
തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയപ്പെട്ട ദമ്പതികളാണ് സംവിധായകൻ വിഘ്നേഷ് ശിവനും നടി നയൻതാരയും. സോഷ്യൽ മീഡിയയിൽ സജീവമായ വിഘ്നേഷ് പങ്കുവെക്കുന്ന കുടുംബചിത്രങ്ങൾ പലപ്പോഴും വൈറലാകാറുണ്ട്. എന്നാൽ, നയൻതാരയുമായുള്ള വിവാഹത്തിന് പിന്നാലെ താൻ നേരിട്ട പരിഹാസങ്ങളെക്കുറിച്ചും സൈബർ ആക്രമണങ്ങളെക്കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ് സംവിധായകൻ ഇപ്പോൾ. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് സൈബർ ഇടങ്ങളിലെ നെഗറ്റീവ് കമന്റുകൾ തന്നെ എങ്ങനെ ബാധിക്കുന്നുവെന്ന് വിഘ്നേഷ് വ്യക്തമാക്കിയത്.
താൻ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുകൾ പങ്കുവെക്കുന്നത് വലിയ തോതിൽ കുറച്ചുവെന്ന് വിഘ്നേഷ് പറയുന്നു. മുൻപ് നിരന്തരം വിശേഷങ്ങൾ പങ്കുവെച്ചിരുന്ന താൻ, അവസാനമായി എന്നാണ് ഒരു പോസ്റ്റ് ഇട്ടതെന്ന് പോലും ഓർക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പ്രധാന കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് തന്റെ മക്കളായ ഉയിരിനും ഉലകിനും നേരെ വരുന്ന വിദ്വേഷ കമന്റുകളാണ്. തന്റെ മക്കളുടെ ഫോട്ടോകൾ പങ്കുവെക്കുമ്പോൾ പോലും ചിലർ വിദ്വേഷകരമായ കമന്റുകളുമായി വരുന്നത് കാണുമ്പോൾ ശരിക്കും വിഷമം തോന്നാറുണ്ടെന്നും, സമൂഹത്തിന്റെ കഠിനമായ വിമർശനങ്ങളും ട്രോളുകളും കാരണം നമുക്ക് ഇഷ്ടമുള്ള കാര്യങ്ങൾ സ്വതന്ത്രമായി ചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തിനെയും ഏതിനെയും ട്രോളുന്ന രീതി ഒരു സംസ്കാരമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ മോശം പ്രകടനം നടത്തിയപ്പോൾ എം.എസ്. ധോനിയെ പോലും ആളുകൾ വെറുതെ വിട്ടില്ലെന്നും, അത്തരമൊരു സാഹചര്യത്തിൽ താൻ നേരിടുന്ന ട്രോളുകളെ അതിജീവിച്ചേ മതിയാകൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നയൻതാരയും മക്കളും സന്തോഷത്തോടെ ഇരിക്കുന്ന ചിത്രങ്ങൾ മറ്റുള്ളവർക്ക് പ്രചോദനമാകുമെന്ന് കരുതിയാണ് പങ്കുവെച്ചിരുന്നത്, എന്നാൽ അതും ഇപ്പോൾ ട്രോളുകൾക്ക് ഇരയാവുകയാണ്. ഇത്തരം കാര്യങ്ങളെ താനും നയൻതാരയും തമാശയായാണ് ഇപ്പോൾ കാണുന്നതെന്ന് വിഘ്നേഷ് വെളിപ്പെടുത്തി. മറ്റുള്ളവർ മാറാൻ പോകുന്നില്ലെന്നും അതുകൊണ്ട് നമ്മൾ മാറുകയാണ് വേണ്ടതെന്നും ഇത്തരം കാര്യങ്ങളെ നിസ്സാരമായി കണ്ട് മുന്നോട്ട് പോകാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രദീപ് രംഗനാഥൻ നായകനാകുന്ന ‘ലവ് ഇൻഷുറൻസ് കമ്പനി’ എന്ന ചിത്രമാണ് വിഘ്നേഷ് ശിവന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്.