“അത് എന്റെ അച്ഛനല്ല ചെയ്തത്, കള്ളക്കഥ കാരണം കുടുംബത്തിന്റെ ലെഗസി പോലും നഷ്ടമായി”; പ്രതികരിച്ച് ദീപ നായർ

','

' ); } ?>

പ്രിയം സിനിമയിലേക്കുള്ള തന്റെ വരവിനെക്കുറിച്ചും അതേ ചൊല്ലി പ്രചരിക്കുന്ന കള്ളക്കഥയെകുറിച്ചും പ്രതികരിച്ച് നടി ദീപ നായര്‍. തന്റെ അച്ഛനാണ് പ്രിയം നിര്‍മിച്ചത് എന്ന കള്ളക്കഥ കാരണം യഥാർത്ഥ നിർമ്മാതാവിന്റെ കുടുംബത്തിന്റെ ലെഗസി പോലും നഷ്ടമായെന്നും. അവര്‍ ആകെ നിര്‍മിച്ച ചിത്രം പ്രിയമാണെന്നും ദീപ പറഞ്ഞു. കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിക്കാന്‍, തന്റെ അച്ഛന്‍ തന്നെ നിര്‍മിച്ച ചിത്രമാണ് പ്രിയം എന്ന പ്രചരണത്തെക്കുറിച്ചാണ് ദീപ സംസാരിക്കുന്നത്. ചിത്രത്തിന്റെ യഥാര്‍ത്ഥ നിര്‍മാതാവിന്റെ കൊച്ചുമകള്‍ തനിക്ക് അയച്ച മെസേജിനെ തുടര്‍ന്നാണ് ദീപയുടെ പ്രതികരണം. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

”എന്റെ അച്ഛനാണോ പ്രിയം നിര്‍മിച്ചത്? അല്ല. 26 വര്‍ഷം മുമ്പ് ഒരു അപ്രതീക്ഷിത നിമിഷം എന്റെ ജീവിതം മാറ്റി മറിച്ചു. ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. എന്റെ റഡാറില്‍ പോലും അങ്ങനൊന്നുണ്ടായിരുന്നില്ല. പക്ഷെ വിപിന്‍ മോഹന്‍ അങ്കിളിലൂടേയും ഗിരിജ ആന്റിയിലൂടേയും പ്രപഞ്ചം ഒരു അവസരം എന്റെ മടിയില്‍ വച്ചു തന്നു. എന്റെ അച്ഛന്റേയും അമ്മയുടേയും മുഖത്തെ ഭാവം ഞാന്‍ ഇന്നും ഓര്‍ക്കുന്നുണ്ട്. ഇതൊരു നല്ല ആശയമാണോ എന്ന് അവര്‍ ആശങ്കയോടെ ചോദിച്ചു. എല്ലാ മാതാപിതാക്കളും ചോദിക്കുന്ന ചോദ്യം. സംശയമുണ്ടായിരുന്നുവെങ്കിലും ഒരു ലീപ്പെടുക്കാന്‍ അവര്‍ തയ്യാറായി. ആ അനുഭവം എന്നെ സ്‌ക്രീനിലെത്തിക്കുക മാത്രമല്ല ചെയ്തത്, ഇന്നും ലഭിച്ചു കൊണ്ടിരിക്കുന്ന സ്‌നേഹവും കരുതലും കൂടെയാണ് നേടിത്തന്നത്. 26 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിഞ്ഞു നോക്കുമ്പോള്‍, ആ യെസ് പറഞ്ഞതില്‍ ഞാന്‍ ഒരുപാട് കടപ്പെട്ടിരിക്കുന്നു.” ദീപ കുറിച്ചു

നേരത്തേയും പ്രിയത്തിലേക്കുള്ള തന്റെ എന്‍ട്രിയുടെ കഥ ദീപ പങ്കുവച്ചിരുന്നു. ഈ വിഡിയോയും താരം പുതിയ പോസ്റ്റിനൊപ്പം പങ്കുവെക്കുന്നുണ്ട്. അഭിനയത്തില്‍ നിന്നും പിന്മാറിയ ദീപ ഈയ്യടുത്താണ് സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറിയത്. സോഷ്യല്‍ മീഡിയയിലൂടെ തന്റെ ആരാധകരുമായി റീകണക്ട് ചെയ്യാന്‍ ദീപയ്ക്ക് സാധിച്ചിട്ടുണ്ട്.