
വിജയ് ചിത്രം ജനനായകന്റെ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലെ വാദത്തിനിടയിൽ ചിത്രത്തിന് 14 കട്ടുകൾ വേണമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി). ഇത് ഇടക്കാല നിർദേശം മാത്രമാണെന്നും അന്തിമ തീരുമാനമല്ലെന്നും ബോർഡ് കോടതിയോട് വ്യക്തമാക്കിയിട്ടുണ്ട്.
സിനിമറ്റോഗ്രാഫ് ആക്‌ടിലെ വകുപ്പുകൾ ഉദ്ധരിച്ചുകൊണ്ടാണ് സെൻസർ ബോർഡ് തങ്ങളുടെ വാദം കോടതിയിൽ ഉന്നയിച്ചത്. ജനനായകൻ റിവൈസിങ് കമ്മിറ്റിയിലേക്ക് അയക്കുമെന്ന് ജനുവരി ആറിന് നിർമാതാക്കളെ അറിയിച്ചുവെന്ന് ബോർഡ് കോടതിയിൽ ആവർത്തിച്ചു. കൂടാതെ ചിത്രത്തിന്റെ റിലീസ് തിയ്യതി മുൻകൂട്ടി തീരുമാനിച്ചതിനേയും ബോർഡ് ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. അഡീഷണൽ സോളിസിറ്റർ ജനറൽ എആർഎൽ സുന്ദരേശനാണ് സെൻസർ ബോർഡിനുവേണ്ടി ഹാജരായത്. സിബിഎഫ്‌സി ചെയർപേഴ്സൺ ജനനായകൻ്റെ കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.
ജനനായകനായി 500 കോടി ചെലവഴിച്ചുവെന്ന നിർമാതാക്കളുടെ അവകാശവാദത്തെ അദ്ദേഹം ചോദ്യം ചെയ്തു. മദ്രാസ് ഹൈക്കോടതിയിലെ ആദ്യകേസിൽ മറുപടി നൽകാൻ സെൻസർ ബോർഡിന് സമയം അനുവദിച്ചില്ലെന്ന് പറഞ്ഞുകൊണ്ടാണ് അഡീഷണൽ സോളിസിറ്റർ ജനറൽ വാദം അവസാനിപ്പിച്ചത്.
നിരവധി ചോദ്യങ്ങളായിരുന്നു കോടതി സെൻസർ ബോർഡിനോട് ചോദിച്ചത്. “റീജിയണല്‍ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ ആണോ സിനിമ കണ്ടത്?. ഇക്കാര്യത്തില്‍ വ്യക്തത വേണം. വിദഗ്ധ സമിതി സിനിമ കണ്ടതിന് ശേഷം തീരുമാനമെടുക്കാന്‍ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന് സമയബന്ധിതമായി കൈമാറിയോ?. സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഇതുവരെ തീരുമാനമെടുത്തില്ലല്ലോ?. നിര്‍മാതാക്കളുടെ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡിന് സാവകാശം ലഭിച്ചോ?. എന്നിങ്ങനെയായിരുന്നു കോടതിയുടെ ചോദ്യങ്ങൾ.