
നിവിൻ പോളി ചിത്രം ബേബി ഗേളിൽ അഭിനയിക്കുമ്പോൾ നല്ല പേടിയുണ്ടായിരുന്നെന്ന് തുറന്നു പറഞ്ഞ് നടൻ അഭിമന്യു ഷമ്മി തിലകൻ. താനൊരു നിവിൻ പോളി ഫാനാണെന്നും, അദ്ദേഹത്തിന്റെ കൂടെ സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും അഭിമന്യു പറഞ്ഞു. കൂടാതെ അത്യാവശ്യം ടഫായിട്ടുള്ള കഥാപാത്രമായിരുന്നു തന്റേതെന്നും അഭിമന്യു കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ സംസാരിക്കുകയായിരുന്നു താരം.
“ബേബി ഗേളിലേക്ക് എന്നെ വിളിക്കുന്നത് ലിസ്റ്റിൻ ചേട്ടനാണ്. എന്റെ ആദ്യത്തെ സിനിമ ഇറങ്ങി ഒരു മാസം കഴിഞ്ഞപ്പോൾ ലിസ്റ്റിൻ ചേട്ടൻ എന്നെ വിളിച്ചു. അങ്ങനെ കഥ കേട്ടു. കഥ കേട്ടപ്പോൾ തന്നെ എളുപ്പമുള്ള കഥയല്ല എന്ന് എനിക്ക് തോന്നിയിരുന്നു. അത്യാവശ്യം ടഫ് ആയിട്ടുള്ള കഥാപാത്രമാണ്. നല്ലൊരു അനുഭവമായിരുന്നു. ഞാനൊരു വലിയ നിവിൻ പോളി ഫാൻ ആണ്. അദ്ദേഹത്തിന്റെ കൂടെ സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എനിക്ക് നല്ല പേടിയുണ്ടായിരുന്നു.” അഭിമന്യു പറഞ്ഞു.
“ഇത് ഒരു ദിവസം നടക്കുന്ന ഒരു കഥയാണ്. അതുകൊണ്ട് തന്നെ നന്നായി ശ്രദ്ധിക്കണം. എല്ലാ ദിവസവും ഷേവ് ചെയ്യണം. രാത്രി വരെയൊക്കെ ഷൂട്ട് ഉണ്ടായിരുന്നു.അതുകൊണ്ട് തന്നെ ഉറക്കത്തിന്റെ ഒരു ബുദ്ധിമുട്ട് ഒക്കെ ഉണ്ടായിട്ടുണ്ട്. പിന്നെ ഞാൻ ഒറ്റയ്ക്ക് അല്ലല്ലോ, എല്ലാവരും ഒന്നിച്ച് ഒരു എനർജിയായിട്ട് ചെയ്യുന്നതു കൊണ്ട് വലിയ പ്രശ്നമുണ്ടായില്ല.” അഭിമന്യു കൂട്ടിച്ചേർത്തു.
അരുൺ വർമ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബേബി ഗേൾ’. നിവിൻ പോളി നായകനായെത്തുന്ന ചിത്രത്തിന്റെ ട്രെയ്‍ലറും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മികച്ച സ്വീകാര്യതയാണ് ട്രെയ്‌ലറിന് സാമൂഹിക മാധ്യമങ്ങളിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. നടൻ അഭിമന്യു ഷമ്മി തിലകനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ബേബി ഗേൾ നിർമിച്ചിരിക്കുന്നത്.
ലിജോ മോൾ, സംഗീത് പ്രതാപ്, ജാഫർ ഇടുക്കി, അസീസ് നെടുമങ്ങാട് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സാം സി എസ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ജനുവരി 23 ന് ചിത്രം തിയറ്ററുകളിലെത്തും.