
താരജോഡികളായ രശ്‌മിക മന്ദാനയുടേയും, വിജയ് ദേവരക്കൊണ്ടയുടേയും വിവാഹ തിയ്യതി പുറത്തു വന്നതിനു പിന്നാലെ വിവാദ പരാമർശവുമായി രശ്മികയുടെ മുൻ കാമുകനും നടനുമായ രക്ഷിത് ഷെട്ടിയുടെ സുഹൃത്ത് പ്രമോദ് ഷെട്ടി. “തനിക്ക് ഇതുവരെ വിവാഹക്ഷണക്കത്ത് ലഭിച്ചിട്ടില്ലെന്നും, രശ്‌മിക തന്നെ വിളിക്കില്ലെന്ന് എല്ലാവർക്കും അറിയാമല്ലോ” എന്നുമാണ് പ്രമോദ് മാധ്യമങ്ങളോട് പറഞ്ഞത്. കൂടാതെ രശ്മികയുടെ കല്യാണക്കുറി കിട്ടിയിട്ടില്ലെന്നും കിട്ടിയാൽ പോകുമെന്നും പറഞ്ഞ പ്രമോദ്, രക്ഷിത് ഷെട്ടി പഴയതൊക്കെ ഓർത്ത് കുറ്റബോധവും കരച്ചിലുമായി ഇരിക്കാൻ കൊച്ചു കുട്ടിയൊന്നുമല്ലെന്നും പ്രമോദ് പരിഹസിക്കുകയും ചെയ്തു. പ്രമോദിന്റെ വാക്കുകൾ വൈറലായതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് നടക്കുന്നത്.
2018-ൽ പിരിഞ്ഞ ഒരു ബന്ധത്തെക്കുറിച്ച് ഇപ്പോഴും എന്തിനാണ് സംസാരിക്കുന്നതെന്ന് പലരും ചോദിക്കുന്നു. പ്രണയബന്ധം അവസാനിപ്പിച്ചിട്ട് ആരെങ്കിലും മുൻ കാമുകനെയും അയാളുടെ സുഹൃത്തുക്കളെയും സ്വന്തം വിവാഹത്തിന് വിളിക്കുമോ എന്നും ഇപ്പോഴും ഇത്തരം കാര്യങ്ങൾ പറഞ്ഞു നടക്കാൻ നാണമില്ലേ എന്നും ആരാധകർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
2016-ൽ ‘കിരിക് പാർട്ടി’യിലൂടെ സിനിമയിൽ എത്തിയ രശ്‌മികയും രക്ഷിത് ഷെട്ടിയും അടുത്ത സുഹൃത്തുക്കളാകുകയും അത് പ്രണയത്തിലെത്തുകയുമായിരുന്നു. ഇവർ തമ്മിലുള്ള വിവാഹനിശ്ചയം 2017-ലാണ് നടന്നത്. എന്നാൽ ഒത്തുപോകാൻ കഴിയാത്ത കാരണങ്ങളാൽ 2018-ൽ ഇരുവരും ഈ ബന്ധം വേണ്ടെന്ന് വെച്ചു. ഇതിനുശേഷം വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ രശ്‌മികയ്ക്ക് നേരിടേണ്ടി വന്നിരുന്നു. ബ്രേക്കപ് ആയി എട്ട് വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് ഒരു വേദിയിൽ എത്തിയ രക്ഷിത് ഷെട്ടിയും രശ്മിക മന്ദാനയും പിണക്കങ്ങളൊന്നുമില്ലാതെ പരസ്പരം സ്നേഹം പങ്കുവച്ചത് വാർത്തയായിരുന്നു.
ഫെബ്രുവരി 26-ന് ഉദയ്‌പൂരിൽ വെച്ച് തികച്ചും സ്വകാര്യമായ ചടങ്ങുകളോടെ ഇരുവരും വിവാഹിതരാകാൻ ഒരുങ്ങുകയാണ്. രശ്മികയും വിജയ് യും. ഇവരുടെ വിവാഹ ക്ഷണക്കത്ത് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.