
കാന്താര ചിത്രത്തിലെ ദൈവകോലത്തെ വികലമായി അനുകരിച്ചതുമായി ബന്ധപ്പെട്ട ക്രിമിനൽ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ രൺവീർ സിങ് നൽകിയ ഹർജി തള്ളി കർണാടക ഹൈക്കോടതി. നിയമനടപടികൾ നടനുമേൽ സമ്മർദ്ദമുണ്ടാക്കുന്നുവെന്നും വിഷയം അടിയന്തരമായി പരിഗണിക്കണമെന്നും ഉടൻ ഹിയറിങ് നിശ്ചയിക്കണമെന്നുമുള്ള നടന്റെ ഹർജി ജസ്റ്റിസ് നാഗപ്രസന്നയാണ് നിരാകരിച്ചത്. ഏതെങ്കിലും പ്രത്യേക വിഭാഗത്തിന് മുൻഗണന നൽകുന്നതിലുളള ആശങ്ക പങ്കുവെച്ചുകൊണ്ടാണ് കോടതിയുടെ നടപടി. ഹർജി കോടതി ചൊവ്വാഴ്ച പരിഗണിക്കും.
“നടന് ദുരുദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും യഥാർഥത്തിൽ മതിപ്പാണ് ഉള്ളതെന്നും അദ്ദേഹത്തിന്റെ അഭിഭാഷക സംഘം കോടതിയിൽ വാദിച്ചു. ആത്മാർത്ഥമായ അഭിനന്ദനത്തെ ക്രിമിനൽ നിറം നൽകി ദുരുപയോഗം ചെയ്തതായും അഭിഭാഷകൻ വാദിച്ചു. പോലീസ് ഇതിനകം രണ്ട് നോട്ടീസുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതെല്ലാം നടനുമേൽ ഉണ്ടാക്കുന്ന സമ്മർദ്ദം കണക്കിലെടുത്ത് വിഷയം അടിയന്തരമായി പരിഗണിക്കണം. പരിഗണിക്കുന്ന ദിവസം തന്നെ തന്നെ ഹിയറിങ് നിശ്ചയിക്കണമെന്നും അഭിഭാഷകർ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. എന്നാൽ പ്രമുഖ ബോളിവുഡ് നടനായതുകൊണ്ട് മാത്രം അന്വേഷണം വേഗത്തിലാക്കണമോ അതോ ഒരു നടനുവേണ്ടി കോടതി ഇതിലും വേഗത്തിൽ പ്രവർത്തിക്കണമോ എന്ന് ജസ്റ്റിസ് നാഗപ്രസന്ന ചോദിച്ചു. പ്രതിഭാഗത്തിൻ്റെ തുടർച്ചയായ അഭ്യർഥനകളെ അവഗണിച്ച കോടതി സാധാരണ നടപടിക്രമങ്ങൾ പാലിക്കാൻ തീരുമാനിക്കുകയും, അടിയന്തര ഹിയറിങ് ആവശ്യം നിരാകരിക്കുകയും ചെയ്തു. ഇത്തരം കേസുകളിൽ സാധാരണയായി പാലിക്കുന്ന സമയക്രമം പിന്തുടരും.”
ഗോവ അന്താരാഷ്ട്രാ ചലച്ചിത്ര മേളയുടെ സമാപനവേദിയിൽ രൺവീർ ‘കാന്താര: എ ലെജൻഡ്- ചാപ്റ്റർ വൺ’ എന്ന ചിത്രത്തിലെ നായകൻ ഋഷഭ് ഷെട്ടിയെ അനുകരിച്ചിരുന്നു. ഇതാണ് വിവാദമായത്. ഇതോടെ ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഭിഭാഷകനായ പ്രശാന്ത് മെത്തൽ ആണ് പരാതി നൽകിയത്. വേദിയിൽ രൺവീർ സിങ് പഞ്ചുരുളി ദൈവത്തെ പരിഹാസ്യമായി അവതരിപ്പിച്ച് അവഹേളിച്ചുവെന്നാണ് പരാതി. ‘കാന്താര’യിലെ നായകൻ ഋഷഭ് ഷെട്ടിയുടെ സാന്നിധ്യത്തിൽ ചാമുണ്ടി ദൈവത്തെ ‘പെൺപ്രേതം’ എന്ന് വിശേഷിപ്പിച്ചു. ദൈവഭാവങ്ങളെ വികലമായി ചിത്രീകരിക്കരുതെന്ന് അഭ്യർഥിച്ചിട്ടും രൺവീർ പ്രവൃത്തി തുടർന്നുവെന്നും പരാതിയിൽ ആരോപിച്ചിരുന്നു.