
പ്രേം നസീറിന്റെ കുടുംബാംഗങ്ങളുടെയും പ്രേം നസീർ ഫൗണ്ടേഷന്റെയും സാന്നിധ്യത്തിൽ തനിക്ക് ലഭിച്ച ഉപഹാരം ‘കാവ്യനീതി’യാണെന്ന് നടൻ ടിനി ടോം. തന്നെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചവർക്ക് കാലം നൽകിയ മറുപടിയാണ് ഈ അംഗീകാരമെന്നും ടിനി ടോം പറഞ്ഞു. പ്രേം നസീറിനെ അപമാനിച്ചു എന്ന വിവാദത്തിൽ തനിക്കെതിരെ രംഗത്തുവന്നവർക്ക് മറുപടിയായിട്ടായിരുന്നു ടിനി ടോമിന്റെ പ്രതികരണം.
“കാവ്യ നീതി. നസീർ സാറിനെ അവഹേളിച്ചു എന്ന് പറഞ്ഞു എന്റെ ഇന്റർവ്യൂ കാണാത്ത ജനങ്ങളെ മുഴുവൻ തെറ്റിദ്ധരിപ്പിച്ച ആ ഒരൊറ്റ ദുഷ്ട ശക്തിക്കു കാലം അല്ലെങ്കിൽ ദൈവം കരണത്തു തന്നെ മറുപടി കൊടുത്തു. ആദ്യം നന്ദി ഒരൊറ്റ സിനിമകാര് പോലും എന്നെ തെറ്റിദ്ധരിക്കാതിരുന്നതിനു, പിന്നേ നസീർ സാറിന്റെ അടുത്ത ബന്ധുക്കളും നസീർ ഫൌണ്ടേഷൻ പ്രസിഡൻ്റ് ആയ മേനക സുരേഷേട്ടനും, ഫൈസൽ ഇക്കയ്ക്കും അബ്ദുള്ള ഇക്കയ്ക്കും പിന്നേ പ്രേംനസീർ കൊച്ചി ചാപ്റ്ററിലെ മമ്മിക്കയ്ക്കും.” ടിനി ടോം പറഞ്ഞു.
“നസീർ സാറിന്റെ സ്വന്തം സഹോദരിയുടെ മകളുടെ സാന്നിധ്യത്തിൽ എനിക്ക് കിട്ടിയ ഉപഹാരം എൻ്റെ ജീവിതത്തിൽ എന്റെ ദൈവ വിശ്വാസത്തിനു കിട്ടിയ സമ്മാനം ആകുന്നു. ദൈവത്തിനു സ്തുതി.” ടിനി ടോം കൂട്ടിച്ചേർത്തു.
നസീർ ഫൗണ്ടേഷന്റെ കൊച്ചി ചാപ്റ്റർ സംഘടിപ്പിച്ച ചടങ്ങിലാണ് ടിനി ടോം പങ്കെടുത്തത്.