
മലയാളി യുവനടിയെ യുവാവ് കടന്നു പിടിച്ചെന്ന് പരാതി. ചെന്നൈ ഹോട്ടൽ മുറിയിൽ വച്ച് കേടായ ഫോൺ നന്നാക്കാനെത്തിയ ഹോട്ടൽ ജീവനക്കാരനാണ് നടിയെ കടന്നുപിടിക്കാൻ ശ്രമിച്ചത്. തുടർന്ന് നടി ബഹളം വച്ചപ്പോൾ യുവാവ് മുറിയിൽനിന്ന് ഇറങ്ങിയോടി. സംഭവസമയം യുവനടി മാത്രമാണ് മുറിയിൽ ഉണ്ടായിരുന്നത്. സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് നടി ചെന്നൈയിലെത്തിയത്.
മുറിയിലെ ഫോൺ കേടായത് റിസപ്ഷനിൽ അറിയിച്ചപ്പോഴാണ് ജീവനക്കാരൻ മുറിയിലെത്തിയതെന്നും, മുറിയിലെത്തിയ ജീവനക്കാരൻ തന്നെ സ്പർശിക്കാൻ ശ്രമിച്ചെന്നും പുറത്തു പോകാൻ ആവശ്യപ്പെട്ടിട്ടും മുറിയിൽ തുടർന്നെന്നും നടി പൊലീസിനു നൽകിയ പരാതിയിൽ പറഞ്ഞു.
സംഭവത്തിൽ നാഗപട്ടണം സ്വദേശിയായ സയ്യിദ് അഫ്രീദിയെന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ടി നഗറിലെ ഹോട്ടലിൽ പാർട്ട് ടൈം ആയി ജോലി ചെയ്യുകയാണ് ഇയാൾ. ഹോട്ടലിലെ സിസിടിവി അടക്കമുള്ള തെളിവുകൾ പൊലീസ് പരിശോധിച്ചാണ് ജീവനക്കാരനെ കസ്റ്റഡിയിലെടുത്തത്. പൊലീസ് ചോദ്യം ചെയ്യലിൽ ആരോപണം നിഷേധിച്ച യുവാവ് മുറിയിൽ ഭക്ഷണത്തിന്റെ ഓർഡർ എടുക്കാനാണു പോയതെന്ന് മൊഴി നൽകി.