
ലൈംഗികാതിക്രമക്കേസിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിനെ പുറത്താക്കി സിനിമ സംഘടന ഫെഫ്ക്ക. കേസിൽ വിധി വരുന്നത് വരെ ഡയറക്ടേഴ്സ് യൂണിയനിൽ നിന്നും റൈറ്റേഴ്‌സ് യൂണിയനിൽ നിന്നും രഞ്ജിത്തിനെ മാറ്റിനിർത്തുമെന്ന് ഫെഫ്‌ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു. കൂടാതെ ഇപ്പോഴുണ്ടായിരിക്കുന്നത് പ്രാഥമിക നടപടിക്രമമാണെന്നും രണ്ട് യൂണിയനുകളുടെയും ജനറൽ സെക്രട്ടറിമാർക്ക് നിർദേശം നൽകിയ പ്രകാരം ഓൺലൈനായി ഒരു കമ്മിറ്റി ചേർന്ന് വിഷയത്തിൽ നടപടിയെടുക്കുമെന്നും ഉണ്ണികൃഷ്‌ണൻ പറഞ്ഞു. നിലവിൽ ഐ.സി.സിയിൽ പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സമാനമായ രീതിയിൽ ആരോപണവിധേയരായ സിനിമാ പ്രവർത്തകർക്കെതിരേ ഇത്തരത്തിലുള്ള നടപടി തന്നെയാണ് നേരത്തെയും സംഘടന എടുത്തിട്ടുള്ളത്.പ്രകാശ് വർമ നായകനായെത്തുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് യുവനടിക്കെതിരേ അതിക്രമമുണ്ടായത്. കാരവാനിൽവെച്ച് കയറിപിടിച്ചെന്നാണ് യുവനടിയുടെ പരാതി. ജനുവരി 30-നാണ് കേസിനാസ്‌പദമായ സംഭവം നടന്നതെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
ഇതിന് മുമ്പും രഞ്ജിത്തിനെതിരേ ലൈംഗികാരോപണങ്ങൾ വന്നിരുന്നു. ലൈംഗികാതിക്രമ പരാതിയുമായി ബംഗാളി നടി രംഗത്തുവന്നത് 2024-ലാണ്. 2009-ൽ കൊച്ചിയിലെ ഗസ്റ്റ് ഹൗസിൽ വച്ചാണ് പരാതിയ്ക്ക് ആസ്‌പദമായ സംഭവം നടന്നത്. ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചെന്നായിരുന്നു നടിയുടെ ആരോപണം. എന്നാൽ പരാതി നൽകാൻ വൈകിയെന്ന് ചൂണ്ടിക്കാണിച്ചാണ് അന്ന് കോടതി കേസ് റദ്ദാക്കിയത്. ഇതിന് പിന്നാലെ രഞ്ജിത്തിനെതിരേ പീഡനാരോപണവുമായി യുവാവും രംഗത്ത് വന്നിരുന്നു. 2012-ൽ ബെംഗളൂരുവിൽവെച്ച് പീഡിപ്പിച്ചെന്നായിരുന്നു യുവാവിൻ്റെ പരാതി. പരാതിയ്ക്ക് വിശ്വാസ്യതയില്ലെന്ന് കണ്ടെത്തി കോടതി ഈ കേസും റദ്ദാക്കി.
എന്നാൽ, ഇതൊരു കള്ളക്കേസാണെന്ന് തെളിയുമെന്നായിരുന്നു എറണാകുളം സബ് ജയിലിൽ എത്തിച്ചപ്പോൾ രഞ്ജിത്തിൻ്റെ പ്രതികരണം. ചിത്രത്തിൽനിന്ന് ഒഴിവാക്കിയതിലുള്ള വിരോധമാണ് പരാതിക്കു പിന്നിലെന്നാണ് രഞ്ജിത്തിനോട് അടുപ്പമുള്ളവർ പറയുന്നത്. അഭിനയം മോശമാണെന്ന് പറഞ്ഞാണ് സിനിമയിൽ നിന്ന് ഒഴിവാക്കിയത്. അതിന്റെ വിരോധമാണ് പരാതിയെന്നാണ് ന്യായീകരണം.
യുവനടിയുടെ പീഡന പരാതിയിൽ രഞ്ജിത്തിനെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്ത്‌തിരിക്കുന്നത്. രഞ്ജിത്തിനെ എറണാകുളം സബ്ജയിലിലേക്ക് മാറ്റി. കേസിൽ ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് രഞ്ജിത്തിന്റെ അഭിഭാഷകൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് രഞ്ജിത്തിന്റെ അറസ്റ്റ് ഉണ്ടായത്. തൊടുപുഴയിൽ നിന്ന് കസ്റ്റഡിയിലെടുത്ത രഞ്ജിത്തിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നിന്ന് ബുധനാഴ്‌ച രാവിലെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ ശേഷം വീണ്ടും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പിന്നീട് സബ്ജയിലിലേക്ക് മാറ്റുകയായിരുന്നു.