
ബേസിൽ ജോസഫിന്റെ അടുത്ത സിനിമയെക്കുറിച്ചുള്ള അപ്ഡേറ്റ് നൽകി നടൻ ധ്യാൻ ശ്രീനിവാസൻ. അടുത്ത വർഷം ബേസിൽ ഒരു ബ്രഹ്മാണ്ഡ സിനിമ സംവിധാനം ചെയ്യുന്നുണ്ടെന്നും, അത് മലയാളത്തിൽ അല്ലെന്നും ധ്യാൻ പറഞ്ഞു.
‘അടുത്ത വർഷം ബേസിൽ ഒരു ബ്രഹ്മാണ്ഡ സിനിമ സംവിധാനം ചെയ്യുന്നുണ്ട്. മലയാളത്തിൽ അല്ല എന്ന് മാത്രം പറയാം.’ ധ്യാൻ പറഞ്ഞു.
നേരത്തെ അല്ലു അർജുന്റെ സഹോദരൻ അല്ലു സിരിഷിന്റെ വിവാഹച്ചടങ്ങിന് ബേസിൽ എത്തിയതിന് പിന്നാലെ അല്ലുവിനെ നായകനാക്കി ബേസിൽ ഒരു സിനിമ ഒരുക്കുന്നു എന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ബോളിവുഡിൽ രൺവീർ സിങ്ങിനെ നായകനാക്കി ചെയ്യാനിരുന്ന ശക്തിമാൻ എന്ന സിനിമയാണ് അല്ലുവിനെ കേന്ദ്രകഥാപാത്രമാക്കി ബേസിൽ ഒരുക്കുന്നത് എന്നാണ് ചർച്ചകൾ.
നടനായും സംവിധായകനായും തിളങ്ങിയ താരമാണ് ബേസിൽ ജോസഫ്. മികച്ച അഭിനയം കാഴ്ചവെക്കുന്നതിന് ഒപ്പം ഗംഭീര സംവിധായകൻ കൂടിയാണ് അദ്ദേഹം. കുഞ്ഞിരാമായണം, ഗോദ, മിന്നൽ മുരളി തുടങ്ങി ബേസിൽ സംവിധാനം ചെയ്ത സിനിമകൾ എല്ലാം വലിയ ജനപ്രീതി നേടിയവയാണ്.
അതേസമയം, അതിരടി ആണ് ഇനി പുറത്തുവരാനുള്ള ബേസിൽ ചിത്രം. ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മൾട്ടി സ്റ്റാർ ചിത്രം അതിരടി മെയ് 14 ന് ആഗോള റിലീസായെത്തും. ഒരു മാസ്സ് കോമഡി ക്യാമ്പസ് ആക്ഷൻ എന്റർറ്റൈനെർ ആയൊരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ഡോ. അനന്തു എന്റർടൈൻമെൻറ്‌സിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ്.