
നടി പ്രിയങ്ക നായരെ ബോഡി ഷെയിമിങ് ചെയ്ത നടി ആനിയുടെ നിരീക്ഷണത്തെ തിരുത്തി മകൻ റുഷിൻ ഷാജികൈലാസ്. ഒരാൾ എങ്ങനെ ഇരിക്കണം എന്നത് അവരുടെ വ്യക്‌തിപരമായ ഇഷ്‌ടമാണെന്നും ആനിയുടെ പ്രതികരണം തെറ്റാണെന്നായിരുന്നു മകൻ റുഷിൻ പറഞ്ഞത്. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു റുഷിൻ ആനിയുടെ ഈ കാര്യങ്ങൾ സംസാരിച്ചത്. ആനിയെ റോസ്‌റ്റ് ചെയ്‌തുള്ള ഇൻഫ്ലുവൻസേഴ്‌സിൻ്റെ വിഡിയോ കാണിച്ച ശേഷമാണ് റുഷിൻ ഈ വിഷയത്തിൽ അമ്മയുടെ മറുപടി തേടിയത്. ‘കുലസ്ത്രീ അമ്മയാണോ?’ എന്ന ചോദ്യവുമായാണ് റുഷിൻ അമ്മയ്ക്ക് മുന്നിലെത്തുന്നത്.
“ഒരു അഭിനേത്രി എന്ന നിലയിൽ പ്രിയങ്കയിൽ വന്ന മാറ്റത്തിൽ ഞാൻ അഭിമാനിക്കുന്നു. ആദ്യ സിനിമയ്ക്ക് വേണ്ടി ഞാൻ മുടി മുറിച്ചപ്പോൾ എല്ലാവരും പ്രശംസിക്കുകയാണ് ചെയ്തത്. മുടി വെട്ടിയിട്ട് എന്തുകോലമാണെന്ന് ആരും ചോദിക്കാൻ വന്നിട്ടില്ല, എല്ലാവരും പ്രശംസിക്കുകയാണ് ചെയ്‌തത്. അതുപോലെ തന്നെയാണ് ആ കുട്ടിയുടെ കാര്യത്തിലും ചോദിച്ചത്. മേക്കപ്പ് ഇല്ലാതെ അഭിനയിച്ചോ എന്നാണ് ചോദിച്ചത്. പ്രിയങ്കയുടെ കാര്യത്തിലും ആ ഡെഡിക്കേഷൻ കണ്ടുള്ള അതിശയമായിരുന്നു എൻ്റെ വാക്കുകളിൽ. പക്ഷേ എന്റെ ഉള്ളിൽ ആഴത്തിലൊന്നും ഇതേക്കുറിച്ച് ചിന്തിച്ചിട്ടില്ല. ഓരോ സിനിമയിൽ അഭിനയിച്ചു വരുമ്പോഴാണ് അറിയാൻ കഴിയുന്നത്, ലാലേട്ടനും കമൽഹാസനുമൊക്കെ ഇതുപോല ചെയ്‌തിട്ടുണ്ടായിരുന്നുവെന്ന്. ഈ ഇതിഹാസങ്ങളെ മുന്നിൽ കണ്ട് ഈ കുട്ടികളിത്രയും ഡെഡിക്കേറ്റഡ് ആണോ എന്ന അതിശയമായിരുന്നു എൻ്റെ മുഖത്ത്. അല്ലാതെ അവരെ ബോഡി ഷെയ്മിങ് ചെയ്‌തിട്ടേ ഇല്ല. എൻ്റെ മുന്നിൽ വച്ച് ഒരാൾ ചെയ്താൽ തന്നെ ഞാൻ പറയും, നിങ്ങൾ അവരുടെ വശം കൂടി ചിന്തിക്കൂ എന്ന്. എന്നെ വിമർശിക്കുന്ന കുട്ടികളുടെ വിഡിയോ കാണിച്ചല്ലോ, ആ കുട്ടികളോട് എനിക്ക് വിരോധമൊന്നുമില്ല. അവരെ പ്രശംസിക്കുന്നു, എന്റെ തെറ്റ് തിരുത്തിയതും എന്റെ കാഴ്‌ചപ്പാടിൽ നിന്നും ഇതൊക്കെ വ്യക്തമാക്കാൻ പറ്റിയതും അവർ അത് ചെയ്‌തതുകൊണ്ടാണ്. പക്ഷേ ചേച്ചി എന്തിനത് ചെയ്തു എന്നത് അവർ കാണിച്ചില്ലല്ലോ?.” ആനി പറഞ്ഞു.
പ്രിയങ്ക വിഷയത്തിൽ വിശദീകരണവുമായി എത്തിയെങ്കിലും ആനിക്കെതിരെയുള്ള സൈബർ പ്രതിഷേധം തീർന്നിട്ടില്ല. അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയർ അഞ്ഞാഴി’ എന്ന പഴഞ്ചൊല്ലിനെ അനുസ്മരിപ്പിക്കുന്നതാണ് താരത്തിൻ്റെ ന്യായീകരണമെന്നാണ് സൈബർ ലോകത്തെ പ്രധാന പരിഹാസം. ബോഡി ഷെയ്‌മിങ്ങിനെയും സ്ത്രീവിരുദ്ധ നിലപാടുകളെയും ‘നാട്ടുനടപ്പായി’ ലഘൂകരിക്കാനുള്ള ആനിയുടെ ശ്രമം അംഗീകരിക്കാനാവില്ലെന്ന് ഭൂരിഭാഗം പേരും കുറിക്കുന്നു. എങ്കിലും, പുതിയ തലമുറ തന്റെ തെറ്റുകൾ തിരുത്തുന്നുണ്ടെന്നും കാലത്തിനനുസരിച്ച് മാറാൻ താൻ ശ്രമിക്കുന്നുണ്ടെന്നുമുള്ള താരത്തിൻ്റെ തുറന്നുപറച്ചിൽ ചിലരെങ്കിലും സ്വാഗതം ചെയ്യുന്നുണ്ട്.