
ബോളിവുഡിൽ നിന്ന് നെപ്പോട്ടിസം നേരിട്ടിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടി പ്രിയങ്ക ചോപ്ര. ചില സംവിധായകരുടെയും ചില നടന്മാരുടെയും ഇടപെടൽ കാരണം പല ചിത്രങ്ങളിൽ നിന്നും അപ്രതീക്ഷിതമായി തന്നെ ഒഴിവാക്കിയിട്ടുണ്ടെന്നും, കരാറൊപ്പിട്ട ചിത്രത്തിൽ നിന്ന് മറ്റൊരു നായികയ്ക്ക് വേണ്ടി തന്നെ മാറ്റിയിട്ടുണ്ടെന്നും പ്രിയങ്ക ചോപ്ര പറഞ്ഞു. ഹാർവേഡ് ബിസിനസ്സ് സ്കൂളിൽ സംസാരിക്കവെയാണ് പ്രിയങ്ക ഈ കാര്യം തുറന്ന് പറഞ്ഞത്.
“2007 ലാണ് സംഭവം. സലാം യേ ഇഷ്ഖ് എന്ന സിനിമയുടെ സെറ്റിലായിരുന്നു ഞാൻ. ആ സമയം നേരത്തെ കരാറില്‍ ഒപ്പിട്ട സിനിമയിലെ നായകന് എന്നെ കാണാൻ എത്തി. എനിക്ക് പിന്തുണ നൽകാൻ വന്നതാണ് എന്നാണ് കരുതിയത്. എന്നാല്‍ അദ്ദേഹം വന്നത് മറ്റൊരു കാര്യം അറിയിക്കാനായിരുന്നു. തങ്ങള്‍ ചെയ്യാനിരുന്ന സിനിമയില്‍ നിന്നും നിന്നെ പുറത്താക്കിയെന്ന് അദ്ദേഹം പറഞ്ഞു. ”സംവിധായകൻ അബദ്ധത്തിൽ നിങ്ങൾക്ക് ഈ സിനിമ തന്നു. അത് അദ്ദേഹത്തിന്റെ തെറ്റാണ്. ഈ ചിത്രത്തിലെ നായികയായി മറ്റൊരു മുന്‍നിര നായികയെ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. നമുക്ക് ഒരുമിച്ച് മറ്റൊരു സിനിമ ചെയ്യാം, വിഷമിക്കേണ്ട” എന്ന് അദ്ദേഹം പറഞ്ഞു.” പ്രിയങ്ക ചോപ്ര പറഞ്ഞു.
“അന്ന് എനിക്ക് 22 വയസ് മാത്രമായിരുന്നു പ്രായം. ‘വളരെ പ്രധാനപ്പെട്ട സിനിമയായിരുന്നു അത്. എന്റെ ഹൃദയം നുറുങ്ങിപ്പോയി. ഞാന്‍ കരാറില്‍ ഒപ്പിട്ടതാണ്. പക്ഷെ എന്ത് ചെയ്യാന്‍? അതങ്ങനെ പോയി. ഇത് കാരണം അഭിനയം നിര്‍ത്തി വീണ്ടും പഠിക്കാന്‍ പോയല്ലോ എന്ന് വരെ ഒരു ഘട്ടത്തില്‍ ആലോചിച്ചിരുന്നു. എന്നാൽ പിന്നീട് അഭിനയം മെച്ചപ്പെടുത്താൻ ശ്രമിച്ചു. നെപ്പോട്ടിസത്തിന്റെ അര്‍ത്ഥം അന്ന് എനിക്ക് അറിയില്ലായിരുന്നു. നെപ്പോട്ടിസം എന്തെന്നോ അത് കാരണമുണ്ടാകുന്ന പരിധികളൊന്നും എനിക്കറിയില്ലായിരുന്നു.എന്നെ നായികയായിട്ടാകും തീരുമാനിച്ചിട്ടുണ്ടാവുക. പെട്ടെന്ന് ഞാന്‍ രണ്ടാം നായികയാകും. വേറൊരു നടിയെ നായികയാക്കാന്‍. അതിന്റെ രാഷ്ട്രീയം അപ്പോഴാണ് ഞാന്‍ മനസിലാക്കുന്നത്. എനിക്ക് വേണ്ടി ആരും സിനിമ ഉണ്ടാക്കിയിരുന്നില്ല.” പ്രിയങ്ക ചോപ്ര കൂട്ടിച്ചേർത്തു.