
മലയാളത്തിലെ ഒട്ടുമിക്ക മുതിർന്ന താരങ്ങളുടെയും ഭാര്യയായും, യുവ താരങ്ങളുടെ അമ്മയായും തിളങ്ങിയ നടിയാണ് അംബിക മോഹൻ. അമ്മ വേഷങ്ങളിലൂടെ താരം ഇന്നും മലയാള സിനിമയിൽ സജീവമാണ്. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങൾ പങ്കുവെക്കുകയാണ് താരം. “മീശ മാധവനിൽ ജഗതി ചേട്ടൻ തന്നെ എടുത്തെറിയുന്നത് റിയലാണെന്നും, അത് താനൊട്ടും പ്രതീക്ഷിച്ചില്ലെന്നും” അംബിക മോഹൻ പറഞ്ഞു. സീരിയൽ ടുഡേ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
“മലയാളത്തിലെ ഒട്ടുമിക്ക മുതിർന്ന താരങ്ങളുടെയും ഭാര്യയായും, യുവ താരങ്ങളുടെ അമ്മയായും അഭിനയിക്കാൻ എനിക്ക് ഭാഗ്യം കിട്ടിയിട്ടുണ്ട്. എന്റെ ആദ്യ ചിത്രം കഴിഞ്ഞ് ഒരു പതിനഞ്ച് ദിവസം കഴിയുന്നതിനു മുന്നേ ഞാൻ മീശ മാധവനിൽ ഞാൻ അദ്വാൻസ് വാങ്ങിയിട്ടുണ്ട്. മീശ മാധവനിൽ മറക്കാൻ പറ്റാത്ത ഒരനുഭവം എന്ന് പറയുന്നത്, അതിൽ അമ്പിളി ചേട്ടൻ ഒരു സ്റ്റെപ്പ് കയറുന്ന സീൻ ഉണ്ട്, കാവ്യയുടെ അടുത്തേക്ക്. അപ്പം ഞാൻ പിടിച്ച് വലിക്കണം.” അംബിക മോഹൻ പറഞ്ഞു.
ഞാനാണെങ്കിൽ പേടിച്ചിട്ട് പതുക്കെയാണ് വലിക്കുന്നത്. അപ്പം അമ്പിളി ചേട്ടൻ പറഞ്ഞു നല്ല ശക്തിയിൽ വലിക്ക് എന്നാലേ എനിക്ക് അഭിനയിക്കാൻ പറ്റൂന്ന്. ഞാൻ പിന്നെയും പതുക്കെ വലിക്കാൻ തുടങ്ങി. അമ്പിളി ചേട്ടൻ എന്നെയെടുത്ത് ഒരൊറ്റ ഏറ്. ഞാൻ തെറിച്ച് പോയി സോഫയിൽ വീണു. അത് ഞാനൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. എന്നിട്ട് എന്റെ അടുത്ത് വന്ന് എന്തെങ്കിലും പറ്റിയൊന്നൊക്കെ ചോദിച്ചു. ഞാനില്ല എന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു. ഞാൻ നിന്നോട് മര്യാദക്ക് ചെയ്യാൻ പറഞ്ഞതല്ലേ, നീ ചെയ്തില്ലെങ്കിൽ ഞാൻ ചെയ്യുമെന്ന്.”അംബിക മോഹൻ കൂട്ടിച്ചേർത്തു.