“വിധി നിനക്കായ് എഴുതിയ തിരക്കഥ”; സഞ്ജുവിന്റെ തിരിച്ചുവരവിനെ കുറിച്ച് പൃഥ്വിരാജ്

','

' ); } ?>

വിധി നിനക്കായ് എഴുതിയ തിരക്കഥയെന്ന് സഞ്ജുവിന്റെ തിരിച്ചുവരവിനെ വിശേഷിപ്പിച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ. 98 ലെ ഷാര്‍ജ കപ്പിലെ സച്ചിന്റെ പ്രകടനത്തേക്കാളും ഒരു പടി മുന്നിലാണ് സഞ്ജുവിന്റെ ഈ ലോകകപ്പിലെ പ്രകടനമെന്നും, സഞ്ജു, നിന്നെക്കൊണ്ട് എന്ത് സാധ്യമാകുമെന്ന് ഈ ലോകത്തിന് നീ കാണിച്ചു കൊടുത്തിരിക്കുന്നുവെന്നും പൃഥ്വിരാജ് കുറിച്ചു.

“ടീം ഇന്ത്യ ലോക ചാമ്പ്യന്മാരായിരിക്കുന്നു. ടി20 കപ്പ് നിലനിര്‍ത്തിയ ആദ്യത്തെ ടീം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തിരിച്ചടിയൊഴിച്ചാല്‍ ഐതിഹാസികമായ മുന്നേറ്റം. എന്നാല്‍ ടൂര്‍ണ്ണമെന്റിലെ ഏറ്റവും വലിയ അത്ഭുതം വിധി സഞ്ജുവിനായി എഴുതിയ തിരക്കഥയാണ്. പതിനഞ്ചംഗ ടീമിലേക്ക് എത്തുമോ എന്ന് പോലും സംശയിച്ചിരുന്ന ഇടത്തു നിന്നും വെറും അഞ്ച് മത്സരങ്ങളില്‍ നിന്നും സഞ്ജു ടൂര്‍ണമെന്റിലെ താരമായെന്നത് അവിശ്വസനീയമാണ്.

ഒരു തലമുറയെ സംബന്ധിച്ച് ഒരു ടൂര്‍ണമെന്റിന്റെ നോക്കൗട്ട് സ്‌റ്റേജിലെ ഏറ്റവും മഹത്തായ മള്‍ട്ടി ഇന്നിങ് ക്ലച്ച് പ്രകടനം എന്നാല്‍ 98 ലെ ഷാര്‍ജ കപ്പില്‍, ഒരു കാലഘട്ടത്തെ തന്നെ നിര്‍വ്വചിച്ച ഡെസേര്‍ട്ട് സ്‌റ്റോമും പിന്നാലെ ഫൈനലില്‍ പിറന്ന സച്ചിന്റെ സെഞ്ചുറിയുമായിരുന്നു.” പൃഥ്വിരാജ് പറഞ്ഞു.

“ഏതാണ്ട് മൂന്ന് പതിറ്റാണ്ടിന് ശേഷം, സഞ്ജു സാംസണ്‍, പ്രസന്റേഷനില്‍ മോശം സമയത്ത് താന്‍ ഇതിഹാസത്തില്‍ നിന്നും മാര്‍ഗ്ഗനിര്‍ദ്ദേശം തേടിയെന്ന് പറഞ്ഞിട്ടുള്ളവന്‍, അതിനേക്കാള്‍ ഒരു പടി മുന്നിലേക്ക് പോയി. മൂന്ന് നോക്കൗട്ട് മത്സരങ്ങള്‍, മൂന്ന് മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍. പിന്നെ ഐതിഹാസികമായൊരു ലോകകപ്പ് നേട്ടവും.

സഞ്ജു, നിന്നെക്കൊണ്ട് എന്ത് സാധ്യമാകുമെന്ന് ഈ ലോകത്തിന് നീ കാണിച്ചു കൊടുത്തിരിക്കുന്നു. ഒരു ആരാധകന്‍ എന്ന നിലയില്‍, ഈ മൂന്ന് ഇന്നിങ്‌സുകള്‍ നിന്റെ ഉജ്ജ്വലമായ കരിയറിനെ രൂപപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഗെയിം കണ്ടിട്ടുള്ള ഏറ്റവും നാച്ച്വറലി ഗിഫ്റ്റഡ് ബാറ്റ്‌സ്മാന്മാരില്‍ ഒരാളാണ് നീ. ഗംഭീരമായ 6-8 വര്‍ഷം തന്നെ നിന്റെ മുന്നിലുണ്ട്. ലോക വേദികളില്‍ ഇനിയും വിസ്മയം തീര്‍ക്കുക. ക്രിക്കറ്റിന്റെ നാടോടിക്കഥകളില്‍ ഒരിടം നീ നേടിക്കഴിഞ്ഞു. നിനക്കും ഈ ലോകകപ്പില്‍ നിന്നെ കണ്ടവര്‍ക്കും ശേഷവും നിലനില്‍ക്കുന്നൊരു ലെഗസി പടുത്തുയര്‍ത്തുക. പൊളിക്ക് അനിയാ (ചേട്ടാ).” പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

2026 ടി20 ലോകകപ്പ് കിരീടം ഉയർത്തിയിരിക്കുകയാണ് ടീം ഇന്ത്യ. ന്യൂസിലന്‍ഡിനെ 96 റണ്‍സിന് വീഴ്ത്തിയാണ് ഇന്ത്യ കിരീടം നിലനിര്‍ത്തിയത്. ഫൈനൽ മത്സരത്തിൽ ഇന്ത്യയുടെ വിജയശില്പികളിൽ ഒരാളായി മാറിയിരിക്കുകയാണ് കേരളത്തിന്റെ സ്വന്തം സഞ്ജു സാംസൺ.

ടി20 ലോകകപ്പില്‍ ഇന്ത്യ ഉയര്‍ത്തുന്ന മൂന്നാം കിരീടമാണിത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ടി20 ലോകകപ്പ് ചാമ്പ്യന്മാരാവുന്നത്. ഇതോടെ ടി20 ലോകകിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന ചരിത്ര നേട്ടവും ഇന്ത്യ സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ന്യൂസിലന്‍ഡ് 19 ഓവറില്‍ 159 റണ്‍സിന് ഓള്‍ഔട്ടായി. ടി 20 ലോകകപ്പ് താരമായി സഞ്ജുവിനെ തിരഞ്ഞെടുത്തിരുന്നു. ഫൈനലിലും വെടിക്കെട്ട് പ്രകടനം നടത്തിയതോടെയാണ് സഞ്ജു ടൂർണമെന്റ് താരമാകുന്നത്. ടി20 ലോകകപ്പ് റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണ് സഞ്ജു. അഞ്ച് ഇന്നിംഗ്‌സുകള്‍ മാത്രം കളിച്ച സഞ്ജു 80.25 ശരാശരിയില്‍ 321 റണ്‍സാണ് നേടിയത്. 199.37 സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്.