
ഒരു നടി എന്ന നിലയിൽ തന്റെ വളർച്ചയ്ക്ക് ഏറ്റവും സഹായിച്ച ഇൻഡസ്ട്രി മലയാളമാണെന്ന് തുറന്നു പറഞ്ഞ് നടി മീന സാഗർ. തുടക്കകാലങ്ങളിൽ മലയാളത്തിൽ അഭിനയിക്കുമ്പോൾ ബുദ്ധിമുട്ടായിരുന്നുവെന്നും, ആദ്യ സിനിമയിൽ താൻ വളരെ ഓവർ ആയി സീനുകൾ ചെയ്യുമായിരുന്നുവെന്നും മീന പറഞ്ഞു. കൂടാതെ തെലുങ്കിൽ താൻ ഓവർ ആക്ടിങ് ചെയ്തിട്ടുണ്ടെന്നും എന്നാൽ അത് അവിടെ ഓക്കേ ആണെന്നും പ്രശംസിച്ചിട്ടുണ്ടെന്നും നടി കൂട്ടിച്ചേർത്തു. രേഖ മേനോന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
‘ഒരു നടി എന്ന നിലയിൽ എൻ്റെ വളർച്ചയ്ക്ക് ഏറ്റവും സഹായിച്ച ഒരു ഇൻഡസ്ട്രി അത് മലയാളമാണ്. കാരണം മലയാളത്തിൽ ഒരു ഡിഫറൻ്റ് ആയിട്ടുള്ള ആക്ടിങ് ആണ്. സാന്ത്വനം ആണ് എന്റെ ആദ്യ മലയാളം സിനിമ. തമിഴിലും തെലുങ്കിലും ഞാൻ അഭിനയിക്കുമ്പോൾ. ഞാൻ എന്ത് ചെയ്താലും അവിടെ ഒക്കെയാണ്. കുറച്ചു കൂടി ഇനിയും വേണം, കുറച്ചുകൂടി ലൗഡ് ആയിട്ട് വേണം എന്നാണ് അവർ പറയുക. തെലുങ്ക് ചെയ്യുമ്പോൾ ചില കഥാപാത്രങ്ങൾ ഞാൻ ഓവർ ആയിട്ട് അഭിനയിച്ചിട്ടുണ്ട്. പക്ഷെ അത് അവിടെ ഒക്കെയാണ് അവർ സ്വീകരിക്കുകയും നമ്മളെ അപ്രിഷിയേറ്റ് ചെയ്യുകയും ചെയ്യും. അതാണ് അവർക്ക് വേണ്ടത്. ഞാൻ അപ്പോൾ ചിന്തിക്കാറുണ്ട് അത് മതി അവിടെ എന്ന്.” മീന പറഞ്ഞു.
“ആ സ്ഥാനത്ത് മലയാളത്തിലേക്ക് വരുമ്പോൾ നമ്മൾ അഭിനയിക്കുകയാണ് പക്ഷെ അഭിനയിക്കുകയല്ല അങ്ങനെയാണ് മലയാളം സിനിമ. തുടക്കകാലങ്ങളിൽ അത് വളരെ ബുദ്ധിമുട്ടായിരുന്നു. ആദ്യ സിനിമയിൽ ഞാൻ വളരെ ഓവർ ആയി സീനുകൾ ചെയ്യുമ്പോൾ സിബി മലയിൽ സാർ പറയും അത്രയും വേണ്ട, നോർമലി പറഞ്ഞാൽ മതിയെന്ന്. പഠിക്കുന്ന പോലെ പറഞ്ഞാൽ മതിയെന്ന്. അങ്ങനെ പറഞ്ഞാൽ ഇമോഷൻസ് റെഡി ആകുമോ എന്ന ഞാൻ ചോദിക്കുമായിരുന്നു.” മീന കൂട്ടിച്ചേർത്തു.
ബാലതാരമായി എത്തി തെന്നിന്ത്യൻ സിനിമയിലെ മുൻനിര നടിയായി മാറിയ താരമാണ് മീന. രജനികാന്ത്, കമൽഹാസൻ, മോഹൻലാൽ മമ്മൂട്ടി, ചിരഞ്ജീവി , ബാലകൃഷ്ണ, രവിചന്ദ്രൻ, സത്യരാജ് തുടങ്ങിയ ദക്ഷിണേന്ത്യൻ സിനിമയിലെ നിരവധി സൂപ്പർസ്റ്റാറുകൾക്കൊപ്പം മീന അഭിനയിച്ചിട്ടുണ്ട്. ദൃശ്യം 3യാണ് മീനയുടേതായി ഇനി വരാനിരിക്കുന്ന ചിത്രങ്ങൾ.