“ഒറ്റയ്ക്കല്ല എന്ന് തിരിച്ചറിഞ്ഞ നിമിഷമായിരുന്നു, ആ വേദി തന്ന ധൈര്യം ചെറുതല്ല”; ഭാവന

','

' ); } ?>

ഐഎഫ്എഫ്‌കെ വേദിയിലെത്തിയപ്പോള്‍ ലഭിച്ച സ്‌നേഹവും പിന്തുണയുമെല്ലാം വലിയ ആത്മവിശ്വാസം നല്‍കിയ സംഭവമാണെന്ന് തുറന്നു പറഞ്ഞ് നടി ഭാവ. അതുവരെ അദൃശ്യമായൊരു ചുമരിന് പിന്നിലെന്നത് പോലെ ജീവിക്കുകയായിരുന്നുവെന്നും, അടുത്ത സുഹൃത്തുക്കളോടു മാത്രമായിരുന്നു സംസാരിച്ചിരുന്നതെന്നും ഭാവന പറഞ്ഞു. കൂടാതെ താൻ ഒറ്റയ്ക്കല്ല എന്ന് തിരിച്ചറിഞ്ഞ നിമിഷമാണെന്നും, വേദി തനിക്കൊരുപാട് ധൈര്യം നൽകിയെന്നും ഭാവന കൂട്ടിച്ചേർത്തു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തി സംസാരിക്കുകയായിരുന്നു താരം.

“ഐഎഫ്എഫ്‌കെ എനിക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കിയത്. കാരണം, ഞാനൊരു കൊക്കൂണിന് ഉള്ളിലായിരുന്നു. അദൃശ്യമായൊരു ചുമരിന് പിന്നിലെന്നത് പോലെ ജീവിക്കുകയായിരുന്നു. അടുത്ത സുഹൃത്തുക്കളോടു മാത്രമായിരുന്നു സംസാരിച്ചിരുന്നത്. ഐഎഫ്എഫ്‌കെയിലേക്ക് ക്ഷണിച്ചപ്പോള്‍ വരുന്നില്ലെന്നാണ് ആദ്യം പറഞ്ഞത്. ഞാന്‍ വല്ലാതെ ധര്‍മസങ്കടത്തിലായിരുന്നു. എങ്ങനെയാണ് ആ തീരുമാനത്തിലെത്തിയതെന്ന് അറിയില്ല. വല്ലാത്ത ഉത്കണ്ഠയും ആശങ്കയുമെല്ലാം ഉണ്ടായിരുന്നു. ഇപ്പോഴും അറിയില്ല, ഞാന്‍ എങ്ങനെയാണ് അവിടെ എത്തിയതെന്ന്. പാല്‍പ്പറ്റേഷന്‍ നിയന്ത്രണാതീതമായിരുന്നു. അവര്‍ ഞാന്‍ വരുന്ന കാര്യം പുറത്ത് വിട്ടിരുന്നില്ല. വളരെ കുറച്ച് പേര്‍ക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ. പ്രത്യേകിച്ചും പൊതുജനത്തിന്. ഒരു സീക്രട്ട് മിഷന്‍ പോലെയായിരുന്നു. അവര്‍ വേറെ പേരിലായിരുന്നു ടിക്കറ്റൊക്കെ ബുക്ക് ചെയ്തിരുന്നത്. പേര് വിളിക്കുന്നത് കാത്ത് പിന്നില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ വിറയ്ക്കുകയായിരുന്നു. ബോധം കെട്ട് വീഴുമെന്ന് വരെ തോന്നി.” ഭാവന പറഞ്ഞു.

“ആ ജനക്കൂട്ടം, അവരുടെ കയ്യടികള്‍. അതേക്കുറിച്ച് സംസാരിക്കുമ്പോഴൊക്കെ എന്റെ കണ്ണുകള്‍ നിറയും. എല്ലാവരും എഴുന്നേറ്റ് നിന്നു. കയ്യടികളോടെ എന്നെ അവര്‍ വരവേറ്റു. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ആ നിമിഷം എനിക്ക് വളരെ വലുതാണ്. ഞാന്‍ ഒറ്റയ്ക്കല്ല എന്ന് തിരിച്ചറിഞ്ഞ നിമിഷമാണത്. ഒരുപാട് പേരുണ്ട് എന്റെ കൂടെ എന്ന് തിരിച്ചറിഞ്ഞു. ഞാനൊരു ഗുഹയ്ക്കുള്ളില്‍ ജീവിക്കുകയായിരുന്നു. സ്വയം സംരക്ഷിക്കുകയായിരുന്നു. അങ്ങനെയിരിക്കെയാണ് അതുപോലൊന്ന് സംഭവിക്കുന്നത്. ആ സംഭവം എനിക്ക് ഒരുപാട് ധൈര്യം നല്‍കി. അതില്‍ ഞാന്‍ അവരോട് കടപ്പെട്ടിരിക്കുന്നു. കണ്ണീര്‍ അടക്കിപ്പിടിച്ചാണ് അന്ന് ഞാന്‍ ആ വേദിയില്‍ നിന്നത്. രണ്ടോ മൂന്നോ വാക്കേ സംസാരിച്ചുള്ളൂ. സ്റ്റേജില്‍ നിന്നിറങ്ങിയതും ഞാന്‍ പൊട്ടിക്കരഞ്ഞു. മണിക്കൂറുകളോളം കരഞ്ഞു. മണിക്കൂറുകളോളം ഞാന്‍ കരഞ്ഞു. വര്‍ഷങ്ങളായി ഞാന്‍ കാത്തിരുന്ന, സ്‌നേഹവും കരുത്തും, പിന്തുണയുമെല്ലാം എന്നെ വികാരധീനയാക്കി. വളരെ വൈകാരികമായിരുന്നു. ഇതുപോലൊരു സംഭവത്തിലൂടെ കടന്നു പോകേണ്ടി വരികയും, ശേഷം അതുപോലൊരു പിന്തുണയും സ്‌നേഹം ലഭിക്കുകയും ചെയ്യുന്നത് എളുപ്പമല്ല. ജനങ്ങളോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു.” ഭാവന കൂട്ടിച്ചേർത്തു.

അതേ സമയം അനോമിയാണ് ഭാവനയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഭാവനയുടെ കരിയറിലെ തൊണ്ണൂറാമത് ചിത്രമാണ് അനോമി. റഹ്‌മാനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നവാഗതനായ റിയാസ് മാരാത്ത് ആണ് ‘അനോമി’ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഒരു സാധാരണ കുറ്റാന്വേഷണ സിനിമ എന്നതിലുപരി, പാരലൽ അന്വേഷണത്തിന്റെ സാധ്യതകളെ ഏറ്റവും ക്രിയേറ്റീവായി ഉപയോഗപ്പെടുത്തിയ സിനിമ കൂടിയായിരിക്കും ‘അനോമി‘. ബിനു പപ്പു, വിഷ്ണു അഗസ്ത്യ, അർജുൻ ലാൽ, ഷെബിൻ ബെൻസൺ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.