“ഫാക്ടറിയിലെന്ന പോലെ കുട്ടികളെ പെറ്റുകൂട്ടുന്നു”;നിലപാട് പറഞ്ഞ് വരലക്ഷ്മി

','

' ); } ?>

മറ്റൊരാളേയും കൂടെ താങ്ങാൻ കഴിയുന്ന സാമ്പത്തിക സ്ഥിരതയുള്ളപ്പോൾ മാത്രം കല്യാണം കഴിക്കാനും കുഞ്ഞുങ്ങളെക്കുറിച്ച് ചിന്തിക്കാനും പാടുള്ളുവെന്ന് നടി വരലക്ഷ്മി ശരത്കുമാർ. എല്ലാവരും ഫാക്ടറിയിലെന്ന പോലെ കുട്ടികളെ പെറ്റുകൂട്ടുന്നുവെന്നും, എന്നിട്ട്, ‘അയ്യോ ഞങ്ങൾ ബുദ്ധിമുട്ടിലാണേ’ എന്ന് പരാതിപ്പെടുകായും ചെയ്യുമെന്ന് വരലക്ഷ്മി പറഞ്ഞു. തെലുങ്കിൽ ആദ്യമായി സംവിധാനംചെയ്ത‌ ‘എസ്. സരസ്വതി’ എന്ന ചിത്രത്തിൻ്റെ പ്രൊമോഷൻ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

“ജനസംഖ്യയിൽ ഒന്നാം സ്ഥാനത്താണെങ്കിലും സെക്‌സിനെക്കുറിച്ച് സംസാരിക്കാൻ ആർക്കും താത്പര്യമില്ലാത്ത രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്. ചെയ്യുന്നുണ്ടെങ്കിലും ഇതിനെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല. എനിക്കത് തമാശയായി ആണ് തോന്നിയത്. എല്ലാവരും ഫാക്ടറിയിലെന്ന പോലെ കുട്ടികളെ പെറ്റുകൂട്ടുന്നു. എന്നിട്ട്, ‘അയ്യോ ഞങ്ങൾ ബുദ്ധിമുട്ടിലാണേ’ എന്ന് പരാതിപ്പെടും. ആരാണ് ഇവരോട് കുട്ടികളെ ഉണ്ടാക്കാൻ പറഞ്ഞത്. കുട്ടികൾ ഉണ്ടായ ശേഷം കാര്യങ്ങൾ പ്ലാൻ ചെയ്യാൻ നിൽക്കരുത്.” വരലക്ഷ്‌മി പറഞ്ഞു.

“സമ്പദ് വ്യവസ്ഥ ആകെ മാറിയിരിക്കുന്നു, കുട്ടികളെ വളർത്തുന്നത് ചെലവേറിയ കാര്യമാണ്. കുട്ടികളുണ്ടാവുന്നതിനെ ഞാൻ എതിർക്കുന്നില്ല. ആളുകൾ കുട്ടികളുമായി എൻ്റെയടുത്ത് സഹായം ചോദിച്ചു വരുന്നു. ഞാനാണോ അവരെ പ്രസവിച്ചത്? നിങ്ങളുടെ തെറ്റിന് ഞാനെന്തിന് സഹായിക്കണം? നിങ്ങളുടെ കുഞ്ഞിനെ നിങ്ങൾ തന്നെ നോക്കിക്കോളൂ. മറ്റൊരാളേയും കൂടെ താങ്ങാൻ കഴിയുന്ന സാമ്പത്തിക സ്ഥിരതയുള്ളപ്പോൾ മാത്രം കല്യാണം കഴിക്കാനും കുഞ്ഞുങ്ങളെക്കുറിച്ച് ചിന്തിക്കാനും ഞാൻ എനിക്ക് ചുറ്റുമുള്ളവരോട് പറയാറുണ്ട്.” വരലക്ഷ്മി കൂട്ടിച്ചേർത്തു.

അഭിമുഖത്തിൽ കൂടെയുണ്ടായിരുന്ന പ്രിയാമണി വരലക്ഷ്‌മിയെ പിന്തുണച്ചു. വരലക്ഷ്‌മി പറയുന്നത് യാഥാർഥ്യമാണെന്ന് പ്രിയാമണി ശരിവെച്ചു. അഭിമുഖത്തിലെ ഒരുഭാഗം പ്രചരിച്ചതിന് പിന്നാലെ, കമന്റ് ബോക്സിൽ പിന്തുണയുമായി ലക്ഷ്‌മി മഞ്ചുവും എത്തി. പണക്കാർമാത്രം കുഞ്ഞുങ്ങളെക്കുറിച്ച് ചിന്തിച്ചാൽ മതിയെന്ന വരേണ്യമനോഭാവമാണ് വരലക്ഷ്മിക്കെന്നായിരുന്നു വിമർശന കമൻ്റുകളിൽ ഒന്ന്.

തെന്നിന്ത്യൻ സിനിമകളിൽ ശ്രദ്ധേയ സാന്നിധ്യമായ നടിയാണ് വരലക്ഷ്മി ശരത്കുമാർ. തമിഴ് നടൻ ആർ. ശരത്കുമാറിൻ്റെയും ആദ്യഭാര്യ ഛായയുടേയും മകളാണ്. മലയാളത്തിൽ ‘കസബ’, ‘മാസ്റ്റർപീസ്’, ‘ധീരം’ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.