‘സുരാജ് വെഞ്ഞാറമൂടലു ഇതെങ്ങനെ സാധിച്ചലു’ ; തെലുങ്ക് പറഞ്ഞ് കയ്യടി നേടി സുരാജ്

','

' ); } ?>

മലയാളത്തിന് പുറമെ നടൻ സുരാജ് വെഞ്ഞാറമൂട് ഇപ്പോൾ അന്യഭാഷാ പ്രേക്ഷകരുടെയും മനം കവരുകയാണ്. തമിഴകത്ത് ശ്രദ്ധേയനായതിന് പിന്നാലെ സുരാജിന്റെ ഒരു തെലുങ്ക് പ്രസംഗമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. നടൻ കരുണാസിന്റെ മകൻ കെൻ കരുണാസ് സംവിധാനം ചെയ്ത് നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമായ ‘യൂത്തി’ന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിലാണ് സുരാജ് തെലുങ്കിൽ സംസാരിച്ച് കയ്യടി നേടിയത്. ചിത്രം തെലുങ്കിലും റിലീസ് ചെയ്യുന്നുണ്ട്. സുരാജിന്റെ തെലുങ്ക് പ്രസംഗം കേട്ട് മലയാളികളും അമ്പരന്നിരിക്കുകയാണ്.

കാണാപാഠം പഠിച്ച് പറഞ്ഞതാണെന്നും അതല്ല ചെവിയിൽ ഹെഡ്‌സെറ്റ് വെച്ച് കേട്ട് പറയുന്നതാണെന്നും ഉൾപ്പെടെ നിരവധി രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. ‘സുരാജ് വെഞ്ഞാറമൂടലു ഇതെങ്ങനെ സാധിച്ചലു’ എന്ന് ചോദിക്കുന്നവരും നിരവധിയാണ്. എങ്ങനെയായാലും പ്രസംഗം ഗംഭീരമായിട്ടുണ്ടെന്നാണ് ആരാധകരുടെ പക്ഷം. ചിത്രത്തിലെ ‘മിനുക്കി’ എന്ന ഗാനവും ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ തരംഗമായിട്ടുണ്ട്.

മലയാളത്തിന് പുറമെ തമിഴ് സിനിമാ ലോകത്തും സുരാജ് ഇതിനോടകം തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ചിയാൻ വിക്രം നായകനായ ‘വീര ധീര സൂരൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ തമിഴ് അരങ്ങേറ്റം. അന്ന് സഹതാരങ്ങളെപ്പോലും തന്റെ പ്രകടനം കൊണ്ട് സുരാജ് അത്ഭുതപ്പെടുത്തിയിരുന്നു. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ വിക്രമിനെ അടക്കം ചിരിപ്പിക്കുന്ന സുരാജിന്റെ വീഡിയോകൾ വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ തെലുങ്ക് പ്രേക്ഷകർക്കിടയിലും താരം ചർച്ചയാകുന്നത്.

ദശമൂലം രാമുവും ഇടിവെട്ട് സുകുവും വടിവേലുവുമൊക്കെയായി ഹാസ്യ റോളുകളിൽ ഒരു ലെജന്റായി മാറിയ സുരാജ്, വളരെ പെട്ടെന്നാണ് മലയാളികളെ അമ്പരപ്പിച്ചുകൊണ്ട് ക്യാരക്ടർ റോളുകളിലേക്കും നായക വേഷങ്ങളിലേക്കും ചുവടുമാറ്റിയത്. ‘ആക്ഷൻ ഹീറോ ബിജു’വിലെ പവിത്രൻ എന്ന കഥാപാത്രത്തിലൂടെ തുടങ്ങിയ ആ മാറ്റം ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, ഡ്രൈവിങ് ലൈസൻസ്, വികൃതി, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ തുടങ്ങിയ സിനിമകളിലൂടെ കൂടുതൽ വ്യക്തമായി. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി ജനമനസ്സുകളിൽ ഇടം നേടുന്നതിന് മുൻപേ തന്നെ ‘പേരറിയാത്തവർ’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും സുരാജ് സ്വന്തമാക്കിയിരുന്നു.