“വെറുപ്പു കാരണം നിങ്ങൾ അന്ധനായിപ്പോയി, നിങ്ങളോട് എനിക്ക് സഹതാപം തോന്നുന്നു”; എ ആർ റഹ്‌മാനെതിരെ കങ്കണ റണൗട്ട്

','

' ); } ?>

എ.ആർ റഹ്‌മാനെക്കാൾ മുൻവിധിയും വെറുപ്പുമുള്ള ഒരാളെ താൻ ഇതുവരെ കണ്ടിട്ടില്ലെന്ന് തുറന്നടിച്ച് നടിയും ബിജെപി എം.പിയുമായ കങ്കണ റണൗട്ട്. താൻ സംവിധാനം ചെയ്‌ത ‘എമർജെൻസി’ എന്ന സിനിമയ്ക്ക് സംഗീതം ചെയ്യാൻ എ.ആർ റഹ്‌മാൻ വിസമ്മതിച്ചുവെന്നും, തന്നെ കാണാൻ പോലും കൂട്ടാക്കിയില്ലെന്നും കങ്കണ പറഞ്ഞു. ബോളിവുഡിൽ അവസരങ്ങൾ കുറയുന്നതിനെതിരെയുള്ള ആർ റഹ്മാന്റെ പരാമർശം വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ് കങ്കണ രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം.

‘പ്രിയപ്പെട്ട എ.ആർ റഹ്‌മാൻ ജി, കാവി പാർട്ടിയെ പിന്തുണയ്ക്കുന്നതുകൊണ്ട് സിനിമാ മേഖലയിൽ പല മുൻവിധികൾക്കും വിവേചനങ്ങൾക്കും ഞാൻ പാത്രമായിട്ടുണ്ട്. പക്ഷേ നിങ്ങളേക്കാൾ കൂടുതൽ മുൻവിധിയും വെറുപ്പുമുള്ള ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. ഞാൻ സംവിധാനം ചെയ്ത ‘എമർജെൻസി’ എന്ന ചിത്രത്തെക്കുറിച്ച് നിങ്ങളോട് പറയണമെന്ന് ഞാൻ അതിയായി ആഗ്രഹിച്ചു. കഥ കേൾക്കുകപോയിട്ട് എന്നെ കാണാൻ പോലും നിങ്ങൾ കൂട്ടാക്കിയില്ല. ഒരു പ്രൊപ്പഗാണ്ട സിനിമയുടെ ഭാഗമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് എന്നോട് പറഞ്ഞു.” കങ്കണ കുറിച്ചു.

“വിരോധാഭാസമെന്നു പറയട്ടെ, എല്ലാ വിമർശകരും ‘എമർജെൻസി’ ഒരു മാസ്റ്റർപീസ് ആണെന്ന് വിലയിരുത്തി. പ്രതിപക്ഷ പാർട്ടി നേതാക്കൾ പോലും സിനിമയെ അഭിനന്ദിച്ചുകൊണ്ട് എനിക്ക് കത്തുകൾ അയച്ചു. പക്ഷേ നിങ്ങൾ വെറുപ്പു കാരണം അന്ധനായിപ്പോയി. നിങ്ങളോട് എനിക്ക് സഹതാപം തോന്നുന്നു.” കങ്കണ കൂട്ടിച്ചേർത്തു.

കഴിഞ്ഞ എട്ട് വർഷമായി ഹിന്ദി ചലച്ചിത്ര മേഖലയിലെ മാറ്റങ്ങൾ കാരണം അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നും, ഇതിൽ വർഗീയമായ കാരണങ്ങൾ ഉണ്ടായേക്കാമെന്നുമായിരുന്നു എ ആർ റഹ്മാൻ പറഞ്ഞിരുന്നത്. ബിബിസി ഏഷ്യൻ നെറ്റ് വർക്കിന് നൽകിയ അഭിമുഖത്തിലായിരുന്നു എ.ആർ. റഹ്മാന്റെ വിവാദ പ്രസ്താവന. ബോളിവുഡിലെ അധികാരഘടനയിൽ മാറ്റമുണ്ടായി. അധികാരത്തിലുള്ളവർ സർഗാത്മകതയില്ലാത്തവരാണ്. ചിലപ്പോൾ അതിന് പിന്നിൽ വർഗീയ മാനങ്ങളുമുണ്ടാവാമെന്നും റഹ്‌മാൻ പറഞ്ഞിരുന്നു. ഇതാണ് പിന്നീട് ചർച്ചകൾക്ക് വഴിവെച്ചത്. ബിബിസിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു റഹ്മാന്റെ പ്രസ്താവന.