“എത്ര സ്ത്രീകൾക്ക് മാനസികാഘാതം സംഭവിച്ചാലും ആർക്കാണ് വിഷമം?”; കമൽഹാസനെതിരെ ചിന്മയി

','

' ); } ?>

ജ്ഞാനപീഠ പുരസ്കാരം നേടിയ കവി വൈരമുത്തുവിനെ പ്രശംസിച്ച കമൽഹാസനെ വിമർശിച്ച് ഗായിക ചിന്മയി. എത്ര സ്ത്രീകൾക്ക് മാനസികാഘാതം സംഭവിച്ചാലും ആർക്കാണ് വിഷമമെന്നും, സിനിമയിൽ അധികാരം കയ്യാളുന്ന പുരുഷന്മാർ രാഷ്ട്രീയത്തിലേക്ക് ചുവടുമാറുമ്പോൾ, തന്റെ ഉപദേഷ്ടാവ് തങ്ങളെ പീഡിപ്പിച്ചുവെന്ന് പറയുന്ന സ്ത്രീകളെ കേൾക്കാതെ പോകുന്നുവെന്നും ചിന്മയി കുറിച്ചു. തന്റെ സോഷ്യൽ മീഡിയ പേജായ എക്‌സിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ചിന്മയിയുടെ പ്രതികരണം.

‘സിനിമയിൽ അധികാരം കയ്യാളുന്ന പുരുഷന്മാർ രാഷ്ട്രീയത്തിലേക്ക് ചുവടുമാറുമ്പോൾ, തന്റെ ഉപദേഷ്ടാവ് തങ്ങളെ പീഡിപ്പിച്ചുവെന്ന് പറയുന്ന സ്ത്രീകളെ കേൾക്കാതെ പോകുന്നു. വോട്ട് ചെയ്യുന്ന സ്ത്രീകൾ ഓർമിക്കണം, പുരുഷന്മാർ ഒരിക്കലും നമ്മുടെ പക്ഷത്തുണ്ടാകില്ല.’ചിന്മയി കുറിച്ചു.

‘ഏറ്റവും വിചിത്രമായ കാര്യം സ്വന്തം പാർട്ടിയിലെതന്നെ ഒരു സ്ത്രീ പരസ്യമായി ആ കവിയുടെ പേര് പറഞ്ഞതാണ് എന്നതാണ്. എന്തൊക്കെയായാലും, പുരുഷന്മാർ അവരുടെ സഹോദരന്മാർ, അമ്മാവന്മാർ, അച്ഛന്മാർ, സുഹൃത്തുക്കൾ, ഉപദേഷ്ടാക്കൾ എന്നിവർക്കൊപ്പം നിൽക്കും. എത്ര സ്ത്രീകൾക്ക് മാനസികാഘാതം സംഭവിച്ചാലും ആർക്കാണ് വിഷമം?.’ ചിന്മയി കൂട്ടിച്ചേർത്തു.

കാൽനൂറ്റാണ്ടിന് ശേഷമാണ് തമിഴ് സാഹിത്യത്തെ തേടി ഈ പുരസ്കാരമെത്തുന്നതെന്നും, കവികളിലെ ചക്രവർത്തി എന്നുമാണ് വൈരമുത്തുവിനെ കമൽ ഹാസൻ കുറിപ്പിൽ വിശേഷിപ്പിച്ചത്.

വൈരമുത്തുവിനെതിരെ 2018ൽ ട്വിറ്ററിലൂടെ ചിന്മയി മീ ടൂ ആരോപണം ഉന്നയിച്ചിരുന്നു. 2005-ല്‍ വീഴമറ്റം എന്ന സംഗീതപരിപാടിക്കായി സ്വിറ്റ്സര്‍ലന്‍ഡിലെത്തിയപ്പോള്‍ വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ചിന്മയി പറഞ്ഞിരുന്നത്. എന്നാൽ ഈ ആരോപണങ്ങളെല്ലാം വൈരമുത്തു നിഷേധിച്ചു. സിനിമാ ലോകത്ത് മീ ടൂ ആരോപണങ്ങളുന്നയിച്ച് രംഗത്തുവന്ന തുടക്കകാല വ്യക്തികളിലൊരാളായിരുന്നു ചിന്മയി.

തമിഴ് സാഹിത്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. പുരസ്കാരത്തിന് അർഹനാകുന്ന തമിഴ്നാട്ടിൽ നിന്നുള്ള മൂന്നാമത്തെ സാഹിത്യകാരനാണ് വൈരമുത്തു. മികച്ച ​ഗാനരചയിതാവിനുള്ള ദേശീയ അവാർഡ് ഏഴ് പ്രാവശ്യവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.