
നടി ഗൗരി നന്ദയുടെ കയ്യിൽ നിന്നും ഫിലിം ഫെയർ പുരസ്‌കാരം സ്വീകരിച്ചതിനു പിന്നാലെയുണ്ടായ വാർത്തകളിൽ വ്യക്തത വരുത്തി നടി ഉർവശി. പണ്ടൊരിക്കൽ മമ്മൂട്ടിയും മോഹൻലാലും ഉണ്ടായിരുന്നിട്ടും തനിക്ക് അവാർഡ് നൽകിയത് ചാക്കോച്ചൻ ആണെന്നും തനിക്ക് അവാർഡ് തരാൻ പറ്റാത്ത രീതിയിൽ അവർക്ക് വല്ല മാനക്കേടും ഉണ്ടെങ്കിൽ ഗൗരിയെ പോലൊരാളിൽ നിന്നും അവാർഡ് വാങ്ങിക്കാൻ എനിക്ക് ഒരു മാനക്കേടും ഇല്ലെന്നും ഉർവശി പറഞ്ഞു. കൂടാതെ ‘ഗൗരിയെന്നയാൾക്ക് അവാർഡ് തന്ന് കൂടേയെന്നും, അങ്ങനെ ഫിലിം ഫെയറിന്റെ പ്രോട്ടോക്കോൾ ഉണ്ടോയെന്നും ഉർവശി ചോദിച്ചു. വൺ 2 ടോക്‌സിക്കിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഉർവശി.
‘ഗൗരിയെന്നയാൾക്ക് അവാർഡ് തന്ന് കൂടേ. അങ്ങനെ ഫിലിം ഫെയറിന്റെ പ്രോട്ടോക്കോൾ ഉണ്ടോ. ഇന്ദ്രജിത്ത് എന്ന ആളാവാം കാരണം രാവണന്റെ മോൻ ആയതു കൊണ്ട്. ഇന്ദ്രജിത്ത് കൂടെയാണ് എനിക്ക് അവാർഡ് തന്നത് ആ പേര് വന്നില്ല. അവിടെയാണ് എനിക്ക് ബുദ്ധിമുട്ട്. ഗൗരി എന്ന പേരിന് അർഥം പാർവതി എന്നാണ്, പാർവതിയുടെ പേരുള്ളവരെ ഇവർക്ക് ഇഷ്ടമല്ല, ആരാണ് ആ ചോദ്യം ചോദിച്ചത്?. മറ്റൊരു അവാർഡ് ദാന ചടങ്ങിൽ മമ്മൂട്ടിയും മോഹൻലാലും ഉണ്ടായിരുന്നിട്ടും എനിക്ക് അവാർഡ് തന്നത് ചാക്കോച്ചനാണ്. ഷീലാമ്മയ്ക്ക് അവാർഡ് കൊടുത്തപ്പോൾ അതേ മമ്മൂട്ടി കയറി വന്നു. എന്നിട്ട് എന്നെ ഇറങ്ങിപ്പാേകാൻ സമ്മതിച്ചില്ല. മമ്മൂട്ടിയുടെ സാന്നിധ്യത്തിൽ ഞാൻ വേണമായിരുന്നു താനും. മമ്മൂട്ടിക്കും മോഹൻലാലിനും എനിക്ക് അവാർഡ് തരാൻ പറ്റാത്ത രീതിയിൽ അവർക്ക് വല്ല മാനക്കേടും ഉണ്ടെങ്കിൽ ഗൗരിയെ പോലൊരാളിൽ നിന്നും അവാർഡ് വാങ്ങിക്കാൻ എനിക്കൊരു മാനക്കേടും ഇല്ല. അതിന്റെ പേരാണ് ഉർവശി.” ഉർവശി പറഞ്ഞു.
“ഗൗരി എന്ന പേര് എനിക്ക് ഇഷ്ടമാണ്. ആരാണ് തന്നത് എന്നല്ല എനിക്ക് കിട്ടിയത് ഫിലിംഫെയർ അവാർഡ് ആണ്. എത്രയോ വർഷങ്ങളായിട്ട് ഇന്ത്യയുടെ ഒരു പ്രസ്റ്റീജിയസ് അവാർഡ് ആണ്. തമിഴ്നാട് സർക്കാരിൽ നിന്നും മികച്ച ഹാസ്യ നടിക്കുള്ള അവാർഡ് എത്ര സിനിമകളിൽ കോമഡി ചെയ്തു. കോമഡിക്ക് എനിക്ക് അവാർഡ് കിട്ടിയില്ലല്ലോ എന്ന് ഞാൻ വിചാരിച്ചിട്ടുണ്ട്. പലർക്കും തോന്നും. പക്ഷെ അത് ഏറ്റവും വില കൂടിയ അവാർഡ് ആണ്. തമിഴ്നാട് സർക്കാരിൽ നിന്നും ഈ പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ട്.”‘ ഉർവശി കൂട്ടിച്ചേർത്തു.