
തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടിയുടെ വിവാഹനിശ്ചയം കഴിഞ്ഞെന്ന രീതിയിൽ വ്യാജ ചിത്രം പ്രചരിപ്പിച്ച് സോഷ്യൽ മീഡിയ. 2016-ൽ ഹൈദരാബാദിൽ നടന്ന ഫാഷൻ ഷോയിൽ ഒരു പുരുഷനൊപ്പം അനുഷ്ക നിൽക്കുന്ന ചിത്രം ‘സീക്രട്ട് സെറിമണി’യുടെ തെളിവ് എന്ന നിലയിലാണ് വ്യാപകമായി പ്രചരിച്ച് കൊണ്ടിരിക്കുന്നത്. അനുഷ്ക ഷെട്ടിയുടെ വിവാഹനിശ്ചയം രഹസ്യമായി കഴിഞ്ഞു എന്ന തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമാകുന്ന പശ്ചാത്തലത്തിൽ സിനിമാ പ്രവർത്തകർ ഈ വർത്തയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഈ പ്രചരണങ്ങളിൽ യാതൊരു വാസ്തതവവുമില്ലെന്ന് പ്രവർത്തകർ വ്യക്തമാക്കി.
ഇതിനു മുൻപും അനുഷ്കയുടെ വിവാഹത്തെക്കുറിച്ച് സമാനമായ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും താരത്തിന്റെ ഔദ്യോഗിക വക്താക്കൾ അതെല്ലാം നിഷേധിച്ചിട്ടുള്ളതാണ്. നിലവിൽ വിവാഹത്തെക്കുറിച്ചോ നിശ്ചയത്തെക്കുറിച്ചോ ഉള്ള യാതൊരു ഔദ്യോഗിക അറിയിപ്പും വന്നിട്ടില്ലെന്നും വൈറൽ പോസ്റ്റുകൾ തികച്ചും തെറ്റായ വിവരമാണെന്നും ഫിലിമി ഫിഗർ ഉൾപ്പെടെയുള്ള വസ്തുതാന്വേഷണ വിഭാഗങ്ങൾ സ്ഥിരീകരിച്ചു.
നടിയുടെ വിവാഹനിശ്ചവുമായി ബന്ധപ്പെട്ട വ്യാജവാർത്തയിൽ ടീം ഔദ്യോഗിക പത്രക്കുറിപ്പും പുറത്തിറക്കിയിരുന്നു. അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കുന്നത് മാധ്യമപ്രവർത്തനത്തിന്റെ പരിധി ലംഘിക്കുന്നതാണെന്ന് നടിയുടെ ടീം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കാതെ ഒരാളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള കാര്യങ്ങൾ വാർത്തയാക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്. മാധ്യമങ്ങൾ ഉത്തരവാദിത്തബോധത്തോടെ പെരുമാറണമെന്നും വ്യക്തിയുടെ സ്വകാര്യത സംബന്ധിച്ച കാര്യങ്ങൾ ദൈനംദിന തലക്കെട്ടുകളാക്കി മാറ്റരുതെന്നും അവർ ആവശ്യപ്പെട്ടു.
അതേസമയം മലയാളം സിനിമാ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ‘കത്തനാർ: ദി വൈൽഡ് സോഴ്സസറർ’, സുരേഷ് ഗോപിയുടെ ‘ഒറ്റക്കൊമ്പൻ’ എന്നീ ബിഗ് ബജറ്റ് ചിത്രങ്ങളിലൂടെ അനുഷ്ക ഷെട്ടി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുകയാണ്. റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ‘കത്തനാരി’ൽ നിഗൂഢത നിറഞ്ഞ കഥാപാത്രമായാണ് താരം എത്തുന്നത്. ജയസൂര്യ നായകനാകുന്ന ഈ ചിത്രം അത്യാധുനിക വെർച്വൽ പ്രൊഡക്ഷൻ സാങ്കേതികവിദ്യയിലാണ് ഒരുങ്ങുന്നത്.