
നവീകരിച്ച ചിത്രാഞ്ജലി സ്റ്റുഡിയോയുടെ ഉദ്ഘാടനം ബഹിഷ്കരിക്കാനൊരുങ്ങി സിനിമാ സംഘടനകൾ. സിനിമാ സംഘടനകളുടെ ആവശ്യം സർക്കാർ പരിഗണിക്കുന്നില്ലെന്ന് ആരോപിച്ചാണ് ബഹിഷ്കരണം. നാളെ നടക്കുന്ന ഉദ്ഘാടനത്തിൽ പങ്കെടുക്കേണ്ടെന്ന് ഫിലിം ചേംബർ സംഘടനകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഉദ്ഘാടനത്തോട് സഹരിക്കരുതെന്നാവശ്യപ്പെട്ട് ഫിലിം ചേംബറിന് കീഴിൽ വരുന്ന നിർമാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് എന്നിവർക്കും, താരസംഘടന അമ്മയ്ക്കും സാങ്കേതിക വിദഗ്ദരുടെ സംഘടനയായ ഫിയോക്കിനും കത്തയച്ചിട്ടുണ്ട്.
ഇരട്ട നികുതി അടക്കമുള്ള വിഷയങ്ങളിൽ പലപ്പോഴായി സർക്കാരിന് കഴിഞ്ഞ ഒൻപത് വർഷമായി പരിഗണന നൽകണമെന്ന് ആവശ്യപ്പെട്ട് സിനിമാ സംഘടനകൾ കത്തയച്ചിരുന്നു. തുടർന്ന് സമരത്തിലേക്ക് കടക്കുകയും സാംസ്കാരിക വകുപ്പ് ഇടപെട്ട് സമരം പിൻവലിക്കുകയും ചെയ്തിരുന്നു. പിന്നീട് വിവിധ വകുപ്പുകളുമായി ആലോചിച്ച് തീരുമാനത്തിലെത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇതുവരെയും നടപടിയുണ്ടായില്ല. തങ്ങളെ കേൾക്കാത്ത സാംസ്കാരിക വകുപ്പുമായി ബന്ധപ്പെട്ട പരിപാടിയിൽ സിനിമാ പ്രവർത്തകർ പോകേണ്ടതില്ല എന്ന തീരുമാനമാണ് ഫിലിം ചേംബർ സ്വീകരിച്ചിരിക്കുന്നത്.