
‘മസ്തിഷ്ക മരണം’ സിനിമയിലെ വിവാദ ഡയലോഗിനെ കുറിച്ച് പ്രതികരിച്ച് ചിത്രത്തിന്റെ സംവിധായകൻ കൃഷാന്ദ്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് മാധ്യമങ്ങളോട് പറഞ്ഞ പ്രശസ്‌തമായ ഒരു ഡയലോഗായിരുന്നു അത്. അതൊരു ദിലീപ് വിരുദ്ധ പ്രസ്താവനയല്ലെന്നും, സമൂഹത്തിലെ ആൾക്കൂട്ട വിചാരണയും മാധ്യമങ്ങളുടെ ഇടപെടലുകളും എങ്ങനെയുണ്ടാകുമെന്ന് കാണിക്കാനാണ് ശ്രമിച്ചതെന്നും കൃഷാന്ദ് പറഞ്ഞു. കൂടാതെ മാധ്യമങ്ങൾ ഒരാളെ വേട്ടയാടുന്നത് എങ്ങനെയെന്ന് പെട്ടെന്ന് പ്രേക്ഷകർക്ക് മനസ്സിലാക്കിക്കൊടുക്കാൻ ഇത്തരം ഉദാഹരണങ്ങൾ സഹായിക്കുമെന്നും, ദിലീപേട്ടൻ കുറ്റം ചെയ്തോ ഇല്ലയോ എന്നതിനെക്കുറിച്ചല്ല താൻ പറയാൻ ഉദ്ദേശിച്ചതെന്നും കൃഷാന്ദ് കൂട്ടിച്ചേർത്തു. ചിത്രത്തിൽ ഇത്തരമൊരു പരാമർശം വന്നത് ദിലീപിനെതിരെയുള്ള വികാരമായി വ്യാഖ്യാനിക്കപ്പെടുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
“ഇതൊരു ദിലീപ് വിരുദ്ധ പ്രസ്‌താവനയല്ല; മറിച്ച് സമൂഹത്തിലെ ആൾക്കൂട്ട വിചാരണയും മാധ്യമങ്ങളുടെ ഇടപെടലുകളും എങ്ങനെയുണ്ടാകുമെന്ന് കാണിക്കാനാണ് ശ്രമിച്ചത്. ‘വായിൽ തോന്നിയത് വിളിച്ചു പറയല്ലേ ചേട്ടാ’ എന്ന ഡയലോഗ് സിനിമയിൽ ഉപയോഗിച്ചപ്പോൾ, ദിലീപേട്ടൻ കുറ്റം ചെയ്തോ ഇല്ലയോ എന്നതിനെക്കുറിച്ചല്ല ഞാൻ പറയാൻ ഉദ്ദേശിച്ചത്. അത്തരം കാര്യങ്ങളെല്ലാം കോടതിയുടെ പരിഗണനയിലുള്ളതാണ്. എന്നാൽ ഒരു കേസിൽ പ്രതിയാക്കപ്പെട്ട ഒരാളെ മാധ്യമങ്ങൾ എങ്ങനെയാണ് വളയുന്നതെന്നും പിന്തുടരുന്നതെന്നും നമ്മൾ കണ്ടതാണ്. ആ ഒരു സാഹചര്യത്തെയാണ് സിനിമയിൽ റഫറൻസായി കൊണ്ടുവന്നത്.” കൃഷാന്ദ് പറഞ്ഞു.
“മാധ്യമങ്ങൾ ഒരാളെ വേട്ടയാടുന്നത് എങ്ങനെയെന്ന് പെട്ടെന്ന് പ്രേക്ഷകർക്ക് മനസ്സിലാക്കിക്കൊടുക്കാൻ ഇത്തരം ഉദാഹരണങ്ങൾ സഹായിക്കും. നമ്മൾ ജീവിക്കുന്ന കാലഘട്ടത്തിലെ യാഥാർഥ്യങ്ങളെയും അതിന്റെ ചുറ്റുപാടുകളെയും കുറിച്ചുള്ള ഒരു രേഖപ്പെടുത്തലാണിത്. ഇതിലൂടെ അത്തരം കാര്യങ്ങളെക്കുറിച്ച് സൂചിപ്പിക്കാം എന്നല്ലാതെ, അതിനെ ഭയപ്പെടേണ്ടതില്ല എന്നാണ് ഞാൻ കരുതുന്നത്.”-കൃഷാന്ദ് കൂട്ടിച്ചേർത്തു.
‘ആവാസവ്യൂഹം’, ‘പുരുഷപ്രേതം’ എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ സംവിധായകൻ കൃഷാന്ദിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘മസ്‌തിഷ്‌ക മരണം. ‘വായിൽ തോന്നിയത് വിളിച്ചു പറയല്ലേ ചേട്ടാ’എന്ന ഡയലോഗാണ് ചർച്ചകൾക്ക് ആധാരം. നടി ആക്രമിക്കപ്പെട്ട കേസിലെ ആദ്യഘട്ട അന്വേഷണ സമയത്ത് മാധ്യമങ്ങൾക്ക് മുന്നിൽ ദിലീപ് പറഞ്ഞ വാചകമാണിത്.
മലയാളത്തിൽ അപൂർവമായി മാത്രം പരീക്ഷിക്കപ്പെടുന്ന ‘സൈബർ പങ്ക്’ ഗണത്തിലാണ് ‘മസ്‌തിഷ്‌ക മരണം’ എന്ന സിനിമ ഒരുക്കിയിരിക്കുന്നത്. ‘ബ്ലേഡ് റണ്ണർ’ പോലുള്ള ലോകോത്തര സിനിമകളെ അനുസ്‌മരിപ്പിക്കുന്ന വിധത്തിലുള്ള വിഷ്വൽ എഫക്റ്റുകൾ ചിത്രത്തിൻ്റെ പ്രത്യേകതയാണ്. രജിഷ വിജയൻ അഭിനയിച്ച ‘കോമള താമര’ എന്ന ഗാനം ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. വേറിട്ട ലുക്കിലാണ് താരം ഈ ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്.
‘മസ്തിഷ്ക മരണം’ ആദ്യ ഭാഗത്തിന് ലഭിക്കുന്ന സ്വീകാര്യതയ്ക്ക് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള വിവരങ്ങളും സംവിധായകൻ പങ്കുവെച്ചു. ഈ വർഷം ജൂലൈയിൽ രണ്ടാം ഭാഗത്തിൻ്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. സയൻസ് ഫിക്ഷൻ പ്രിയർക്കും വ്യത്യസ്തമായ സിനിമാ അനുഭവം ആഗ്രഹിക്കുന്നവർക്കും വലിയൊരു വിരുന്നായിരിക്കും ചിത്രമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.