“വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഞാന്‍ നോക്കിക്കോളാം”; വിവാഹമോചന വാര്‍ത്തയ്ക്കിടയില്‍ വിജയ്

','

' ); } ?>

വിവാഹ മോചന വാർത്ത പുറത്തു വന്നതിനു പിന്നാലെ ആദ്യമായി പ്രതികരിച്ച് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. ആരോപണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കരുതെന്നും ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വിജയ് പറഞ്ഞു. കൂടാതെ തന്നെ കുറിച്ചുള്ള ആരോപണങ്ങളില്‍ പ്രവര്‍ത്തകര്‍ പൊരുതി വിഷമിക്കുന്നത് കാണുന്നുണ്ടെന്നും, വ്യക്തിപരമായ പ്രശ്‌നങ്ങള്‍ താൻ നോക്കിക്കോളാമെന്നും വിജയ് കൂട്ടിച്ചേർത്തു. വനിതാ ദിനത്തില്‍ ടിവികെ സംഘടിപ്പിച്ച പരിപാടിയില്‍ വെച്ചായിരുന്നു വിജയിയുടെ പ്രതികരണം.

“എന്നെ കുറിച്ചുള്ള ആരോപണങ്ങളില്‍ പ്രവര്‍ത്തകര്‍ പൊരുതി വിഷമിക്കുന്നത് കാണുന്നുണ്ട്. സത്യത്തില്‍ നിങ്ങള്‍ വിഷമിക്കുന്നത് കാണുമ്പോള്‍ എനിക്കും വിഷമമാകും. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഞാന്‍ നോക്കിക്കോളാം. നമുക്ക് ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാം. എന്റെ പ്രശ്‌നങ്ങള്‍ ഓര്‍ത്ത് വിഷമിക്കേണ്ട, അതൊന്നും അത്ര കാര്യമാക്കേണ്ടതില്ല. ആത്മവിശ്വാസത്തോടെ ഇരിക്കൂ, നല്ലത് മാത്രമേ സംഭവിക്കൂ”. വിജയ് പറഞ്ഞു.

അതേസമയം, വിവാഹമോചന കേസില്‍ വിജയിയുടെ കുടുംബ വീട്ടില്‍ താമസിക്കാന്‍ അനുവാദം തേടി ഭാര്യ സംഗീത കോടതിയെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്. ചെങ്കല്‍പേട്ട് ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ കൂടുതല്‍ വിവരങ്ങളാണ് പുറത്തുവന്നത്.

ബ്രിട്ടീഷ് പൗരയാണെന്നും ചെന്നൈയില്‍ താമസിക്കാന്‍ മറ്റ് സ്ഥലങ്ങള്‍ ഇല്ലെന്നും ഹര്‍ജിയില്‍ സംഗീത പറയുന്നു. കേസ് അവസാനിക്കുന്നത് വരെ നിലവിലെ വസതിയില്‍ തന്നെ താമസിക്കാന്‍ അനുവദിക്കണമെന്നാണ് കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

നിരവധി ഗുരുതര ആരോപണങ്ങളാണ് വിജയ്ക്കു നേരെ ഹര്‍ജിയില്‍ ഭാര്യ സംഗീത ഉന്നയിക്കുന്നത്. വിജയിക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നും, ആ ബന്ധത്തെ കുറിച്ച് 2021ല്‍ അറിഞ്ഞപ്പോള്‍ വിലക്കിയിട്ടും വീണ്ടും അത് തുടര്‍ന്നത് തനിക്ക് വളരെ അധികം മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്ന് തുടങ്ങി നിരവധി ആരോപണങ്ങളാണ് ഹര്‍ജിയില്‍ പറയുന്നത്. ഇരുവരും നീലാങ്കരയിലെ വീട്ടില്‍ അകന്നു കഴിയുകയായിരുന്നു.