
കലാകാരന്മാരെയും കലയെയും പുച്ഛിക്കുന്ന നിലപാടിലേക്ക് ഇടതുപക്ഷ നേതാക്കൾ മാറുന്നത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് തുറന്നടിച്ച് നടൻ രമേശ് പിഷാരടി. അഖിൽ മാരാരെ പോലുള്ളവരുടെ വിമർശനങ്ങളെ ശ്രദ്ധിക്കാൻ തനിക്ക് സമയമില്ലെന്നും ഒരാഴ്‌ച കഴിയുമ്പോൾ അദ്ദേഹം തന്നെ നിലപാട് തിരുത്തിപ്പറയുമെന്നും പിഷാരടി പരിഹസിച്ചു. പാലക്കാട്ടെ യുഡിഎഫ് സ്‌ഥാനാർഥിയായി രമേശ് പിഷാരടി വന്നതിനു പിന്നാലെ തന്നെ വ്യക്‌തിപരമായി അധിക്ഷേപിച്ച തോമസ് ഐസക്കിന് പരോക്ഷമായി മറുപടി നൽകുകയായിരുന്നു അദ്ദേഹം.
“അഭിപ്രായ സ്വാതന്ത്ര്യം ഉള്ള നാടാണ് നമ്മുടേത് അതുകൊണ്ട് തന്നെ ആ അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിച്ച് അദ്ദേഹം പറഞ്ഞോട്ടെ എന്നാണ് എനിക്ക് തോന്നുന്നത്, കുഴപ്പമൊന്നുമില്ല. എനിക്ക് അഭിപ്രായ സ്വാതന്ത്യം മാത്രമല്ല സംസ്കാരം കൂടി ഉണ്ട്. ഈ സംസ്ക്‌കാരം സമരം ചെയ്താൽ കിട്ടുന്ന ഒരു കാര്യമല്ല. അത് എളുപ്പത്തിൽ കിട്ടില്ല. ഇത്രയും നാടക കലാകാരന്മാരെ, കെപിഎസ്സി പോലെ ഗ്രൂപ്പുകളിലെ കലാകാരന്മാരെ, മൈക്ക് പോലും ഇല്ലാത്ത ഒരു കാലത്ത് ഒരുപാട് ഉത്സവപ്പറമ്പുകളിൽ പരിപാടികൾ അവതരിപ്പിച്ച് നാടകം നടത്തിയും എല്ലാം ആ പ്രസ്‌ഥാനത്തെ അത്രയും മുന്നിലേക്ക് കൊണ്ടുവന്ന ശേഷം ഇവർക്ക് എന്നുമുതലാണ് കലയും കലാകാരനും ഒക്കെ ഇത്രയും കാണാൻ വയ്യാത്ത ആളാകുന്നത്? അവനവനോടൊപ്പം നിൽക്കാത്ത എല്ലാവരും വെറുക്കപ്പെടേണ്ടതാണ് എന്നുള്ള ഒരു പ്രത്യേകശാസ്ത്രം ഇങ്ങനെ പ്രചരിപ്പിക്കുന്നത് എന്തുകൊണ്ടാണ് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ” രമേശ് പിഷാരടി പറഞ്ഞു.
“ഞാൻ ഒരു 26 വർഷം കൊണ്ട് 3000 സ്‌റ്റേജുകൾ 3000ത്തിൽ കൂടുതൽ ടെലിവിഷൻ പരിപാടികൾ അൻപതിലധികം സിനിമകളിൽ അഭിനയിച്ചു, രണ്ട് സിനിമ എഴുതി സംവിധാനം ചെയ്‌തു, ഇതെല്ലാം ഏറ്റവും സഭ്യമായും മാന്യമായും ആവശ്യമില്ലാത്ത വൃത്തികേടുകൾ പറയാതെയും ഇത്രയും കാലം ഇവിടുത്തെ കുടുംബസദസ്സുകളുടെ മുന്നിൽ വളരെ മാന്യമായിട്ട് നിന്നിട്ടുള്ള ഒരാളാണ്. അതേ മാന്യത എനിക്ക് രാഷ്ട്രീയത്തിൽ ഉണ്ടാകണമെന്നും അതേ മാന്യത എന്നിൽ നിന്ന് രാഷ്ട്രീയത്തിൽ തുടരണമെന്നും വരുന്ന തലമുറ നമ്മളെ കാണുമ്പോൾ ഇതൊരു മോശം ഇടമാണ് എന്ന് തോന്നാത്ത രീതിയിൽ ഏറ്റവും സരസമായി നിൽക്കണമെന്നും ആത്മാർഥമായിട്ട് ആഗ്രഹിച്ചിട്ടാണ് രാഷ്ട്രീയത്തിലേക്കും കൂടെ ഞാൻ വന്നിട്ടുള്ളത്.
ഈ അഖിൽ മാരാരിൻ്റെ കാര്യം ചോദിച്ചാൽ, അഖിൽ അദ്ദേഹത്തെപ്പോലെ മുതിർന്ന ഒരാളൊന്നുമല്ല, ചിലപ്പോൾ എന്നെക്കാൾ ഇളയ ഒരാളായിരിക്കും. അഖിൽ പറയുന്ന കാര്യങ്ങൾ എന്നൊക്കെ പറഞ്ഞാൽ അദ്ദേഹം എന്നെ ശ്രദ്ധിക്കുന്നത് പോലൊന്നും ഞാൻ അദ്ദേഹത്തെ ശ്രദ്ധിക്കുന്നില്ല. എനിക്ക് സമയമില്ല. നിങ്ങൾ പറയുമ്പോഴാണ് പുള്ളി എന്തോ പറഞ്ഞു എന്നൊക്കെ തന്നെ ഞാൻ അറിയുന്നത്. എന്തായാലും എന്തെങ്കിലും കുറ്റമോ മോശമോ ഒക്കെ അല്ലേ അദ്ദേഹം പറയാൻ സാധ്യതയുള്ളൂ. അങ്ങനെ പറഞ്ഞാലും ചിലപ്പോൾ ഒരാഴ്ച കഴിയുമ്പോൾ ഞാൻ വളരെ മഹാനാണെന്നും നല്ല മനുഷ്യനാണെന്നും പുള്ളി തന്നെ തിരുത്തി പറയും. ഇപ്പോൾ ഞാൻ ഈ പറഞ്ഞതിന് പുള്ളി എന്തെങ്കിലും അഭിപ്രായം പറയും. അതിന് നിങ്ങൾ ആരും മറുപടിയൊന്നും പറയാൻ നിൽക്കേണ്ട. ഒരാഴ്‌ച കഴിയുമ്പോൾ അത് അദ്ദേഹം തന്നെ പിന്നെയും തിരുത്തി പറയും. നമുക്ക് ഒരു രണ്ടു മൂന്നു കൊല്ലം പരീക്ഷണമൊക്കെ കഴിഞ്ഞതിനു ശേഷം സ്‌റ്റേറ്റ്‌മെന്റ് എന്താണെന്ന് ഉറപ്പിച്ച ശേഷം അദ്ദേഹത്തിനൊക്കെ ഉത്തരം കൊടുക്കാം.” രമേശ് പിഷാരടി കൂട്ടിച്ചേർത്തു.