
ഗീതുമോഹൻദാസിന്റെ സംവിധാനത്തിൽ യാഷ് നായകനായെത്തുന്ന പാൻ ഇന്ത്യൻ ചിത്രം ടോക്സികിന്റെ റിലീസ് തിയ്യതി മാറ്റി. പശ്ചിമേഷ്യയില്‍ യുദ്ധമുണ്ടാക്കിയ അനിശ്ചിതാവസ്ഥയാണ് കാരണം. ജൂണ്‍ നാലാണ് പുതിയ റിലീസ് തിയ്യതി. യാഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥ രചിച്ച്, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ചിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ഡബ്ബ് പതിപ്പുകൾ ഒരുക്കുന്ന ചിത്രം, ആഗോള പ്രേക്ഷകരെയാണ് ലക്ഷ്യമിടുന്നത്. ചിത്രത്തില്‍ ഇരട്ട വേഷത്തിലാകും യാഷെത്തുക എന്നൊരു സൂചന ടീസർ തന്നിരുന്നു.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വമ്പൻ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. രക്തരൂക്ഷിതമായ ബാത്ത് ടബ്ബിൽ പരുക്കൻ ലുക്കില്‍ യാഷ് പോസ്റ്ററിൽ ഉണ്ടായിരുന്നു. പിന്നീട് യാഷിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടുള്ള ടീസറും പുറത്തുവിട്ടിരുന്നു. ഹോട്ട് രംഗങ്ങളാല്‍ ആ ടീസര്‍ വൻ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. അടുത്തിടെ യാഷിന്റെ ടോക്സിക്കിന്റെ പുതിയ ടീസര്‍ പുറത്തുവിട്ടിരിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന ആക്ഷനും വയലൻസ് രംഗങ്ങള്‍ക്കുമാണ് പുതിയ ടീസറില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്.
ചിത്രത്തിലെ വനിതാ കഥാപാത്രങ്ങളായ കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിവരെ മുൻനിരയിലേക്കു കൊണ്ടുവന്നത് ശ്രദ്ധേയമായിരുന്നു. കഥയും കഥാപാത്രങ്ങളും മുൻതൂക്കം നൽകുന്ന, ആഖ്യാനമാണ് ടോക്സിക് എന്നതിന്റെ ആദ്യ സൂചന അതായിരുന്നു. ഇപ്പോൾ, ആ ലോകത്തിന്റെ കേന്ദ്ര ശക്തി അരങ്ങേറ്റം കുറിക്കുന്ന കഥാപാത്രമായി റായയും കടന്നുവരുമ്പോൾ ടോക്സിനെക്കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷകൾ പതിന്മടങ്ങു വർദ്ധിക്കുന്നു.
സാങ്കേതികമായി മികച്ചൊരു ടീമും ചിത്രത്തിനുണ്ട്. ദേശീയ അവാർഡ് ജേതാവായ രാജീവ് രവി (ഛായാഗ്രഹണം), രവി ബസ്രൂർ (സംഗീതം), ഉജ്വൽ കുൽക്കർണി (എഡിറ്റിംഗ്), ടി.പി. അബിദ് (പ്രൊഡക്ഷൻ ഡിസൈൻ). ആക്ഷൻ രംഗങ്ങൾ ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറി (ജോൺ വിക്ക്), ദേശീയ അവാർഡ് ജേതാക്കളായ അൻപറിവ് ഒപ്പം കേച ഖംഫാക്ഡി എന്നിവർ ചേർന്നാണ് ഒരുക്കുന്നത്. വെങ്കട് കെ. നാരായണയും യാഷും ചേർന്ന് KVN പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ടോക്സികിന്റെ പിആര്‍ഒ പ്രതീഷ് ശേഖർ ആണ്.