
നടന്‍ ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ ഡി. ‘സേവ് ബോക്‌സ്’ ആപ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് നടപടി. സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയിരുന്നു ജയസൂര്യ. സേവ് ബോക്സ് ആപ്പിനെ സാധാരണക്കാര്‍ക്കിടയില്‍ പ്രമോട്ട് ചെയ്യുന്ന തരത്തില്‍ അഭിനയിച്ചെന്ന ആരോപണത്തെ തുടർന്ന് ജയസൂര്യയെ രണ്ട തവണ ഇ ഡി ചോദ്യം ചെയ്തിരുന്നു.
നിക്ഷേപമെന്ന പേരില്‍ നിരവധിപേരില്‍ നിന്ന് കോടികള്‍ തട്ടിയതിന് ആപ്പ് ഉടമ തൃശൂര്‍ സ്വദേശി സാത്വിക് റഹീമിനെ 2023ല്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുമായുള്ള ബന്ധവും സാമ്പത്തിക ഇടപാടുമാണ് ഇ ഡി അന്വേഷിക്കുന്നത്. തട്ടിപ്പിലൂടെ സേവ് ബോക്സ് നേടിയ കള്ളപ്പണം കൈമാറിയവരുടെ പട്ടികയില്‍ ജയസൂര്യയും ഉള്‍പ്പെട്ടതാണ് അന്വേഷണത്തിന് വഴിയൊരുക്കിയത്.
അതേസമയം പരസ്യ ആവശ്യങ്ങള്‍ക്കും മറ്റുമായി സമീപിക്കുന്നവര്‍ എന്തൊക്കെ തട്ടിപ്പുകള്‍ നടത്തുമെന്ന് ആര്‍ക്കെങ്കിലും ഊഹിക്കാനാകുമോയെന്നായിരുന്നു സംഭവത്തില്‍ ജയസൂര്യ നേരത്തെ പ്രതികരിച്ചത്. നിയമാനുസൃതമായി മാത്രം സാമ്പത്തിക ഇടപാടുകള്‍ നടത്തി നികുതി അടക്കുന്ന ഉത്തരവാദിത്തപ്പെട്ട പൗരന്‍ മാത്രമാണ് താനെന്നും ജയസൂര്യ പറഞ്ഞിരുന്നു.
തട്ടിപ്പിൽ നടൻ ജയസൂര്യയ്ക്ക് ഒരു കോടിയോളം രൂപ കിട്ടിയെന്നായിരുന്നു ഇഡിയുടെ കണ്ടെത്തൽ. തട്ടിപ്പിലെ പ്രധാന പ്രതി സ്വാതിക് റഹ്മാന്‍റെ കമ്പനികളിൽ നിന്ന് ജയസൂര്യയുടെയും ഭാര്യയുടെയും അക്കൗണ്ടിലേക്കാണ് പണം എത്തിയത്. ബ്രാൻഡ് അംബാസിഡർക്കുള്ള പ്രതിഫലമാണെന്നാണ് ജയസൂര്യയുടെ പ്രാഥമിക മൊഴി.
തൃശ്ശൂർ സ്വദേശിയായ സ്വാതിക് റഹിം 2019ല്‍ തുടങ്ങിയതാണ് സേവ് ബോക്സ്. ഇന്ത്യയില്‍ തന്നെ ആദ്യ സംരംഭം എന്ന് വിശേഷിപ്പിച്ച ഓണ്‍ലൈന്‍ ലേല ആപ്പാണിത്. സിനിമാതാരങ്ങളുമായി അടുത്ത പരിചയമുള്ള സ്വാതിക് ജയസൂര്യയെയാണ് സേവ് ബോക്സിന്‍റെ ബ്രാന്‍ഡ് അംബാസിഡറായി ക്ഷണിച്ചത്. രണ്ട് കോടിയോളം രൂപയും ജയസൂര്യക്ക് വാഗ്ദാനം ചെയ്തു. മറ്റ് പല സിനിമാ താരങ്ങളും ആപ്പിന്‍റെ പ്രചാരണത്തിനായി സമൂഹമാധ്യമങ്ങളിലടക്കം പ്രവര്‍ത്തിച്ചു. ഡിസംബര്‍ 24നും ജയസൂര്യ ഇഡിക്ക് മുന്നില്‍ ഹാജരായിരുന്നു.