
തമിഴ് സിനിമ മൊത്തത്തില്‍ നന്നാവുമ്പോഴാണ് തന്റെ തൊഴിൽ സുരക്ഷിതമാവുന്നതെന്ന് നടൻ യോഗി ബാബു. അപ്പോഴാണ് തനിക്ക് നല്ല വേഷണങ്ങൾ ലഭിക്കുന്നതെന്നും, അതിനിടയിൽ വരുന്ന സോഷ്യല്‍ മീഡിയ കമന്റുകളെ ഒന്നും താന്‍ വകവയ്ക്കുന്നില്ല എന്നും യോഗി ബാബു പറഞ്ഞു. കൂടാതെ ഒരു വര്‍ഷം മുപ്പതിലേറെ സിനിമകള്‍ വരെ ചെയ്തിട്ടുണ്ടെന്നും, അത് വളരെ അധികം ഇഷ്ടപ്പെടുന്ന ഒന്നാണെന്നും യോഗി ബാബു കൂട്ടിച്ചേർത്തു.
“ഒരു വര്‍ഷം മുപ്പതിലേറെ സിനിമകള്‍ വരെ ചെയ്തു. അത് വളരെ അധികം ഇഷ്ടപ്പെടുന്ന ഒന്നാണ്. എന്നെ സംബന്ധിച്ച് നായകന്റെ വലുപ്പമോ, സംവിധായകന്റെ പരിചയ സമ്പത്തോ ഒന്നുമല്ല വിഷയം, തന്നിലൂടെ സിനിമ നന്നാവുമെങ്കില്‍ ഏത് റോളും ചെയ്യാന്‍ തയ്യാറാണ്. ടൂറിസ്റ്റ് ഫാമിലി എന്ന ചിത്രത്തില്‍ സിമ്രന്‍ മാമിന്റെ വരെ സഹോദരനായി അഭിനയിച്ചത് അങ്ങനെയാണെന്ന് യോഗി ബാബു പറയുന്നു. തമിഴ് സിനിമ മൊത്തത്തില്‍ നന്നാവുമ്പോഴാണ് എന്റെ തൊഴില്‍ സുരക്ഷിതമാവുന്നത്, എനിക്ക് നല്ല വേഷങ്ങള്‍ ലഭിക്കുന്നതും.” യോഗി ബാബു പറഞ്ഞു.
“ഇതിനിടയില്‍ വരുന്ന സോഷ്യല്‍ മീഡിയ കമന്റുകളെ ഒന്നും ഞാൻ വകവെയ്ക്കാറില്ല. അത് അനാവശ്യമായ പ്രശ്‌നങ്ങളുണ്ടാക്കേണ്ട എന്ന് കരുതിയല്ല വേണ്ട എന്ന് വച്ചിട്ടാണ്. ഞാന്‍ മറുപടി കൊടുക്കാന്‍ നിന്നാല്‍ അത് വേറെ മാതിരി ആയിപ്പോവും. പറയുന്നത് വളച്ചൊടിക്കുന്നതോ മറ്റോ അല്ല വിഷയം. എല്ലാവര്‍ക്കും എല്ലാവരും പറയുന്നത് മനസ്സിലാവുന്നുണ്ട്. മറ്റൊരാള്‍ പറഞ്ഞ് നന്നാവേണ്ട അവസ്ഥ എനിക്കില്ല. മുഖം പോലും ഇല്ലാത്ത ഫേക്ക് ഐഡിയില്‍ നിന്ന് വന്ന് കമന്റുകള്‍ പറയുന്ന ഇവനെയൊക്കെ ഞാന്‍ അനുസരിക്കണോ, ഇവനല്ലല്ലോ ഞാനല്ലേ സിനിമ നടന്‍ എന്നതാണ് അപ്പോള്‍ എന്റെ ചിന്ത. അതൊന്നും എന്നെ ബാധിക്കുന്നതല്ല, ഞാന്‍ എന്റെ സിനിമകളുമായി മുന്നോട്ടു പോകുകയാണ്.” യോഗി ബാബു കൂട്ടിച്ചേർത്തു.
യോഗി ബാബു ഇന്ന് തമിഴില്‍ ഒഴിച്ചു കൂടാന്‍ സാധിക്കാത്ത നടനാണ്. കോമഡിയോ, സീരിയസ് റോളോ ഏതും ചെയ്യും എന്ന നിലയില്‍, സൂപ്പര്‍ താരങ്ങള്‍ പോലും യോഗി ബാബുവിന്റെ ഡേറ്റിന് വേണ്ടി കാത്തിരുന്നു എന്നു പോലും വാര്‍ത്തകളുണ്ടായിരുന്നു. ഒന്നുവിട്ട് ഒന്ന്, യോഗി ബാബുവിന് സിനിമകളോട് സിനിമകളാണ്. മാസത്തില്‍ അഞ്ചും ആറും സിനിമകള്‍ വരെ ഏറ്റെടുത്തു ചെയ്തിട്ടുണ്ട്.