
സൈബർ അധിക്ഷേപം നടത്തുന്നവർക്കെതിരെ രൂക്ഷമായി പ്രതികരിച്ച് നടിയും അവതാരകയുമായ മീനാക്ഷി അനൂപ്. ‘കുട്ടികളും സ്ത്രീകളുമാണ് സൈബർ ബുള്ളിയിങ്ങിന്റെ ഇരകളിലധികമെന്നും, സൈബർ ബുള്ളിയിങ്ങ് പോലെയുള്ള പെരുമാറ്റ വൈകല്യങ്ങളും മാനസിക ബുദ്ധിമുട്ടുകളും ഒഴിവാക്കാനുള്ള പദ്ധതികളും അറിവും അധ്യാപകരും മാതാപിതാക്കളും ആവിഷ്കരിക്കേണ്ടതുണ്ടെന്നും‘ മീനാക്ഷി പറഞ്ഞു. കൂടാതെ അത്തരം ആളുകൾക്കെതിരെ നിയമനടപടി കൈക്കൊള്ളുമെന്ന മുന്നറിയിപ്പും മീനാക്ഷി നൽകി. ‘മലർന്ന് കിടന്ന് തുപ്പുന്ന ഒരുവൻ’ എന്ന ക്യാപ്ഷനോട് കൂടെ തന്റെ ഫേസ്ബുക് പേജിലൂടെയായിരുന്നു മീനാക്ഷിയുടെ പ്രതികരണം.
“‘സൈബർ ഇടങ്ങളിൽ മലർന്ന് കിടന്ന് തുപ്പുന്നവരറിയാൻ’, എന്റെ മേലും അത് തെറിക്കാനിടയായാൽ ചിലപ്പോൾ എൻ്റെ അറിവുകൾ എനിക്ക് പറയാനുള്ളത് മാത്രമല്ല, മറിച്ച് പ്രവർത്തിക്കാനുള്ളതുകൂടിയാണ് എന്നെനിക്കറിയാമായിരുന്നുവെന്നതു കൂടി പ്രായം കൂടിയാലും അതിനൊപ്പം വ്യക്തിത്വ വികാസം ഉണ്ടായിട്ടില്ലാത്ത തുപ്പന്മാരും തെറിയന്മാരും അശ്ലീലക്കാരും ഒക്കെ അറിയേണ്ടതായി വരും. പിന്നെ നിങ്ങളെപ്പോലുള്ളവർക്കൊരു സന്തോഷം ജയിലുകളിൽ ശമ്പളം കൂട്ടിയിരിക്കുന്നു എന്നതു മാത്രമാവും. കണ്ടാൽ യോഗ്യനെന്നു തോന്നുന്ന ഇയാളേപ്പോലെയുള്ളവർ നേർക്കുനേർ വരേണ്ടി വരുന്ന പൊതുയിടങ്ങളിൽ വളരെ മാന്യനും സംസ്കാര സമ്പന്നനും ബഹുമാനമർഹിക്കുന്നവരുമൊക്കെയായി ആവും ഇവരുടെ പെരുമാറ്റം. അങ്ങനെയൊക്കെയുള്ള ഇമേജും ഇവർ ഉണ്ടാക്കിയെടുത്തിട്ടുണ്ടാവും. പക്ഷെ കെട്ടിപ്പൂട്ടിയ പ്രൊഫൈലുകളിൽ മറഞ്ഞിരുന്ന് സൈബർ ഇടങ്ങളിൽ എന്തുമാവാം തങ്ങൾ അവിടെ സുരക്ഷിതരാണ് എന്നു കരുതുന്ന ഇവരുടെ വ്യക്തിത്വം തന്നെ ഏറെ മോശമായതും എന്നാൽ നേർക്കുനേർ ഇടങ്ങളിൽ ഇവർ പോളീഷ്ഡ് ആയി സ്വയം മാറുന്നവരും തന്നെയെന്നതും ഉറപ്പ്. പക്ഷേ ഇവരെപ്പോലുള്ളവർ അറിയേണ്ട ഒന്നു കൂടിയുണ്ട് സൈബർ നിയമങ്ങൾ ശക്തമായിക്കഴിഞ്ഞു. വേണ്ട വിധം ഒരാൾ അതിനു വേണ്ടി തുനിഞ്ഞിറങ്ങിയാൽ കൃത്യമായും ജീവിതത്തിൽ ഒരിക്കലും മറക്കാനിടയില്ലാത്ത ഒരു ജയിൽ ഏടുകൂടി ജീവിതത്തിനുണ്ടാവും എന്നതും മറക്കാതിരിക്കുക.” മീനാക്ഷി കുറിച്ചു.
