
നടിയും മോഡലുമായ ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരണപ്പെട്ടു. 30 വയസ്സായിരുന്നു. ഇന്നലെ രാത്രി 11.30 ഓടെയാണ് അപകടമുണ്ടായത്. രാജസ്ഥാനിലെ ജയ്പൂരിൽ വെച്ച് നടി സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ ഹർഷിലിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
അപകടം നടന്ന ഉടൻതന്നെ പ്രദേശ വാസികൾ ഓടിയെത്തി വാഹനം ഉയർത്തുകയും ഹർഷിലിനെ പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. വാഹനം അമിത വേഗതയിലായിരുന്നോ അതോ മറ്റൊരു വാഹനം മറികടക്കാൻ ശ്രമിച്ചതാണോ അപകടത്തിന് കാരണമായതെന്ന് എന്നതിൽ അന്വേഷണം തുടരുന്നു.
ഹർഷിലിന്റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. അഭിനയരംഗത്തും മോഡലിങിലും സജീവമായിരുന്നു ഹർഷിൽ കാലിയ. ക്രൈം നെക്സ്റ്റ് ഡോർ വെബ് സീരീസിലും നിരവധി രാജസ്ഥാനി ഗാനങ്ങളിലും പ്രധാന വേഷത്തിലെത്തിയിരുന്നു. ഒരു വാർത്താ ചാനലിൽ ആങ്കറായും പ്രവർത്തിച്ചിട്ടുണ്ട്.