
ഗായിക റിമി ടോമിയുടെ അമ്പരപ്പിക്കുന്ന ശാരീരിക മാറ്റം സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു. വിവാഹമോചനത്തിന് പിന്നാലെ ജീവിതശൈലിയിൽ വരുത്തിയ വിപ്ലവകരമായ മാറ്റമാണ് റിമിയെ ഇന്ന് കാണുന്ന ലുക്കിലേക്ക് എത്തിച്ചത്. തുടക്കത്തിൽ ജിമ്മിലെ വ്യായാമമുറകൾ കഠിനമായി തോന്നിയിരുന്നെങ്കിലും പിന്നീട് അത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ‘സ്ട്രസ് റിലീസിങ്’ ഇടമായി മാറിയെന്ന് താരം വെളിപ്പെടുത്തുന്നു. പാട്ട് കഴിഞ്ഞാൽ താൻ ഇന്ന് ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത് വർക്കൗട്ടാണെന്നും തന്റെ മാറ്റം തനിക്ക് തന്നെ വലിയ പ്രോത്സാഹനമാണ് നൽകുന്നതെന്നും റിമി പറയുന്നു.
ജിമ്മിൽ നിന്നുള്ള പുതിയ മിറർ സെൽഫി പങ്കുവെച്ചുകൊണ്ടാണ് തന്റെ പ്രിയപ്പെട്ട ഇടത്തെക്കുറിച്ച് താരം വാചാലയായത്. ജിമ്മിൽ നിന്ന് ഫോട്ടോ എടുക്കുന്നത് വെറും കൗതുകത്തിനല്ലെന്നും, അത് തനിക്ക് നൽകുന്ന സെൽഫ് മോട്ടിവേഷനും ഒപ്പം മറ്റുള്ളവർക്കുള്ള പ്രചോദനവുമാണെന്ന് റിമി കുറിച്ചു. തനിക്ക് സമാധാനവും സന്തോഷവും ധൈര്യവും എനർജിയും ഒരേപോലെ ലഭിക്കുന്ന ഇടമാണ് ജിമ്മെന്ന് ഗായിക സാക്ഷ്യപ്പെടുത്തുന്നു. തന്റെ ഈ മാറ്റം ആരാധകരിലും വലിയ അത്ഭുതമാണ് ഉണ്ടാക്കിയിരിക്കുന്നത്.
വർക്കൗട്ട് ആരംഭിച്ചതോടെ റിമിയുടെ പ്രായം പിന്നോട്ട് സഞ്ചരിക്കുകയാണെന്നാണ് ആരാധകരുടെ പക്ഷം. എന്നാൽ സൗന്ദര്യം കൂട്ടാനല്ല, മറിച്ച് മാനസികമായ സന്തോഷം കണ്ടെത്താനാണ് താൻ ജിമ്മിൽ പോകുന്നതെന്ന് റിമി വ്യക്തമാക്കുന്നു. ചോറ് കഴിക്കാതെ ഒരു ദിവസം പോലും ചിന്തിക്കാൻ കഴിയാതിരുന്ന തനിക്ക് ഇത്തരമൊരു മാറ്റം സാധ്യമാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ വണ്ണം കുറഞ്ഞതോടെ ആത്മവിശ്വാസം വർദ്ധിച്ചുവെന്നും താരം കൂട്ടിച്ചേർത്തു. റിമി ടോമിയുടെ ഈ മാറ്റം ഇന്ന് സോഷ്യൽ മീഡിയയിൽ അനേകർക്ക് വലിയൊരു ഇൻസ്പിരേഷനായി മാറിക്കഴിഞ്ഞു.