“പലപ്പോഴും മാന്യരെന്ന് കരുതുന്നവർ പിടിക്കപ്പെടുമ്പോഴാണ് യഥാർത്ഥ മുഖം വെളിവാകുന്നത് അത് പക്ഷെ ബന്ധുമിത്രാദികൾക്കതത്ര സുഖകരമാവില്ല താനും. പലപ്പോഴും പോലീസ് പറഞ്ഞിട്ടുള്ള ഒരു കാര്യം പലരും പ്രത്യേകിച്ച് പെൺകുട്ടികൾ സൈബർ കേസ് നൽകാറുണ്ടെങ്കിലും കേസ് അന്വേഷിച്ച് പിടിച്ച് വരുമ്പോൾ പലപ്പോഴും കേസ് കൊടുത്തവർ തന്നെ മറ്റുള്ളവർ എന്തു കരുതും എന്നൊക്കെ ഭയന്ന് കേസ് പിൻവലിച്ച് പോവാറാണ് പതിവ്. സൈബർ ക്രിമിനലുകളുടെ ധൈര്യവും ഇതൊക്കെ തന്നെ. പക്ഷേ എനിക്ക് ഇരയായി നിന്ന് കരയാനല്ല, മറിച്ച് പോരാടാനാണിഷ്ടം. അങ്ങനെയാണ് പഠിച്ചിട്ടുള്ളതും. വാവിട്ട വാക്കും കൈവിട്ട കമൻ്റും തിരിച്ചെടുക്കാനാവില്ല. വിദ്വേഷകരമായ അഭിപ്രായങ്ങളിലൂടെയോ അല്ലെങ്കിൽ സന്ദേശമയക്കലിലൂടെയോ അപമാനം ഉണ്ടാക്കുന്നതുപോലുള്ള വിവിധതരം കുറ്റകൃത്യങ്ങൾ സൈബർ ബുള്ളിയിങ്ങിൽ ഉൾപ്പെടുന്നു. സൈബർ ഇടങ്ങളിലെ അതിക്രമങ്ങൾ മുറിവേൽപ്പിക്കുന്നത് മനസുകളെയാണ്. കുട്ടികളും സ്ത്രീകളുമാണ് സൈബർ ബുള്ളിയിങ്ങിൻ്റെ ഇരകളിലധികവും. ഓൺലൈൻ ഉപയോഗത്തെക്കുറിച്ചും അതിലെ കെണികളെ കുറിച്ചും കുട്ടികൾക്ക് മാർഗനിർദേശം നൽകുക, സൈബർ ബുള്ളിയിങ്ങ് പോലെയുള്ള പെരുമാറ്റ വൈകല്യങ്ങളും മാനസിക ബുദ്ധിമുട്ടുകളും ഒഴിവാക്കാനുള്ള പദ്ധതികളും അറിവും അധ്യാപകരും മാതാപിതാക്കളും ആവിഷ്കരിക്കേണ്ടതുണ്ട്. ഓൺലൈൻ ലോകത്തെ കുറിച്ചുള്ള ശരിയായ അറിവ് മക്കൾക്കുണ്ടാക്കിക്കൊടുക്കുക എന്നത് വളരെ പ്രധാനമാണ്.” മീനാക്ഷി കൂട്ടിച്ചേർത്തു.