
മകന്റെ വിവാഹത്തിന് ക്ഷണിക്കാൻ വിട്ടുപോയവരോടുള്ള ക്ഷമാപണവുമായി നടനും മിമിക്രി കലാകാരനുമായ കണ്ണൻ സാഗർ. താൻ അത്ര ഭയങ്കര താരമല്ലെന്നും കയ്യെത്തുന്നതേ പറിക്കാവൂ എന്നും നല്ലബോധ്യമുള്ള ഒരാളാണെന്നും കണ്ണൻ സാഗർ പറഞ്ഞു. കൂടാതെ ആരെയും മനഃപൂർവ്വം ഒഴിവാക്കിയതല്ലെന്നും, സാഹചര്യങ്ങൾ വഴിപ്പെടാതെയും പെട്ടന്ന് ഓർമ്മയിൽ വരാതെയും ഇരുന്നത് വേദനിപ്പിക്കുന്നുവെന്നും കണ്ണൻ സാഗർ കൂട്ടിച്ചേർത്തു. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
“സഹപ്രവർത്തകരായിട്ടുള്ള കുറേ പ്രതിഭകളെ മകന്റെ കല്യാണ റിസപ്ഷനുമായി ബന്ധപ്പെട്ട് ക്ഷണിച്ചിരുന്നു. വർക്കുകളോ ഷൂട്ടിങ്ങോ മറ്റുത്തിരക്കുകളോ ഉണ്ടെങ്കിൽ ഒരുകാരണവശാലും ബുദ്ധിമുട്ടി വരേണ്ടതില്ല. സമയം എപ്പോഴാ കിട്ടുന്നത് അന്ന് പറ്റുമെങ്കിൽ എന്റെ മക്കളെ കാണാൻ ഒന്നുവന്നാൽ മതിയെന്നും ഞാൻ പറഞ്ഞിരുന്നു. ചടങ്ങ് നടക്കുമ്പോൾ ഞാൻ ആൾക്കാരുടെ ഒരു ചോദ്യത്തിന് മുന്നിലാണ് ഉത്തരം കൂടുതൽ പറയേണ്ടിയും വന്നത് ‘കണ്ണാ അവര് വന്നില്ലേ ഇവര് വന്നില്ലേ’ ചോദിക്കുന്നത് വലിയ വലിയ താരങ്ങളുടെ പേരുകളാ ഈ പറഞ്ഞവരാരും ഇങ്ങനെ ഒരു ചടങ്ങ് നടക്കുന്നതായി അറിയുക പോലും ഉണ്ടായിട്ടില്ല. അതിനെല്ലാം സൗമ്യമായി മറുപടി നൽകി ഞാൻ ആപ്രദേശമാകെ ഒഴുകി നടന്നു. ‘ഞാൻ അധികം ആരേയും ക്ഷണിച്ചിട്ടില്ല അവർക്കൊക്കെ തിരക്കാണ്. ’ ഞാൻ അത്രഭയങ്കര താരമല്ലെന്നും കയ്യെത്തുന്നതേ പറിക്കാവൂ എന്നും നല്ലബോധ്യമുള്ള ഒരാളാണെന്നും അന്നും ഇന്നും വിശ്വസിക്കുന്ന എളിയവനാണ്. വലിയവരായാലും ചെറിയവരായാലും അന്നത്തെ ദിവസം എല്ലാവരും എനിക്കൊരുപോലെയാണ് അവർ എന്റെ പ്രിയപ്പെട്ട അതിഥികളാണ്.” കണ്ണൻ സാഗർ പറഞ്ഞു.
“എത്ര തിരക്കുണ്ടേലും തിരക്കിച്ചെല്ലുന്നവനാണ് സുഹൃത്ത് ആത്മബന്ധത്തിന്റെ കെട്ടുറപ്പും ആത്മാർത്ഥതയും പരസ്പരസ്നേഹവും അങ്ങനെയാണ് എന്നാണ് പൂർവ്വികരായിട്ടുള്ള ശുദ്ധത്മാക്കൾ പറഞ്ഞുവെച്ച പഴമൊഴികൾ, തിരക്കുകളെന്ന ആ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയും നന്നായി അറിയുകയും ചെയ്തിട്ടുള്ള ആളായതിനാൽ കാര്യങ്ങൾ പറഞ്ഞാൽ ബോധ്യപ്പെടും. അന്നേ ദിവസം ഷോയും കാര്യങ്ങളും ഒക്കെയുണ്ടായിട്ടും കുറേ നേരത്തെത്തന്നെ വന്നു മക്കളെ അനുഗ്രഹിച്ചിട്ടു പോയി ഈ പ്രിയ സഹപ്രവർത്തകർ,
വന്നും വരാതെയും മനസുകൊണ്ട് അനുഗ്രഹിച്ചു ആശംസകൾ നേർന്നുകൊണ്ട് സ്നേഹം സമർപ്പിച്ച സുഹൃത്ത്ബന്ധ, സഹപ്രവർത്തകർ, നാട്ടുക്കാർ, ബന്ധുജനങ്ങക്കും വിളിച്ചും വിളിക്കാതെയും പരിഭവങ്ങളും ചെറുപ്പിണക്കങ്ങളും നൽകി പരാതിപ്പെട്ടവർക്കും മനപ്പൂർവ്വം ഒഴിവാക്കിയതല്ല സാഹചര്യങ്ങൾ വഴിപ്പെടാതെയും പെട്ടന്ന് ഓർമ്മയിൽ വരാതെയും ഇരുന്നു എന്ന വേദനയുള്ള മനസോടെ ക്ഷമാപണത്തോടെ,ഒരായിരം നന്ദി.” കണ്ണൻ സാഗർ കൂട്ടിച്ചേർത്തു.
മിമിക്രി വേദികളിലും സിനിമയിലും ടെലിവിഷനിലുമെല്ലാം സജീവമാണ് കണ്ണന്‍ സാഗര്‍. കോമഡി ഷോകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരം. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് കണ്ണന്‍ സാഗര്‍. താരത്തിന്റെ പ്രതികരണങ്ങളും അനുഭവക്കുറിപ്പുകളുമെല്ലാം ചര്‍ച്ചയാകാറുണ്ട്.