
വളരെ അപൂർവമായിട്ട് കാണാൻ കിട്ടുന്ന വ്യക്തിയാണ് നടൻ ധ്യാൻ ശ്രീനിവാസനെന്ന് നടൻ ദിലീപ്. താനീ പരിപാടിക്ക് വന്നത് തന്റെ മുത്തിനെ കാണാൻ വേണ്ടിയിട്ടാണെന്നും ദിലീപ് പറഞ്ഞു. ഈസ്റ്റ് കോസ്റ്റൻ വിജയൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഭീഷ്മരുടെ ഓഡിയോ ലോഞ്ചിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഇന്ന് ഇവിടെ വരാൻ കാരണം വിജയേട്ടൻ പറഞ്ഞതു കൊണ്ട് മാത്രമല്ല. ധ്യാനിനെ ഒക്കെ വളരെ അപൂർവമായിട്ടാണ് നമുക്ക് നേരിട്ട് കാണാൻ സാധിക്കുന്നത്. മുത്തിനെ കാണാൻ വേണ്ടിയിട്ട് കൂടിയാണ് ഞാൻ വന്നത്. വലിയ സന്തോഷം.” ദിലീപ് പറഞ്ഞു.
“എനിക്ക് തന്നെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിലൊന്നായ എടുത്തു പറയേണ്ട സിനിമകളിലൊന്നാണ് മൈ ബോസ്. ആ സിനിമ അത്രയും ഗംഭീരമാക്കിയതിൽ ആ നിർമാതാവിനും ഒരു പങ്കുണ്ട്. എനിക്ക് തോന്നുന്നു ഏറ്റവും കൂടുതൽ പരസ്യം ചെയ്ത സിനിമകളിൽ ഒന്നു കൂടിയാണ് മൈ ബോസ്. അത് ഈസ്റ്റ് കോസ്റ്റ് എന്ന ബാനറിൽ ഉണ്ടായ കാലം മുതൽ ശരിക്കും മാർക്കറ്റിങ് എങ്ങനെയാണെന്ന് നമ്മൾ കണ്ടുപഠിക്കേണ്ടതാണ്.
വിജയേട്ടന്, വിജയേട്ടന്റെ പ്രൊഡക്ട് എങ്ങനെയാണ് മാർക്കറ്റ് ചെയ്യേണ്ടത് എന്ന് നല്ല വ്യക്തമായ ധാരണയുള്ള ആളാണ്. അതുപോലെ കലയോട് ഒരുപാട് സ്നേഹമുള്ള കലാവാസനയുള്ള കവിതകൾ രചിക്കുന്ന ആളാണ്. വിജയേട്ടൻ എന്നും യൗവനത്തിൽ പ്രണയത്തിൽ മുങ്ങി നടക്കുന്ന ഒരാളായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. മനസിൽ ഒരുപാട് പ്രണയമുള്ള, അദ്ദേഹത്തിന്റെ വരികളാണെങ്കിലും അങ്ങനെയാണ്.” ദിലീപ് കൂട്ടിച്ചേർത്തു
ധ്യാൻ ശ്രീനിവാസൻ, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ഭീഷ്മർ. ഈസ്റ്റ് കോസ്റ്റ് വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നിരുന്നു.