
കരൂർ ദുരന്തത്തിൽ നടൻ വിജയ് പ്രതി ചേർക്കപെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. നിലവിൽ ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് വിജയ് യെ രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയിരിക്കുകയാണ്. കേസിൽ ഫെബ്രുവരി രണ്ടാം വാരത്തോടെ സിബിഐ കുറ്റപത്രം സമർപ്പിക്കും. വിജയ്ക്കൊപ്പം തമിഴ്നാട് പോലീസിലെ എഡിജിപി ഉൾപ്പെടെയുള്ള രണ്ട് ഉന്നത ഉദ്യോഗസ്ഥരെയും കേസിൽ പ്രതിചേർത്തേക്കും. മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തേക്കുമെന്നാണ് സൂചന.
വിജയ്ക്ക് എതിരെ തമിഴ്നാട് പോലീസ് മൊഴി നൽകിയിട്ടുണ്ട്. റാലിയില്‍ പങ്കെടുക്കുന്ന ജനക്കൂട്ടത്തെപ്പറ്റി ടിവികെ നേതൃത്വം അറിയിപ്പ് നല്‍കിയിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. സിബിഐ സംഘത്തിന് മുന്നിലാണ് മൊഴി നല്‍കിയത്.
ജനുവരി 12-ന് നടന്ന ആദ്യഘട്ട ചോദ്യം ചെയ്യലിൽ വിജയ്ക്ക് മുൻപാകെ 90 ചോദ്യങ്ങളാണ് സിബിഐ ഉന്നയിച്ചിരുന്നത്. ഇതിൽ ചില കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് ഇപ്പോൾ വീണ്ടും ചോദ്യം ചെയ്യുന്നത്. നിശ്ചയിച്ചതിലും ഏഴ് മണിക്കൂറിലധികം വൈകി വിജയ് വേദിയിലേക്ക് എത്തിയത് എന്തുകൊണ്ട്?,വലിയ ആൾക്കൂട്ടവും തിരക്കുംമൂലം പ്രശ്നങ്ങളുണ്ടായിട്ടും അവിടെ പ്രസംഗം തുടർന്നത് എന്തുകൊണ്ട്?, തിരക്ക് ഒഴിവാക്കി ആളുകളെ പിരിച്ചുവിടാൻ ഒരു പാർട്ടി അധ്യക്ഷൻ എന്ന നിലയിലും സൂപ്പർ താരം എന്ന നിലയിലും വിജയ് എന്ത് നടപടികൾ സ്വീകരിച്ചു?, സംഭവത്തിന് ശേഷം എന്തുകൊണ്ടാണ് അടിയന്തരമായി ചെന്നൈയിലേക്ക് മടങ്ങിയത്? എന്നീ ചോദ്യങ്ങൾക്കാണ് വീണ്ടും വ്യക്തത വരുത്തുന്നത്.
അന്നത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി ഡേവിഡ്സൺ ദേവാശീർവാദം ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ മൊഴി സിബിഐ നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഈ പോലീസ് ഉദ്യോഗസ്ഥർ നൽകിയ മൊഴികളും വിജയ് നൽകുന്ന മൊഴികളും തമ്മിൽ ഒത്തുനോക്കുന്ന നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.