
എ ഐ വന്നതോടു കൂടി ഒറിജിനലും വ്യാജനും ഏതാണെന്ന് മനസിലാക്കാൻ ബുദ്ധിമുട്ടായെന്ന് നടൻ ടൊവിനോ തോമസ്. എഐ പോലെയുള്ള കാര്യങ്ങൾ ആളുകൾ ദുരുപയോഗം ചെയ്യുന്നത് കാണുമ്പോൾ വിഷമം തോന്നാറുണ്ടെന്നും, നല്ലതിനാണ് അത് ഉപയോഗിക്കുന്നതെങ്കിൽ നമുക്കും സന്തോഷമാണെന്നും ടൊവിനോ പറഞ്ഞു. തന്റെ പുതിയ ചിത്രമായ പള്ളിച്ചട്ടമ്പിയുടെ പ്രൊമോഷന്റെ ഭാഗമായി ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“എഐ വന്നതോടു കൂടി ഏതാണ് ഒറിജിനൽ, ഏതാണ് വ്യാജം എന്ന് മനസിലാക്കാൻ ബുദ്ധിമുട്ടാണ്. ഒരുപാട് ആളുകൾ എഐ ഉപയോഗിച്ച് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്. എഐ പോസ്റ്റർ, വിഡിയോ അങ്ങനെയെല്ലാം. കൂടുതൽ ആളുകളും അതിശയിപ്പിക്കുന്ന തരത്തിലാണ് അതൊക്കെ ചെയ്യുന്നത്.” ടൊവിനോ പറഞ്ഞു.
“എന്നാൽ ചിലയാളുകൾ അത് ദുരുപയോഗം ചെയ്യുന്നുണ്ട്. അത് കാണുമ്പോൾ നമുക്ക് വിഷമം തോന്നും. ഏത് കാര്യമാണെങ്കിലും അത് നമുക്ക് നല്ലതിനും ചീത്തയ്ക്കും ഉപയോഗിക്കാം. നല്ലതിനാണ് അത് ഉപയോഗിക്കുന്നതെങ്കിൽ നമുക്കും സന്തോഷം. മോശം കാര്യത്തിനാണെങ്കിൽ അത് വളരെ സങ്കടകരമാണ്”. ടൊവിനോ കൂട്ടിച്ചേർത്തു.
കയാദു ലോഹർ ആണ് പള്ളിച്ചട്ടമ്പിയിൽ നായികയായെത്തുന്നത്. ഡിജോ ജോസ് ആന്റണി ആണ് പീരിയഡ് ഡ്രാമയായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഏപ്രിൽ 10 ന് വിഷു റിലീസായെത്തുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്.