‘അമ്മ കൂടെ ഉണ്ടായിരുന്നിട്ടും അക്രമിക്കപ്പെട്ടവളാണ് ഞാൻ, സിനിമാ മേഖല നിങ്ങളെന്താണെന്നത് പ്രതിഫലിപ്പിക്കുന്ന ഇടമല്ല’; ചിരഞ്ജീവിയെ തിരുത്തി ചിന്മയി

','

' ); } ?>

കാസ്റ്റിങ് കൗച്ച് സിനിമയിൽ വ്യാപകമാണെന്ന് തുറന്നടിച്ച് ഗായിക ചിന്മയി ശ്രീപദ. ‘ജോലിക്ക് പ്രതിഫലമായി ലൈംഗിക ബന്ധത്തിന് അവകാശമുണ്ടെന്ന് പുരുഷന്മാർ വിശ്വസിക്കുന്നിടത്താണ് യഥാർഥ പ്രശ്‌നമെന്നും, പീഡകർക്കെതിരേ വെളിപ്പെടുത്തൽ നടത്തിയ സ്ത്രീകളെ അപമാനിച്ചവരാണ് സൗകാർ ജാനകിയെപ്പോലുള്ളവരെന്നുംചിന്മയി പറഞ്ഞു. തെലുങ്ക് സിനിമാ മേഖലയിൽ കാസ്റ്റിങ് കൗച്ച് ഇല്ലെന്ന ചിരഞ്ജീവിയുടെ പരാമർശത്തിനെതിരേ സംസാരിക്കുകയായിരുന്നു ചിന്മയി. ഗാനരചയിതാവായ വൈരമുത്തുവിൽനിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം ഉദാഹരണമായി ചൂണ്ടിക്കാണിച്ചാണ് എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെ ചിന്മയി പ്രതികരിച്ചത്.

“കാസ്റ്റിങ് കൗച്ച് സിനിമയിൽ വ്യാപകമാണ്. പൂർണ്ണമായും സഹകരിക്കാൻ തയ്യാറായില്ലെങ്കിൽ സ്ത്രീകൾക്ക് അവസരം നിഷേധിക്കപ്പെടുന്നു. സിനിമാ വ്യവസായത്തിൽ ‘പൂർണ്ണ സഹകരണം’ എന്നതിന് വേറെ അർഥമാണുള്ളത്. ജോലിക്ക് കൃത്യമായി വരിക, കഴിവിൽ വിശ്വസിക്കുക എന്നാണെങ്കിൽ നിങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടുവെന്നാണ് അർഥം. അവകാശമുണ്ടെന്ന് വിശ്വാസത്തിൽ പുരുഷന്മാർ തുടരുന്ന കാലത്തോളം പുരുഷന്മാർ സ്ത്രീകളിൽനിന്ന് ലൈംഗികസഹകരണം ആവശ്യപ്പെടുകയും പ്രതീക്ഷിക്കുകയും ചെയ്യും. തനിക്ക് അവകാശമുണ്ടെന്ന തോന്നലിനാൽ മോശമായി പെരുമാറുന്ന, ലിംഗത്തിന്റെ ചിത്രങ്ങൾ അയയ്ക്കുന്ന, ലൈംഗിക ബന്ധം ആവശ്യപ്പെടുന്ന ഈ ഗായകനെപ്പോലെയുള്ള സ്ഥിരം കുറ്റവാളികൾക്ക് യാതൊരു ഖേദവുമില്ലാതെ പ്രേക്ഷകർ പിന്തുണ നൽകും.” ചിന്മയി കുറിച്ചു.

“പെൺകുട്ടികൾക്കെതിരേയുള്ള ചൂഷണവും ലൈംഗിക പീഡനവും വ്യാപകമായൊരു പ്രശ്‌നമാണ്. വനിതാ സഹതാരങ്ങൾ സുഹൃത്തുക്കളോ കുടുംബ സുഹൃത്തുക്കളോ ആയിരുന്ന കാലത്തുനിന്നാണ് ചിരഞ്ജീവി ഗാരു വരുന്നത്. അവർ പരസ്‌പരം ബഹുമാനിക്കുകയും ഇതിഹാസങ്ങളോടൊപ്പം പ്രവർത്തിക്കുകയും സ്വയം തന്നെ ഇതിഹാസങ്ങളായി മാറുകയും ചെയ്‌തു. മീറ്റു പ്രസ്ഥാനം മനസിലാക്കാൻ കഴിയാത്ത തലമുറകളുണ്ട്. പീഡകർക്കെതിരേ വെളിപ്പെടുത്തൽ നടത്തിയ സ്ത്രീകളെ അപമാനിച്ചവരാണ് സൗകാർ ജാനകിയെപ്പോലുള്ളവർ. വിദ്യാസമ്പന്നരായ യുവതികൾക്ക് ഇപ്പോൾ സിനിമാ വ്യവസായത്തിൽ എന്താണ് നടക്കുന്നതെന്നറിയാം. അതിനാൽ, സിനിമാ മേഖല നിങ്ങളെന്താണെന്നത് പ്രതിഫലിപ്പിക്കുന്ന ഇടമല്ല. വൈരമുത്തു എന്നെ ലൈംഗികമായി പീഡിപ്പിച്ചത് ഞാൻ അത് ആവശ്യപ്പെട്ടതുകൊണ്ടല്ല. കൗമാരം വിട്ടൊഴിയാത്ത ഞാൻ അദ്ദേഹത്തെ മാർഗദർശിയായും ഇതിഹാസ ഗാനരചയിതാവും ബഹുമാനിച്ചു. വിശ്വസിക്കാൻ കഴിയാത്ത ‘വയസ്സൻ’ ആണ് അദ്ദേഹമന്ന് ഞാൻ കരുതിയില്ല. എൻ്റെ അമ്മ അടുത്തുതന്നെയുണ്ടായിട്ടും അയാളെന്ന ഉപദ്രവിച്ചു. ഇത്തരം പുരുഷന്മാർക്ക്, അടുത്തൊരു രക്ഷിതാവുണ്ടായിട്ടും യാതൊരു മാറ്റവുമില്ല. ജോലി നൽകുന്നതിന് പ്രതിഫലമായി ലൈംഗികമായി സഹകരിക്കണമെന്ന് പുരുഷന്മാർ വിശ്വസിക്കുന്നിടത്താണ് പ്രശ്നം.”ചിന്മയി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം തന്റെ പുതിയ ചിത്രത്തിന്റെ വിജയവുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലായിരുന്നു ചിരഞ്ജീവിയുടെ പ്രതികരണം. തെലുങ്ക് സിനിമാ മേഖലയിൽ കാസ്റ്റിങ് കൗച്ച് ഇല്ലെന്നായിരുന്നു തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവി പറഞ്ഞത്. തെലുങ്ക് സിനിമാ ഇൻഡസ്ട്രി വളരെ പോസിറ്റീവും പ്രൊഫഷണലുമായ ഇടമാണെന്ന് ചിരഞ്ജീവി അഭിപ്രായപ്പെട്ടു. സ്വന്തം കഴിവിൽ വിശ്വാസവും അർപ്പണവുമുള്ളവർക്ക് ടോളിവുഡ് അവസരങ്ങൾ നൽകാറുണ്ടെന്നാണ് തന്റെ നീണ്ടകാലത്തെ അനുഭവത്തിൽനിന്ന് വ്യക്തമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.