‘ഇന്ത്യൻ ഭരണഘടന സാക്ഷിയായി ഞങ്ങൾ വിവാഹിതരാകുന്നു’; വൈറലായി വേടന്റേയും നവമിയുടെയും വിവാഹക്ഷണക്കത്ത്

','

' ); } ?>

ശ്രദ്ധേയനായ റാപ്പറും സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ വേടൻ (ഹിരൺദാസ് മുരളി) വിവാഹിതനാകുന്നു. യുവ എഴുത്തുകാരി നവമി ലതയാണ് വധു. തൃശ്ശൂരിലെ വേടന്റെ വസതിയിൽ വച്ച് നടക്കുന്ന ലളിതമായ ചടങ്ങിലൂടെയാവും വിവാഹം. സബ് രജിസ്ട്രാർ ഓഫീസിലെ തിരക്ക് പരിഗണിച്ച് ഉദ്യോഗസ്ഥർ വീട്ടിലെത്തിയാവും വിവാഹ നടപടിക്രമങ്ങൾ പൂർത്തിയാക്കുക. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. ദീർഘനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിക്കുന്നത്. പൊതുവേദികളിലെല്ലാം വേടനൊപ്പം സ്ഥിരസാന്നിധ്യമാണ് നവമി ലത.

ഇപ്പോഴിതാ ഇരുവരുടെയും വ്യത്യസ്തമായ വിവാഹക്ഷണക്കത്ത് ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. “സ്നേഹിതരെ, ഇന്ത്യൻ ഭരണഘടന സാക്ഷിയായി ഞങ്ങൾ വിവാഹിതരാകുന്നു. എന്നുമെന്ന പോലെ എല്ലാറ്റിനുമെന്ന പോലെ ഞങ്ങളുടെ ഏറ്റവും അടുത്ത മനുഷ്യരായ നിങ്ങൾ കൂടെ ഉണ്ടാകണം”, എന്നാണ് കത്തിൽ കുറിച്ചിരിക്കുന്നത്.

തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി സർക്കാർ സംഘടിപ്പിച്ച ‘ഹാപ്പിനെസ് ഫെസ്റ്റിവലിൽ’ വെച്ചാണ് വേടന്റെ വിവാഹവാർത്ത ആദ്യമായി പുറത്തുവരുന്നത്. ഫെസ്റ്റിവലിൽ പരിപാടി അവതരിപ്പിക്കാനെത്തിയ വേടനെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പൊന്നാടയണിയിച്ച് ആദരിച്ചിരുന്നു. ഇതിനിടെ അദ്ദേഹമാണ് വേടന്റെ വിവാഹക്കാര്യം പൊതുവേദിയിൽ വെച്ച് ആദ്യം പ്രഖ്യാപിച്ചത്.

2020-ൽ പുറത്തിറങ്ങിയ ‘വോയ്‌സ് ഓഫ് ദ വോയ്‌സ്‌ലെസ്’ എന്ന ഗാനത്തിലൂടെയാണ് ഹിരൺദാസ് മുരളി എന്ന വേടൻ സംഗീതലോകത്ത് തന്റേതായ ഇടം കണ്ടെത്തുന്നത്. സമൂഹത്തിൽ ദളിതർ ഉൾപ്പെടെയുള്ള പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾ നേരിടുന്ന അടിച്ചമർത്തലുകളും അവർ നടത്തുന്ന പോരാട്ടങ്ങളും പ്രമേയമാക്കിയ വരികളാണ് വേടന്റെ റാപ്പുകളെ ജനപ്രിയമാക്കിയത്. തുടർന്നിറങ്ങിയ ‘ഭൂമി ഞാൻ വാഴുന്നിടം’, ‘സോഷ്യൽ ക്രിമിനൽ’, ‘ബുദ്ധനായി പിറ’, ‘മോണ ലോവ’ തുടങ്ങിയ സ്വതന്ത്ര ഗാനങ്ങളും വലിയ ഹിറ്റുകളായി മാറി. കഴിഞ്ഞ ഫെബ്രുവരി 14-ന് പുറത്തിറങ്ങിയ ‘എണ്ണക്കറുപ്പി’ എന്ന ഗാനവും ഇപ്പോൾ സംഗീതാസ്വാദകർ ഏറ്റെടുത്തിട്ടുണ്ട്.

സ്വതന്ത്ര സംഗീതത്തിന് പുറമെ സിനിമാ പിന്നണി ഗാനരംഗത്തും വേടൻ ഇതിനോടകം സാന്നിധ്യമറിയിച്ചിട്ടുണ്ട്. ‘മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന ചിത്രത്തിൽ സുഷിൻ ശ്യാമിന്റെ സംഗീതത്തിൽ വേടൻ തന്നെ വരികളെഴുതി ആലപിച്ച ‘കുതന്ത്രം’ എന്ന ഗാനം വലിയ ജനശ്രദ്ധ നേടിയിരുന്നു. ഈ ഗാനത്തിലൂടെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും വേടനെ തേടിയെത്തി.