“സംസാരത്തിന്റെ ഒഴുക്കിൽ പറ്റിയ നാക്ക് പിഴ, പരാമർശങ്ങൾ പൂർണ്ണമായും പിൻവലിക്കുന്നു.” അല്ലു അർജുനോട് മാപ്പ് പറഞ്ഞ് സ്ട്രാറ്റജിസ്റ്റ്

','

' ); } ?>

നടൻ അല്ലു അർജുനെക്കുറിച്ചുള്ള 42 പ്രസ്താവനയിൽ മാപ്പ് പറഞ്ഞ് ബ്രാൻഡ് മാനേജർ കാവേരി ബറുവ. അല്ലു അർജുന് ഉണ്ടായ മാനഹാനിയ്ക്ക് മാപ്പു പറയുന്നതായും, അല്ലു അർജുനോ അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കുന്ന ആരെങ്കിലുമോ നിക്ക് ’42 ഡോസ് ആൻഡ് ഡോണ്ട്‌സ്’ അടങ്ങിയ ഒരു രേഖയും നൽകിയിട്ടില്ലെന്നും‘ കാവേരി ബറുവ പറഞ്ഞു. കൂടാതെ സംസാരത്തിന്റെ ഒഴുക്കിൽ പറ്റിയ നാക്ക് പിഴയാണെന്നും, തന്റെ രാമർശങ്ങൾ പൂർണ്ണമായും പിൻവലിക്കുന്നുവെന്നും കാവേരി കൂട്ടിച്ചേർത്തു. തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിലൂടെയായിരുന്നു കാവേരിയുടെ പ്രതികരണം.

‘ഞാൻ ആഴത്തിൽ ചിന്തിച്ചപ്പോൾ, ഈ പ്രസ്താവനകൾ തെറ്റായിരുന്നു. അവ പരിശോധിച്ചുറപ്പിച്ച രേഖയേയോ വസ്തുതാപരമായ വിവരങ്ങളേയോ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അല്ലു അർജുനോ അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കുന്ന ആരെങ്കിലുമോ എനിക്ക് ’42 ഡോസ് ആൻഡ് ഡോണ്ട്‌സ്’ അടങ്ങിയ ഒരു രേഖയും നൽകിയിട്ടില്ല.’ കാവേരി പറഞ്ഞു.

‘എൻ്റെ പരാമർശങ്ങൾ സംഭാഷണങ്ങളുടെ ഒഴുക്കിൽ സംഭവിച്ചതാണ്, അവയെ വസ്തുതാപരമായ കാര്യങ്ങളായി അവതരിപ്പിക്കരുത്. ഞാൻ നടത്തിയ ആ പ്രസ്താവനകൾ കാരണം അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് സംഭവിച്ച നഷ്ടങ്ങളിൽ ഞാൻ ആത്മാർത്ഥമായി ഖേദിക്കുന്നു. ഞാൻ എൻ്റെ പരാമർശങ്ങൾ പൂർണ്ണമായും പിൻവലിക്കുന്നു. അല്ലു അർജുനോടും അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളോടും എനിക്ക് അതിയായ ബഹുമാനമുണ്ട്. അദ്ദേഹത്തിനുണ്ടായ ഏതെങ്കിലും അസൗകര്യത്തിൽ ഞാൻ ഖേദിക്കുന്നു.’ കാവേരി കൂട്ടിച്ചേർത്തു

അല്ലു അർജുനെക്കുറിച്ച് ബ്രാൻഡ് മാനേജർ കാവേരി ബറുവയുടെ വെളിപ്പെടുത്തലുകൾ വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. അല്ലു അർജുനെ കാണുന്നതിന് മുൻപ് ‘താരത്തിന്റെ കണ്ണുകളിലേക്ക് നോക്കരുത്, ഹസ്തദാനം ചെയ്യരുത്’ തുടങ്ങിയ 42 നിബന്ധനകൾ പാലിക്കണമെന്ന് ടീം നിർദ്ദേശിച്ചെന്നായിരുന്നു കാവേരിയുടെ വെളിപ്പെടുത്തൽ. ഇതിന് പിന്നാലെ കാവേരിക്കെതിരെ നിയമനടപടി സ്വീകരിച്ച് നടന്റെ ടീമും എത്തിയിരുന്നു.