
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ മണിയുടെ പ്രകടനത്തിന് അദ്ദേഹത്തിന് നാഷണൽ അവാർഡ് കിട്ടേണ്ടതായിരുന്നുവെന്ന് വീണ്ടും ഓർമ്മിച്ച് സംവിധായകൻ വിനയൻ. “അന്ന് ഓപ്പോസിറ്റ് മത്സരിക്കാനുണ്ടായിരുന്നത് മോഹൻലാലിന്റെ വാനപ്രസ്ഥം ആയിരുന്നുവെന്നും ഇല്ലായിരുന്നെങ്കിൽ ഉറപ്പായും മണിക്ക് തന്നെ നാഷണൽ അവാർഡ് ലഭിക്കുമായിരുന്നുവെന്നുവെന്നും” വിനയൻ പറഞ്ഞു. കലാഭവൻ മണിയുടെ പത്താം ചരമ വാർഷികത്തോട് അനുബന്ധിച്ച് നടന്ന അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഞാൻ ഏറ്റവും അധികം ആരാധിക്കുന്ന, ഏറ്റവും ഇഷ്ടപ്പെടുന്ന ഷാജി എൻ കരുൺ സംവിധാനം ചെയ്ത ചിത്രം. മോഹൻലാൽ എന്ന മഹാനടൻ ചെയ്ത ചിത്രം വാനപ്രസ്ഥം ആയിരുന്നു കഷ്ടകാലത്തിന് ഓപ്പോസിറ്റ് വന്നത്. അല്ലായിരുന്നെങ്കിൽ തീർച്ചയായും മണിക്ക് കിട്ടിയേനെ. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലെ പ്രകടനത്തിന് മണിക്ക് നാഷണൽ അവാർഡ് കിട്ടിയേനെ. പക്ഷേ അന്ന് ഓപ്പോസിറ്റ് വന്ന പടം, ഏറ്റവും വലിയ ക്ലാസിക് ചിത്രമായി പോയി.” വിനയൻ പറഞ്ഞു.
1999ൽ വിനയന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രമാണ് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും. മണി, സായി കുമാർ, പ്രവീണ, കാവേരി, വാണി വിശ്വനാഥ് തുടങ്ങിയവരായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കാഴ്ചയില്ലാത്ത രാമു എന്ന കഥാപാത്രത്തെയാണ് കലാഭവൻ മണി ചിത്രത്തിൽ അവതരിപ്പിച്ചത്. അദ്ദേഹത്തെ പ്രകടനം വൻ ജനശ്രദ്ധപിടിച്ചു പറ്റിയിരുന്നു.