“സിനിമയിൽ മുന്നേറാൻ സഹായിക്കാം, പകരം അയാൾക്ക് വഴങ്ങി കൊടുക്കണമെന്ന് പറഞ്ഞു”; കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് രൺവീർ സിംഗ്

','

' ); } ?>

ആദിത്യ ധർ സംവിധാനം ചെയ്ത രൺവീർ സിംഗ് ചിത്രം ‘ധുരന്ധർ 2’ ബോക്സ് ഓഫീസിൽ സമാനതകളില്ലാത്ത മുന്നേറ്റം തുടരുകയാണ്. റിലീസ് ചെയ്ത് കേവലം ഏഴ് ദിവസത്തിനുള്ളിൽ തന്നെ ചിത്രം 1000 കോടി ക്ലബിൽ ഇടംപിടിച്ചു കഴിഞ്ഞു. ഈ ചരിത്ര വിജയത്തിന്റെ പശ്ചാത്തലത്തിൽ, ബോളിവുഡിലെ മുൻനിര നടനായി മാറുന്നതിന് മുൻപ് താൻ നേരിട്ട ഭയാനകമായ കാസ്റ്റിങ് കൗച്ച് അനുഭവത്തെക്കുറിച്ച് രൺവീർ മുൻപ് നടത്തിയ വെളിപ്പെടുത്തലുകൾ സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയാവുകയാണ്.

വർഷങ്ങൾക്കു മുൻപ് എൻഡിടിവിക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് തന്റെ കരിയറിന്റെ തുടക്കകാലത്തുണ്ടായ ദുരനുഭവം താരം പങ്കുവച്ചത്. സിനിമാ മേഖലയിൽ കാസ്റ്റിങ് കൗച്ച് നിലനിൽക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ച താരം, ഒരു കാസ്റ്റിങ് ഏജന്റിൽ നിന്ന് തനിക്കുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി. അവസരങ്ങൾക്കായി താൻ വളരെ കഷ്ടപ്പെട്ട് തയ്യാറാക്കിയ പോർട്ട്‌ഫോളിയോ കാണാൻ പോലും ആ വ്യക്തി തയ്യാറായില്ലെന്നും പകരം ലൈംഗികമായ ആവശ്യങ്ങളാണ് മുന്നോട്ടു വെച്ചതെന്നും രൺവീർ പറഞ്ഞു. ‘സ്മാർട്ടും സെക്സിയും ആയവർക്കേ സിനിമയിൽ മുന്നേറാൻ കഴിയൂ’ എന്ന് പറഞ്ഞ അയാൾ, പല പ്രമുഖ ഓഫീസുകളിലേക്കും അയയ്ക്കാമെന്നും അതിന് പകരമായി തനിക്ക് വഴങ്ങണമെന്നും ആവശ്യപ്പെട്ടതായി രൺവീർ വെളിപ്പെടുത്തി. എന്നാൽ ഈ ആവശ്യത്തോട് ‘നോ’ പറഞ്ഞ് താൻ അവിടെനിന്നും ഇറങ്ങിപ്പോരുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ ആ വ്യക്തി പല പുതുമുഖങ്ങളോടും ഇത്തരത്തിൽ പെരുമാറിയിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതായും താരം അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം, തിയേറ്ററുകളിൽ വമ്പൻ കുതിപ്പാണ് ‘ധുരന്ധർ 2’ നടത്തുന്നത്. ഏഴ് ദിവസം കൊണ്ട് 1000 കോടി ക്ലബിലെത്തിയതോടെ, ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ചിത്രമെന്ന റെക്കോർഡും രൺവീർ ചിത്രം സ്വന്തമാക്കി. അല്ലു അർജുന്റെ ‘പുഷ്പ 2’ ആണ് ഇതിനുമുമ്പ് ഇത്രയും വേഗത്തിൽ ഈ നാഴികക്കല്ല് പിന്നിട്ട ചിത്രം. രൺവീറിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ് ഈ ആക്ഷൻ ചിത്രം.