
തെലുങ്ക് സിനിമാ മേഖലയിൽ കാസ്റ്റിങ് കൗച്ച് ഇല്ലെന്ന് തുറന്നു പറഞ്ഞ് നടൻ ചിരഞ്ജീവി. ധാർമികതയിലും ലക്ഷ്യത്തിലും ഉറച്ചുനിൽക്കുന്ന കലാകാരന്മാർ ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യത കുറവാണെന്നും, മുഴുവൻ വ്യവസായത്തിനാകെ ഒരുനിറം നൽകാൻ ശ്രമിക്കരുതെന്നും ചിരഞ്ജീവി പറഞ്ഞു. കൂടാതെ തെലുങ്ക് സിനിമാ ഇൻഡസ്ട്രി വളരെ പോസിറ്റീവും പ്രൊഫഷണലുമായ ഇടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ പുറത്തിറങ്ങിയ ചിരഞ്ജീവിയുടെ ‘മന ശങ്കര വരപ്രസാദ് ഗാരു’ എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“തെലുങ്കിൽ കാസ്റ്റിങ് കൗച്ച് സംസ്കാരമില്ല. അത് വ്യക്തികൾക്കനുസരിച്ചിരിക്കും. സിനിമാ മേഖല കണ്ണാടിപോലെയാണ്. നിങ്ങളെന്താണോ അത് പ്രതിഫലിപ്പിക്കുകയാണ് ചെയ്യുന്നത്. ഏതുമേഖലയിലും അനിഷ്‌ടകരമായ സാഹചര്യങ്ങളുണ്ടാകാം. വ്യക്തിപരമായ അതിരുകളും കരിയറിലെ ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തതയും വേണം. ധാർമികതയിലും ലക്ഷ്യത്തിലും ഉറച്ചുനിൽക്കുന്ന കലാകാരന്മാർ ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യത കുറവാണ്. മുഴുവൻ വ്യവസായത്തിനാകെ ഒരുനിറം നൽകാൻ ശ്രമിക്കരുത്.” ചിരഞ്ജീവി പറഞ്ഞു.
നേരത്തേ, തെലുങ്കിൽനിന്ന് കാസ്റ്റിങ് കൗച്ച് അനുഭവമുണ്ടായെന്ന ആരോപണവുമായി വിവിധ നടിമാർ രംഗത്തെത്തിയിരുന്നു. ഒരു വനിതാ കാസ്റ്റിങ് ഏജന്ററ് അവസരങ്ങൾക്കായി ‘കോംപ്രമൈസ്’ ചെയ്യേണ്ടിവരുമെന്ന് തന്നോട് ആവശ്യപ്പെട്ടിരുന്നതായി നടി സൈയാമി ഖേർ ആരോപിച്ചിരുന്നു. സമാന ആരോപണവുമായി ഫാത്തിമ സന ഷെയ്ഖും രംഗത്തെത്തിയിരുന്നു.