
മഹേഷ് ബാബു-രാജമൗലി ചിത്രം ‘വാരണാസി’യിലെ തന്റെ ‘കുംഭ‘എന്ന കഥാപാത്രത്തെ കുറിച്ച് തുറന്നു സംസാരിച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ. “പോസ്റ്ററിൽ കണ്ടതിനേക്കാളും അപ്പുറമാണ് കുംഭയുടെ വീൽ ചെയറെന്നും, ആ വീൽ ചെയർ അയാളുടെ വ്യക്തിത്വത്തിന്റെയും ചിന്തകളുടെയും ഒരു ഭാഗം തന്നെയാണെന്നും പൃഥ്വിരാജ് പറഞ്ഞു. കൂടാതെ വീൽ ചെയർ ഒരു പ്രോപ്പർട്ടി മാത്രമല്ല, അത് കുംഭ ആരാണെന്നതിന്റെ ഭാഗമാണെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.
“നിങ്ങൾ പോസ്റ്ററിൽ കണ്ടതിലും അപ്പുറമാണ് ആ വീൽ ചെയർ. അത് അയാളുടെ (കുംഭ) ചിന്തകളുമായി നേരിട്ട് ബന്ധിക്കപ്പെട്ടിരിക്കുന്നു. ആ വീൽ ചെയർ അയാളുടെ വ്യക്തിത്വത്തിന്റെയും ചിന്തകളുടെയും ഒരു ഭാഗം തന്നെയാണ്. അയാൾ വളരെ അപകടകാരിയാണ്. ശാരീരിക പരിമിതി ഉണ്ടെന്നെയുള്ളൂ. അപകടകരവും അപ്രതീക്ഷിതവുമായി വഴികളിലാണ് അയാളുടെ ചിന്തകൾ പോകുന്നത്.” പൃഥ്വിരാജ് പറഞ്ഞു.
“വീൽ ചെയർ അയാളുടെ ചിന്തകളുമായി നേരിട്ട് ബന്ധിപ്പിക്കുന്ന വിധത്തിലാണ് വരുന്നത്. കൂടുതൽ ഇപ്പോൾ വിശദീകരിക്കുന്നില്ല. വീൽ ചെയർ ഒരു പ്രോപ്പർട്ടി മാത്രമല്ല, അത് കുംഭ ആരാണെന്നതിന്റെ ഭാഗമാണ്. ഷൂട്ടിങ് സമയത്ത് അബദ്ധവശാൽ പോലും എന്റെ കൈകാലുകൾ ചലിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അവ പ്രത്യേക മെക്കാനിസം ഉപയോഗിച്ച് വീൽ ചെയറുമായി ലോക്ക് ചെയ്തിരിക്കുകയായിരുന്നു.” പൃഥ്വിരാജ് കൂട്ടിച്ചേർത്തു.
മഹേഷ് ബാബുവിനെ നായകനാക്കി എസ്.എസ്. രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘വാരണാസി’. പ്രിയങ്ക ചോപ്ര ആറ് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കഴിഞ്ഞ വർഷം നവംബർ 15ന് ഹൈദരാബാദിൽ നടന്ന ബ്രഹ്മാണ്ഡ പരിപാടിയിലാണ് സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിച്ചത്. തുടർന്ന് സിനിമയുടെ ടീസറും പുറത്തുവിട്ടിരുന്നു. പല കാലങ്ങളില് പല ദേശങ്ങളിലൂടെ സഞ്ചരിക്കുന്ന ടൈം ട്രാവൽ അഡ്വഞ്ചർ മൂവിയായിരിക്കും ‘വാരണാസി’ എന്നാണ് ടൈറ്റിൽ റിവീൽ ടീസർ നൽകിയ സൂചന. ഐമാക്സിൽ ഉൾപ്പെടെ ഫുൾ സ്ക്രീൻ ഫോർമാറ്റിൽ ആകും ചിത്രം ഇറങ്ങുക എന്നാണ് രാജമൗലി അറിയിച്ചിരിക്കുന്നത്.
ശ്രീ ദുർഗ ആർട്ട്സ്, ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ.എൽ. നാരായണ, എസ്.എസ്. കർത്തികേയ എന്നിവരാണ് ‘വാരണാസി’ നിർമിക്കുന്നത്. ഓസ്കാർ ജേതാവ് എം.എം. കീരവാണിയാണ് ‘വാരണാസി’യുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്. രാജമൗലിയുടെ പിതാവും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് തിരക്കഥ ഒരുക്കുന്നത്.