“മാന്യമായി തീർക്കേണ്ട കാര്യമാണ് ഹരീഷ് ഇത്രയും വഷളാക്കിയത്, ഒരാളെ നാറ്റിച്ച ശേഷം സോറി പറഞ്ഞിട്ട് കാര്യമില്ല”; ധർമജൻ ബോൾഗാട്ടി

','

' ); } ?>

നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയ്ക്കും പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ പണം നല്‍കാനുണ്ടെന്ന നടൻ ഹരീഷ് കണാരന്റെ പ്രസ്താവനയിൽ പ്രതികരിച്ച് നടൻ ധര്‍മജന്‍ ബോള്‍ഗാട്ടി. ‘ഹരീഷുമായി സംസാരിച്ചിരുന്നുവെന്നും പ്രശ്‌ന പരിഹാരമുണ്ടാക്കാമെന്ന് വാക്ക് നല്‍കിയിരുന്നതാണെന്നും’ ധര്‍മജന്‍ പറഞ്ഞു. എന്നാല്‍ അത് കേള്‍ക്കാന്‍ ഹരീഷ് കൂട്ടാക്കിയില്ല. ഇതാണ് പ്രശ്‌നം വഷളാക്കിയതെന്നും ധര്‍മജന്‍ കൂട്ടിച്ചേർത്തു. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തി സംസാരിക്കുകയായിരുന്നു ധർമജൻ.

”കടം വാങ്ങിയയാള്‍ എന്റെ കുടുംബ സുഹൃത്താണ്. ഇവിടെ ആരുടെ ജന്മദിനമുണ്ടെങ്കിലും രാത്രി പന്ത്രണ്ട് മണിക്ക് വന്ന് നമ്മളെ ഞെട്ടിക്കുന്ന ടീമാണ്. ഇത് വളരെ നയപരമായി തീര്‍ക്കാന്‍ പറ്റുന്നൊരു പ്രശ്‌നമായിരുന്നു. എന്റെ വീട്ടില്‍ വച്ച് നമുക്കിത് മാന്യമായി തീര്‍ക്കാം എന്ന് ഞാന്‍ അവനോട് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഒരു സിനിമ ഇറങ്ങാനുണ്ട്, അത് കഴിഞ്ഞ് വിശദീകരണം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ചില കാര്യങ്ങള്‍ സംസാരിച്ച് തീര്‍ക്കാന്‍ പറ്റും. എന്താണ് അവര്‍ക്കിടയില്‍ സംഭവിച്ചതെന്ന് അറിയില്ല. എന്റെ കാര്യം ഞാന്‍ നോക്കിക്കോളാം. നിന്റെ കാര്യം സംസാരിച്ച് എന്താണെന്ന് വച്ചാല്‍ ചെയ്യാമെന്ന് പറഞ്ഞ് വിട്ടതാണ്. പക്ഷെ അവന്‍ പോയി വീണ്ടും തുടങ്ങി. അതോടെ ഞാന്‍ വിട്ടു. നമ്മുടെ കയ്യില്‍ കിട്ടാണ്ടായി”. ധർമജൻ പറഞ്ഞു.

”ഒരാളെ നാറ്റിച്ച ശേഷം സോറി പറഞ്ഞിട്ട് കാര്യമില്ല. അദ്ദേഹത്തോടും ഞാന്‍ സംസാരിച്ചു. ഇനിയെന്താണ് ധര്‍മജാ, നമ്മളെ ആവശ്യത്തില്‍ കൂടുതല്‍ അപമാനിച്ചു. ആളുകളുടെ മുന്നില്‍ നാറ്റിച്ചു. ഇനി ഞാന്‍ പത്രസമ്മേളനം നടത്തി വ്യക്തമായ മറുപടി കൊടുത്തോളാം എന്നാണ് പറഞ്ഞത്. ഇനി അതില്‍ ഞാന്‍ എങ്ങനെ ഇടപെടാനാണ്. രണ്ടുഭാഗത്തും ഇങ്ങനെയാണല്ലോ.” ധർമജൻ കൂട്ടിച്ചേർത്തു

പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമായ ബാദുഷയ്‌ക്കെതിരെ നടന്‍ ഹരീഷ് കണാരന്‍ ഉന്നയിച്ച ആരോപണം വലിയ വിവാദമായിരുന്നു. തന്റെ പക്കല്‍ നിന്നും 20 ലക്ഷം രൂപ കടം വാങ്ങി തിരികെ നല്‍കിയില്ലെന്നും ചോദ്യം ചെയ്തതോടെ അവസരങ്ങള്‍ ഇല്ലാതാക്കിയെന്നുമായിരുന്നു ഹരീഷിന്റെ ആരോപണം. തന്നെപ്പോലെ തന്നെ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയ്ക്കും ബാദുഷ പണം നല്‍കാനുണ്ടെന്നും ഹരീഷ് ആരോപിച്ചിരുന്നു.