“ആ ചിത്രം പങ്കുവ‌യ്ക്കേണ്ടി വന്നതിൽ അപമാനമുണ്ട്, പക്ഷെ ആത്മഹത്യ ചെയ്യില്ല”; ഷഹനാസ്

','

' ); } ?>

നടൻ മുകേഷിനൊപ്പമുള്ള ചിത്രം പങ്കുവെച്ചതിനു പിന്നാലെ സൈബർ ആക്രമണം നേരിട്ടതിൽ പ്രതികരിച്ച് കെപിസിസി സംസ്‌കാര സാഹിതി ജനറൽ സെക്രട്ടറി എം.എ. ഷഹനാസ്. പീഡനക്കേസിൽ ആരോപണവിധേയനായ നടനും എംഎൽഎയുമായ മുകേഷിനൊപ്പം നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവ‌യ്ക്കേണ്ടി വന്നതിൽ തനിക്ക് വലിയ അപമാനമുണ്ടെന്ന് ഷഹനാസ് പറഞ്ഞു. കൂടാതെ നിലപാടുകൾ തുറന്നു പറഞ്ഞതിൻ്റെ പേരിൽ നേരിടുന്ന കടുത്ത സൈബർ ബുള്ളിയിങിൽ തളരില്ലെന്നും, ഇതിൻ്റെ പേരിൽ ആത്മഹത്യ ചെയ്യേണ്ടി വന്നിരുന്നെങ്കിൽ അത് എന്നേ സംഭവിക്കുമായിരുന്നുവെന്നും ഷഹനാസ് കൂട്ടിച്ചേർത്തു.

“സൈബർ ബുള്ളിയിങ് കൊണ്ട് ആത്മഹത്യ ചെയ്ത ഒരുപാട് മനുഷ്യരുണ്ട്. അങ്ങനെ സൈബർ ബുള്ളിയിങ്ങു കാരണം ഞാൻ ആത്മഹത്യ ചെയ്‌തു എങ്കിൽ അത് എത്ര പ്രാവിശ്യം ആയിരിക്കണം എന്ന് ആലോചിക്കുകയായിരുന്നു. എന്നെ പോലെ അങ്ങനെ ചിന്തിക്കുന്ന എത്രെ മനുഷ്യർ ഉണ്ട്. നിലപാട് പറഞ്ഞതിന്റെ പേരിൽ, അനുഭവിച്ച ചൂഷണം പറഞ്ഞതിൻ്റെ പേരിൽ അങ്ങനെ അങ്ങനെ. എത്ര സ്ത്രീകളെ നിങ്ങൾ കൊല്ലാതെ കൊന്നിട്ടുണ്ട്? അതും സത്യം പകൽ പോലെ വെളിച്ചത്തിൽ നിങ്ങൾക്കൊക്കെ മുന്നിൽ നിന്നാലും ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ നിങ്ങൾ എത്ര മനുഷ്യരെ കൊന്നിട്ടുണ്ട്? ഞാൻ എന്തായാലും ആത്മഹത്യ ചെയ്യില്ല, പറഞ്ഞു വന്നത് മറ്റൊന്നുമല്ല, സൈബർ സ്പേസ് അത് ഏത് രാഷ്ട്രീയമാവട്ടെ അവരുടെ ബുള്ളിയിങ് കാല കാലങ്ങളിൽ അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ നല്ല തൊലികട്ടി തന്നെയാണ്. അല്ലെങ്കിലും പ്രതികരിച്ചതിന്റെ പേരിൽ കലാകാലങ്ങളിൽ നിങ്ങളൊക്കെ തന്ന മോശം പേരുകൾ ഇനി ഒരു കാലത്തും വരാനും ഇല്ല,അതിനപ്പുറം ഒരു പെണ്ണിനെ ഒരു മനുഷ്യനെ പറയാനും ഇല്ല. ” ഷഹനാസ് പറഞ്ഞു

“2023 നിയമസഭപുസ്തകോത്സവത്തിൽ മാക്ബെത് പബ്ലികേഷൻസിന്റെ സ്റ്റാൾ സന്ദർശിച്ച മുകേഷ് എംഎൽയും ഞാനും ഉള്ള ഫോട്ടോ പലയിടത്തും ഷെയർ ചെയ്യുന്നത് ആയിട്ട് അറിഞ്ഞു. ഇല്ലാ കഥകൾ പറഞ്ഞാകരുത് നിങ്ങളുടെ ഒക്കെ നിലപാടുകൾ. 2024 ആണ് ഹേമ കമ്മിറ്റി റിപ്പോർട്ട് വരുന്നത്. അതിന് ശേഷമാണ് സിനിമയിലെ പല യുവതികളും തുറന്നു പറച്ചിലുകൾ നടത്തിയത്. മുകേഷിന് എതിരെ നിരവധി ആരോപണങ്ങൾ വന്നത്. നിങ്ങൾ എൻ്റെ ഫെയ്‌സ്‌ബുക്ക് വാളിൽ നിന്ന് അടർത്തി മാറ്റി കൊണ്ട് പോകുന്ന ചില ഫോട്ടോകൾക്ക് നിങ്ങൾ മാത്രമാണ് ഉത്തരവാദി ഞാനല്ല. മി ടു ആരോപണം വരുന്ന ഒരു പീഡകന്റെയും ഒപ്പം വേദി പോലും പങ്കിടില്ല എന്നത് ജീവിതത്തിൽ എടുത്ത തീരുമാനമാണ്. അത് എല്ലാക്കാലത്തും ജീവിതത്തിൽ പ്രായോഗികമാക്കി എന്റെ മനസാക്ഷിയോട് കൂറ് പുലർത്തേണ്ട ഒന്നാണ്. അതിനെയൊക്കെ നിങ്ങൾ ആൺ പെൺ വ്യത്യസമില്ലാതെ അപമാനിച്ചു കളയാം എന്നൊരു തോന്നലുണ്ട് എങ്കിൽ ഒന്നൂടി പറയുന്നു, നിങ്ങൾ എന്നെ എന്തൊക്കെ വിധത്തിൽ അപമാനപ്പെടുത്തി വിട്ടാലും അതിൽ തളരാൻ പോകുന്നില്ല. അല്ലെങ്കിൽ ചിലപ്പോൾ ഞാൻ ആദ്യം പറഞ്ഞത് പോലെ നിങ്ങളെന്നെയങ്ങു കൊന്ന് കളഞ്ഞേക്കണം. അവരോട് മിണ്ടിയതിന്റെ, ഈ പറഞ്ഞ ഫോട്ടോ എടുത്തതിൻ്റെ അപമാനമുണ്ട്. എന്നാലും ഒരിക്കലും ഞാൻ ഇങ്ങനെ പറയില്ല, എനിക്ക് ഇങ്ങനെയൊരു അനുഭവം അയാളിൽ നിന്ന്, അവളിൽ നിന്ന് ഉണ്ടായിട്ടില്ല അതുകൊണ്ട് ഞാൻ ഇതു വിശ്വസിക്കില്ല എന്ന്. ഇരയ്‌ക്കൊപ്പം തന്നെയാണ് ഏത് കാലത്തും.” ഷഹനാസ് കൂട്ടിച്ചേർത്തു.