമാ വ്യവസായത്തെയും ആരാധകരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം തെലുങ്കിലെ ‘ഭഗവന്ത് കേസരി’യുടെ റീമേക്കാണെന്നാണ് സൂചന. ബോബി ഡിയോൾ, പൂജ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ എന്നിവർക്കൊപ്പം മലയാള താരങ്ങളായ മമിത ബൈജു, നരേൻ, പ്രിയാമണി എന്നിവരും അണിനിരക്കുന്ന വൻ ബജറ്റ് ചിത്രമാണിത്. കെ.വി.എൻ പ്രൊഡക്ഷൻസിനു വേണ്ടി വെങ്കട്ട് നാരായണ നിർമ്മിക്കുന്ന ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് മാസങ്ങളായി അനിശ്ചിതത്വം നിലനിൽക്കുകയാണ്.
ജനുവരി ഒൻപതിന് പൊങ്കൽ റിലീസായി പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന് സെൻസർ ബോർഡ് അനുമതി നിഷേധിച്ചതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. ചിത്രത്തിന് ‘യു/എ’ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയതോടെ റിലീസ് അനിശ്ചിതത്വത്തിലായി. ഇതിന് പിന്നാലെ റിലീസ് വൈകുന്നത് ചൂണ്ടിക്കാട്ടി പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം കരാറിൽ നിന്ന് പിന്മാറിയതും നിർമ്മാതാക്കൾക്ക് തിരിച്ചടിയായി. പുതിയ ഒടിടി കരാറുകൾക്കായി ചർച്ചകൾ പുരോഗമിക്കവെയാണ് സിനിമ ഓൺലൈൻ സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടത്. നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം.