
തമിഴ്നാട്ടിലെ തേനിയിലുണ്ടായ കാറപകടത്തിൽ നടൻ റിയാസ് പത്താന് പരിക്ക്. തേനി എത്തുന്നതിനു മുന്നേ നടൻ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. റിയാസ് ഇരുന്ന ഭാഗമാണ് ഇടിച്ചുകയറിയത്. മകൻ അജ്മൽ റിയാസാണ് കാർ ഓടിച്ചിരുന്നത്. ഉടൻ തേനി താലൂക്ക് ആശുപത്രിയിലും അതിനുശേഷം തേനി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സ വേണ്ടതിനാൽ വൈകീട്ടോടെ വൈക്കം ഇൻഡോ അമേരിക്കൻ ഹോസ്പ്പിറ്റലിൽ അഡ്മിറ്റ് ചെയ്യും.
രണ്ടുസിനിമകളുടെ തിരക്കഥ എഴുതിക്കൊണ്ടിരിക്കുന്ന സമയത്താണ് അപകടം സംഭവിച്ചിരിക്കുന്നത്. അദ്ദേഹം ഉടൻ ആശുപത്രിവിടുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
‘ഫ്ലാറ്റ് നമ്പർ 4ബി’യിൽ പ്രധാനകഥാപാത്രമായെത്തി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച റിയാസ് ‘കായംകുളം കൊച്ചുണ്ണി’, ‘ക്ലിന്റ്’, ‘റാണി’, കന്നഡ ചിത്രമായ ‘ഗഡിയാറ’ തുടങ്ങിയ ധാരാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഒടിടിയിൽ പ്രദർശനത്തിനെത്തിയ ‘രണ്ടാംമുഖ’ത്തിലും ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്തിട്ടുണ്ട്.