
ചലച്ചിത്ര താരം ലെനയുടെ ഏറ്റവും പുതിയ പുസ്തകമായ ‘വിമന്‍ ഒ പോസി’ന്‍റെ കവർ പ്രകാശനം നടന്നു. ലെനയുടെ ഭർത്താവും ഇന്ത്യൻ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റനും ഫ്ലൈറ്റ് ഇൻസ്ട്രക്ടറും ഇന്ത്യയുടെ ഗഗൻയാൻ ബഹിരാകാശ പദ്ധതിയിൽ അംഗവുമായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ കീർത്തിചക്രയാണ് പ്രകാശനം നിർവഹിച്ചത്. ലെനയുടെ വ്യക്തിജീവിതത്തിലേയും ഔദ്യോഗിക ജീവിതത്തിലേയും അനുഭവങ്ങളിൽ നിന്നാണ് ഈ പുസ്തകം ഒരുക്കിയിരിക്കുന്നതെന്നും, ഓരോ പുസ്തകത്തിന്‍റേയും വിജയം വായനക്കാരാണെന്നും ഈ ഡിജിറ്റല്‍ മീഡിയ യുഗത്തില്‍ ഒരു പുസ്തകം ഒരാൾ കയ്യിലെടുക്കുന്നത് തന്നെ വലിയ കാര്യമാണെന്നും പ്രകാശനത്തിനിടെ അദ്ദേഹം പറഞ്ഞു.
“ലെനയുടെ വ്യക്തിജീവിതത്തിലേയും ഔദ്യോഗിക ജീവിതത്തിലേയും അനുഭവങ്ങളിൽ നിന്നാണ് ഈ പുസ്തകം ഒരുക്കിയിരിക്കുന്നത്. ഓരോ പുസ്തകത്തിന്‍റേയും വിജയം വായനക്കാരാണ്. ഈ ഡിജിറ്റല്‍ മീഡിയ യുഗത്തില്‍ ഒരു പുസ്തകം ഒരാൾ കയ്യിലെടുക്കുന്നത് തന്നെ വലിയ കാര്യമാണ്. മാത്രമല്ല ആർത്തവ ചക്രത്തെ കുറിച്ച് സംസാരിക്കുന്ന പുസ്തകമാണെങ്കിലും സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കുമുള്ള പുസ്തകമാണിത്. അമ്മമാരുണ്ട്, ഭാര്യമാരുണ്ട്, സഹോദരിമാരുണ്ട്, മകളുണ്ട്, അമ്മായമ്മമാരുണ്ട് അങ്ങനെ ഓരോ പുരുഷന്മാരും സ്ത്രീകളുമായി പല വിധത്തിൽ ബന്ധപ്പെട്ട് നിൽക്കുന്നു. ഒരു മറയുമില്ലാതെ എല്ലാവരും തുറന്നുസംസാരിക്കേണ്ട വിഷയമാണ് ഈ പുസ്തകം അവതരിപ്പിക്കുന്നത്.” അദ്ദേഹം വ്യക്തമാക്കി.
“തന്‍റെ അച്ഛനും അമ്മയും ഭർത്താവുമാണ് ഈ പുസ്തത്തിന് പിന്നിലെ ഏറ്റവും വലിയ പ്രചോദനം. ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറെ പ്രധാനമായൊരു ഘട്ടമായ ആർത്തവവിരാമത്തിലേക്കുള്ള യാത്രയുടെ ആത്മപരിശോധനയാണ് ഈ പുസ്തകം. ആർത്തവ വിരാമത്തെ കുറിച്ച് പറയുന്നതിനേക്കാള്‍ ആര്‍ത്തവ വിരാമത്തിന് മുമ്പുള്ള അവസ്ഥയായ പെരിമെനോപോസിനെ കുറിച്ചാണ് പുസ്തകം ഗൗരവത്തോടെ സംസാരിക്കുന്നത്. ” പുസ്തകത്തെ കുറിച്ച് ലെന പറഞ്ഞു.
‘ദൈവത്തിന്‍റെ ആത്മകഥ’യ്ക്ക് ശേഷം പുറത്തിറങ്ങുന്ന ലെനയുടെ രണ്ടാമത്തെ പുസ്തകമാണിത്. ഇംഗ്ലീഷില്‍ പെൻഗ്വിൻ ബുക്സും മലയാളത്തില്‍ ഡിസി ബുക്സുമാണ് പ്രസാദകര്‍. പി.പ്രകാശാണ് പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത്. പുസ്തകത്തിന്‍റെ പ്രീ ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്.