
ഹരീഷ് കണാരനെതിരെ നിയമനടപടിക്കൊരുങ്ങുമെന്ന പ്രൊഡക്ഷൻ കൺട്രോളർ എൻ.എം. ബാദുഷയുടെ പ്രതികരണത്തിന് മറുപടിയുമായി ഹരീഷ് കണാരൻ. തന്റെ പുഞ്ചിരിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കൊണ്ടാണ് ഹരീഷിന്റെ പ്രതികരണം. ഹരീഷിന് പിന്തുണയുമായി നിരവധി ആരാധകരും സഹപ്രവർത്തകരും രംഗത്തെത്തുന്നുണ്ട്.
തന്റെ കുടുംബത്തിന് നേരെ സൈബർ ആക്രമണം നടക്കുന്നുവെന്നും മക്കൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്‌ഥയാണെന്നുമായിരുന്നു ബാദുഷ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. കൂടാതെ ഹരീഷിനെതിരെയും തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെയും പൊലീസിൽ പരാതി നൽകിയതായും അദ്ദേഹം അറിയിച്ചിരുന്നു. “സത്യം ഒരു ദിവസം വെളിച്ചത്ത് വരും” എന്നായിരുന്നു പരാതിയുടെ രസീത് പങ്കുവെച്ച് അദ്ദേഹം കുറിച്ചത്.
നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ.എം. ബാദുഷ തന്നിൽ നിന്ന് 20 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നും സിനിമകളിൽ നിന്ന് തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നുവെന്നും ഹരീഷ് കണാരൻ നേരത്തെ ആരോപിച്ചിരുന്നു.