
വിജയകരമായ അഭിനേത്രിയാകാൻ ബഹുമുഖ പ്രതിഭ അനിവാര്യമാണെന്ന് വ്യക്തമാക്കി നടി കല്യാണി പ്രിയദർശൻ. വിശ്വാസം, ക്ഷമ, ആത്മാർഥത എന്നീ ഗുണങ്ങൾ വളർത്തിയെടുക്കണമെന്നും, ചെയ്യുന്ന ജോലിയിൽ ഹൃദയംമുഴുവൻ സമർപ്പിക്കുകയും പരാജയങ്ങളിൽനിന്ന് പഠിക്കുകയും ചെയ്യണമെന്നും കല്യാണി പറഞ്ഞു. സെയ്ൻ്റ് ജോസഫ് സർവകലാശാലയുടെ സംവാദ പരിപാടിയായ ‘ഓപ്പൺ ഹാർട്ടി’ന്റെ എട്ടാംപതിപ്പിൽ വിദ്യാർത്ഥികളോട് സംവദിക്കുകയായിരുന്നു കല്യാണി.
“വിജയകരമായ അഭിനേത്രിയാകാൻ ബഹുമുഖ പ്രതിഭ അനിവാര്യമാണ്. വിശ്വാസം, ക്ഷമ, ആത്മാർഥത എന്നീ ഗുണങ്ങൾ വിദ്യാർത്ഥികൾ വളർത്തിയെടുക്കണം ഓരോനിമിഷത്തോടും സത്യസന്ധമായി പ്രവർത്തിക്കണം. പ്രേക്ഷകർ എന്താണ് ആഗ്രഹിക്കുന്നതെന്ന് മുൻകൂട്ടി നിശ്ചയിക്കാതെ ചെയ്യുന്ന ജോലിയിൽ ഹൃദയംമുഴുവൻ സമർപ്പിക്കുകയും പരാജയങ്ങളിൽനിന്ന് പഠിക്കുകയും ചെയ്യണം.” കല്യാണി പ്രിയദർശൻ പറഞ്ഞു.
വിദ്യാർഥികളും പ്രമുഖവ്യക്തികളും തമ്മിലുള്ള തുറന്ന സംവാദത്തിനുള്ള വേദിയാണ് ‘ഓപ്പൺ ഹാർട്ട്’. സർവകലാശാലാ ഓഡിറ്റോറിയത്തിൽ കരഘോഷങ്ങളോടെയാണ് കല്യാണിയെ വേദിയിലേക്ക് ക്ഷണിച്ച് സംവാദത്തിന് തുടക്കമിട്ടത്. വിദ്യാർഥികളുടെ കലാപരിപാടികളുമുണ്ടായി. പ്രോ വൈസ് ചാൻസലർ റെജീന മത്തയസ്, ഫാ. റിച്ചാർഡ് റിഗോ എന്നിവരും സംബന്ധിച്ചു.